ബാബരി മസ്ജിദ് തകർത്തിട്ട് 27 വർഷം; എങ്ങുമെത്താതെ വിചാരണ- ചോദ്യമുനയിൽ ഭരണകൂടം

കേസിൽ 2020ൽ വിധി പറയാനാകുമെന്നാണ് കോടതി പ്രതീക്ഷിക്കുന്നത്. കാര്യങ്ങൾ നല്ല രീതിയിൽ പോകുകയാണെങ്കിൽ ഇത് സാദ്ധ്യമാകും. എന്നാൽ, നിലവിലെ കേസിന്റെ വിചാരണ അനുസരിച്ച് 2020തോടെ തീർപ്പുകൽപ്പിക്കുക പ്രയാസമാകുമെന്നും സുചനയുണ്ട്

ബാബരി മസ്ജിദ് തകർത്തിട്ട് 27 വർഷം; എങ്ങുമെത്താതെ വിചാരണ- ചോദ്യമുനയിൽ ഭരണകൂടം

ലഖ്‌നൗ: അയോദ്ധ്യ തർക്ക ഭൂമി കേസിൽ സുപ്രിം കോടതി തീർപ്പു കൽപ്പിച്ചതിന് പിന്നാലെ ചോദ്യമുയർന്ന മറ്റൊരു കേസാണ് ബാബരി മസ്ജിദ് തകർത്ത കേസ്. 1992 ഡിസംബർ ആറിനാണ് അയോദ്ധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്നത്. രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അയോദ്ധ്യ തർക്ക ഭൂമി കേസിൽ സുപ്രിം കോടതി വിധി വരുമ്പോൾ അതേ അളവിൽ തന്നെ സുപ്രധാനമായ ബാബരി മസ്ജിദ് തകർത്ത കേസിന്റെ വിചാരണ നീളുന്നതാണ് ചോദ്യമുയരാൻ കാരണം.

ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരടക്കം 32 ഉന്നതരാണ് ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികൾ. 2017 ഏപ്രിൽ 19ന് സുപ്രിം കോടതി ഈ കേസുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. കേസ് ദൈനംദിന അടിസ്ഥാനത്തിൽ കേൾക്കുമെന്നും ഈ കേസ് കേൾക്കുന്ന ജഡ്ജിനെ വിധി വരുന്നതുവരെ ട്രാൻസ്ഫർ ചെയ്യില്ലെന്നുമായിരുന്നു സുപ്രിം കോടതിയുടെ പ്രഖ്യാപനം.

എന്നാൽ, അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്ത് 27 വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് ഇപ്പോഴും ഒച്ചിന്റെ വേഗതയിലാണ് ഇഴയുന്നത്. തെളിവുകൾ നിരത്തുന്ന ഘട്ടത്തിലാണ് ഇപ്പോഴും കേസ് ഉള്ളത്. ഇതിന്റെ വിചാരണയാകട്ടെ ആരും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകുന്നുമുണ്ട്.

കേസിൽ സി.ബി.ഐ സമഗ്രമായ കുറ്റപത്രം ഫയൽ ചെയ്തിട്ടും വിചാരണ നീണ്ടുപോയി. വിചാരണ പുനരാരംഭിച്ചപ്പോൾ കേസിലെ പല സാക്ഷികളെയും കണ്ടെത്താനായില്ല. മാത്രമല്ല, മറ്റുള്ളവർ കോടതിയിൽ ഹാജരാകാൻ തയ്യാറായതുമില്ല. ഇതേത്തുടർന്ന് കാലക്രമേണ ധാരാളം തെളിവുകൾ ഇല്ലാതായി.

കഴിഞ്ഞ നാല് വർഷമായി കേസിൽ വാദം കേൾക്കുന്ന ജഡ്ജ് എസ്.കെ യാദവ് 2019 സെപ്തംബർ 30ന് വിരമിക്കേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് സുപ്രിം കോടതി അദ്ദേഹത്തിന്റെ കാലാവദി വിധി പ്രസ്താവിക്കുന്നതുവരെ നീട്ടി നൽകി. 2020 ഏപ്രിലിൽ വിധി പറയാനാകുമെന്നാണ് അദ്ദേഹം കരുതുന്നത്.

രണ്ട് എഫ്.ഐ.ആർ, രണ്ട് കോടതി പിന്നെ വർഷങ്ങളുടെ താമസവും

ബാബരി മസ്ജിദ് തകർത്ത കേസിൽ പൊലീസ് രണ്ട് എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തത്. ആദ്യത്തേത് കേസ് നമ്പർ 192/92ആണ്. ചുറ്റികയും മഴുവും കൊണ്ട് ബാബരി മസ്ജിദിന് മുകളിൽ കയറിയ ലക്ഷക്കണക്കിന് കർസേവകരാണ് ഈ കേസിലെ പ്രതികൾ.

രണ്ടാമത്തേത്ത് കേസ് നമ്പർ 198/92 ആണ്. ബി.ജെ.പിക്കാരായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, വിശ്വഹിന്ദ് പരിഷദ് നേതാക്കളായ അശോക് സിങ്കാൾ, ഗിരിരാജ് കിഷോർ, വിഷ്ണു ഹരി ദാൽമിയ, സാധ്വി റിതമ്പര എന്നിവരെ പ്രതികളാക്കി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആണിത്. ഇതിൽ ദാൽമിയ, കിഷോർ, സിങ്കാൾ എന്നിവർ മരിച്ചു. ബാബരി മസ്ജിദ് തകർത്ത ദിവസം മാദ്ധ്യമപ്രവർത്തകർക്കു നേരെയുണ്ടായ ആക്രമണത്തിൽ 47 ലധികം എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തത്.

സി.ബി.ഐയും ഉത്തർപ്രദേശ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും (സി.ഐ.ഡി) തമ്മിൽ കേസ് വിഭജിക്കുന്നിടത്താണ് ആദ്യത്തെ പ്രശ്‌നം ഉടലെടുത്തത്. കർസേവകർക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ 197 സി.ബി.ഐക്ക് കൈമാറി. അതേസമയം, ബി.ജെ.പി, വി.എച്ച്.പി നേതാക്കൾക്കെതിരായ എഫ്.ഐ.ആർ 198 കൈമാരിയത് സി.ഐ.ഡിയ്ക്കായിരുന്നു. 1993 ഓഗസ്റ്റ് 27നാണ് യു.പി സർക്കാരിൽ നിന്ന് ബാബരി മസ്ജിദ് തകർത്ത എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുത്തത്.

പിന്നീട് 1993 ഒക്ടോബർ അഞ്ചിന് എട്ട് നേതാക്കൾ ഉൾപ്പെടെ 40 പേർക്കെതിരെയുള്ള കുറ്റപത്രം സി.ബി.ഐ സമർപ്പിച്ചു. രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷം 1996 ജനുവരി 10നാണ് സി.ബി.ഐ ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചന, ആസൂത്രിതമായ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് നാലു വർഷക്കാലം കേസിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

പിന്നീട് 2001 ഫെബ്രുവരി 12ന് അലഹബാദ് ഹൈക്കോടതി അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, മുൻ ഉത്തർപ്രദേശ് മുഖ്യന്ത്രി കല്യൺ സിങ് തുടങ്ങിയവർക്കെതിരായ ഗൂഢാലോചനാ കുറ്റം തള്ളി. ഇത് സി.ബി.ഐയുടെ കേസ് ദുർബലമാക്കി.

പിന്നീട് മെയ് നാലിന് ലഖ്നൗവിലെ പ്രത്യേക കോടതി 197, 198 എന്നീ എഫ്.ഐ.ആർ വിഭജിച്ചു. 21 പ്രതികളെ റായ് ബറേലിയിൽ വിചാരണ ചെയ്യുമെന്നും മറ്റ് 27 പേരെ ലഖ്നൗവിൽ വിചാരണ ചെയ്യുമെന്നും പ്രസ്താവിച്ചു.ക്രിമിനൽ ഗൂഢാലോചനക്കുറ്റം ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.

2003 ജൂലൈയിൽ സി.ബി.ഐ അദ്വാനിക്കെതിരായ ക്രിമിനൽ ഗൂഢാലോചനക്കുറ്റം പിൻവലിക്കുകയും റായ് ബറേലി കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2010 വരെ രണ്ട് കേസുകളും രണ്ട് പ്രത്യേക കോടതികളിൽ വാദിച്ചു. 2011ൽ എല്ലാ കേസുകളിലേയും വിചാരണ ലഖ്‌നൗവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

കേസിൽ 2020ൽ വിധി പറയാനാകുമെന്നാണ് കോടതി പ്രതീക്ഷിക്കുന്നത്. കാര്യങ്ങൾ നല്ല രീതിയിൽ പോകുകയാണെങ്കിൽ ഇത് സാദ്ധ്യമാകും. എന്നാൽ, നിലവിലെ കേസിന്റെ വിചാരണ അനുസരിച്ച് 2020തോടെ തീർപ്പുകൽപ്പിക്കുക പ്രയാസമാകുമെന്നും സുചനയുണ്ട്.

Read More >>