ബാബരി മസ്ജിദ് തകർത്ത സംഭവം: ബി.ജെ.പി നേതാവ് കല്യാൺ സിങ്ങിന് സമൻസ്

ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, എം.എം ജോഷി, ഉമാ ഭാരതി എന്നിവരടക്കമുള്ള പ്രതികളെ വിചാരണ നടത്തുകയാണ് കോടതി

ബാബരി മസ്ജിദ് തകർത്ത സംഭവം: ബി.ജെ.പി നേതാവ് കല്യാൺ സിങ്ങിന് സമൻസ്

ലഖ്‌നൗ: ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ ബി.ജെ.പി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങിന് സി.ബി.ഐ പ്രത്യേക കോടതിയുടെ സമൻസ്. സെപ്തംബർ 27ന് മുമ്പ് കോടതിയിൽ ഹാജരാകണമെന്ന് കാണിച്ചാണ് സമൻസ്.

അയോദ്ധ്യയിലെ തർക്ക ഭൂമിയിലെ പള്ളി പൊളിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, എം.എം ജോഷി, ഉമാ ഭാരതി എന്നിവരടക്കമുള്ള പ്രതികളെ വിചാരണ നടത്തുകയാണ് കോടതി.

രാജസ്ഥാൻ ഗർണറായിരുന്ന കല്യാൺ സിങ്ങിന്റെ കാലാവധി ഈ മാസം ആദ്യ വാരം അവസാനിച്ചുവെന്ന് ബാർ അസോസിയേഷൻ അംഗങ്ങൾ നൽകിയ സൂചനയനുസരിച്ച് പ്രത്യേക ജഡ്ജ് എസ്.കെ യാദവ് ശനിയാഴ്ച സി.ബി.ഐ സെപ്തംബർ ഒൻപതിന് നൽകിയ അപേക്ഷയിൽ ഉത്തരവിടുകയായിരുന്നു.

1992ൽ ബാബരി മസ്ജിദ് തകർത്ത സമയം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് അഞ്ച് വർഷത്തെ ഗവർണർ പദവി അവസാനിച്ചതോടെ സെപ്തംബർ ഒൻപതിന് ബി.ജെ.പിയിൽ തിരിച്ച് പ്രവേശിച്ചിരുന്നു. കല്യാൺ സിങ്ങിന്റെ ഗവർണർ കാലാവധി അവസാനിച്ച രേഖകൾ സമർപ്പിക്കാൻ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. എന്നാൽ, ആസ്ഥനത്തുനിന്ന് രേഖകൾ കിട്ടിയില്ലെന്ന് പറഞ്ഞ് സി.ബി.ഐ സമയം ചോദിച്ചിരുന്നു. ഇതേത്തുടർന്ന് ബാർ അസോസിയേഷൻ അംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതി കല്യാൺ സിങ്ങിനെതിരെ സമൻസ് അയക്കുകയായിരുന്നു. കല്യാൺ സിങ്ങിനെതിരെ 1993ൽ കുറ്റപത്രം സമർപ്പിച്ചിരുന്നതായി സി.ബി.ഐ പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം ഗവർണർമാർക്ക് അനുവദിച്ച ഭരണഘടനാപരമായ അധികാരം മൂലം കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ സാധിക്കില്ലെന്ന് സുപ്രിം കോടതി 2017 ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗവർണറായി സ്ഥാനമൊഴിഞ്ഞയുടനെ സിങ്ങിനെ വിചാരണയ്ക്കായി വിളിപ്പിക്കാൻ സി.ബി.ഐക്ക് സുപ്രിം കോടതി അനുമതി നൽകുകയാണ് ചെയ്തത്. കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ്.

Read More >>