370-ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രപരമായ നടപടി: കരസേനാ മേധാവി എംഎം നരവനെ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മുകശ്മീരിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടിയാണ്.

370-ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രപരമായ നടപടി: കരസേനാ മേധാവി എംഎം നരവനെ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് പുതിയ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. സേനാ ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന മജസ്റ്റിക് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു സേനാ മേധാവി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മുകശ്മീരിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടിയാണ്. ഈ നടപടി പടിഞ്ഞാറന്‍ അയല്‍രാജ്യത്തെയും അവരുടെ പ്രതിനിധികളുടെ ആസൂത്രണങ്ങളെയും പ്രതികൂലമായാണ് ബാധിച്ചത്. തീവ്രവാദം വച്ചുപൊറുപ്പിക്കില്ല. തീവ്രവാദം തടയുന്നതിന് സൈന്യത്തിന്റെ പക്കല്‍ അനുയോജ്യമായ നിരവധി മാര്‍ഗങ്ങളുണ്ടെന്നും അത് ഉപയോഗിക്കുന്നതില്‍ വിമുഖത കാണിക്കില്ലെന്നും പറഞ്ഞു.

കരസേന മേധാവി ജനറല്‍ നരവനെക്ക് പുറമെ വ്യോമ സേനാ മേധാവി ആര്‍കെഎശ് ബദുരിയ, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 2019 ആഗസ്റ്റ് 5നാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.

സംസ്ഥാന പദവി ഒഴിവാക്കിയ കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്തത്. ജമ്മു-കശ്മീരില്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് ഇനി ഭരണം നടത്തുക. സുരക്ഷാ ചുമതല കേന്ദ്രത്തിനായിരിക്കും. എന്നാല്‍ ലഡാക്ക് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശമായിരിക്കും.

Next Story
Read More >>