'ഞങ്ങളുടെ ആത്മാർഥമായ ഈ സംഭാവന സ്വീകരിക്കുക': ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റ് അയച്ചു കൊടുത്ത് ബിജെപി

ആമസോണില്‍ നിന്നും ഷേവിങ് സെറ്റ് ഓര്‍ഡര്‍ ചെയ്തതിന്‍റെയും അത് എത്തിക്കാൻ കശ്മിരിലെ ഒമറിന്റെ മേൽവിലാസം നൽകിയതിന്റെയും സ്‌ക്രീൻ ഷോട്ടും ഇവർ ട്വീറ്റിനൊപ്പം പങ്കുവച്ചു.

ന്യൂഡൽഹി: ജമ്മു കശ്മിരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കേന്ദ്രസർക്കാർ തടവിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രം അടുത്തിടെ സാമൂഹ്യ മാദ്ധ്യമത്തിൽ പ്രചരിച്ചതിനു പിന്നാലെ പരിഹാസവുമായി ബിജെപി. താടിയും മുടിയും വളർന്ന രൂപത്തിലുള്ള അദ്ദേഹത്തിന് ഷേവിങ് സെറ്റ് അയച്ചു കൊടുത്താണ് ബിജെപിയുടെ പരിഹാസം. ബിജെപി തമിഴ്‌നാട് ഘടകമാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ആമസോണില്‍ നിന്നും ഷേവിങ് സെറ്റ് ഓര്‍ഡര്‍ ചെയ്തതിന്‍റെയും അത് എത്തിക്കാൻ കശ്മിരിലെ ഒമറിന്റെ മേൽവിലാസം നൽകിയതിന്റെയും സ്‌ക്രീൻ ഷോട്ടും ഇവർ ട്വീറ്റിനൊപ്പം പങ്കുവച്ചു.

'പ്രിയ ഒമർ അബ്ദുല്ല, നിങ്ങളുടെ അഴിമതിക്കാരായ മിക്ക സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളെ ഇതുപോലെ കാണുന്നത് വളരെ നിരാശാജനകമാണ്. ദയവായി ഞങ്ങളുടെ ആത്മാർഥമായ ഈ സംഭാവന സ്വീകരിക്കുക. ഇക്കാര്യത്തിൽ കൂടുതൽ സഹായത്തിനായി നിങ്ങളുടെ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കരുത്.'-ട്വീറ്റില്‍ പറയുന്നു.

ഒമർ അബ്ദുള്ളയടക്കമുള്ള നേതാക്കളെ കശ്മീരിൽ വീട്ടുതടങ്കലിലാക്കിയിട്ട് ആറു മാസം പിന്നിടുകയാണ്. ഇതിനിടെയാണ് തടങ്കലിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ രണ്ടാമത്തെ ചിത്രം പുറത്തുവന്നത്.

റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നൽകിയിരുന്നു. ഇതിനു പകരമെന്നോണമാണ് ബിജെപിയുടെ നീക്കം.


Next Story
Read More >>