മലയാള സിനിമയുടെ ഏട്ടന് ഇന്ന് പിറന്നാൾ

പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം.

മലയാള സിനിമയുടെ ഏട്ടന് ഇന്ന് പിറന്നാൾ

തിരുവനന്തപുരം: മലയാളത്തിലെ നടനവിസ്മയം മോഹൻലാലിന് ഇന്ന് 59ാം പിറന്നാൾ. സ്വഭാവിക അഭിനയംകൊണ്ടും വൈകാരിക മൂഹൂർത്തങ്ങൾ കൊണ്ടും മലയാള സിനിമയെ അമ്പരിപ്പിച്ച മോഹൻലാൽ ആരാധകർക്ക് എന്നും ലാലേട്ടനാണ്. നാലു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞ നിരവധി കഥാപാത്രങ്ങളാണ് ഈ മഹാനടൻ സമ്മാനിച്ചിരിക്കുന്നത്.

നാലുപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ ബോക്‌സോഫീസിൽ റെക്കോഡുകളുടെ പുതുചരിത്രം കുറിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയാണ്.

ദൃശ്യം, ഒപ്പം, പുലിമുരുകൻ ഇപ്പോൾ ഇതാ ലൂസിഫറും ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിക്കുന്നതിനിടെയാണ് പ്രിയ താരത്തിന്റെ പിറന്നാളെത്തുന്നത്. ലൂസിഫറിന്റെ വിജയാഘോഷത്തിനിടെ എത്തുന്ന ഈ പിറന്നാൾ വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.

പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് മലയാളസിനിമയുടെ താരരാജാവായി വളരുകയായിരുന്നു. 1978ൽ പുറത്തിറങ്ങിയ 'തിരനോട്ടം' എന്ന സിനിമയാണ് പ്രായഭേദമന്യേ ആരാധകർ 'ലാലേട്ടൻ' എന്ന് വിളിക്കുന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ വെള്ളിത്തിരയിലെ ആദ്യ സിനിമ.

ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ മലയാളസിനിമക്ക് പുതിയൊരു താരത്തെ ലഭിച്ചു. വില്ലൻ വേഷത്തിൽ എത്തിയ മോഹൻലാൽ ആരാധകരുടെ പ്രിയങ്കരനായി മാറുന്നതാണ് പിന്നീട് കണ്ടത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂർവം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.

1980-1990കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തി. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്‌ക്കാരവും 2019 ൽ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു.

2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻറ് കേണൽ പദവിയും നൽകി. ഈ പിറന്നാൾ മോഹൻലാലിനെയും ലാലേട്ടന്റെ ആരാധകരെയും സംബന്ധിച്ചിടത്തോളം സ്‌പെഷ്യലാണ്. ലൂസിഫറിലൂടെ ഒരു മലയാള സിനിമ ആദ്യമായി 200 കോടി ക്ലബിൽ ഇടംനേടിയെന്നത് മാത്രമല്ല, മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്നുവെന്ന വാർത്തയും ദിവസങ്ങൾക്ക് മുമ്പാണ് എത്തിയത്. മലയാളസിനിമയുടെ 'ലൂസിഫറിന്' പിറന്നാളാശംസകൾ നേരുന്ന തിരക്കിലാണ് മലയാള സിനിമാലോകം.

Read More >>