ആയുര്‍വേദം തുണച്ചു; തളരാതെ തയ്യല്‍ക്കാരി

തയ്യല്‍ മെഷിന്‍ ചവിട്ടിക്കറക്കി ജീവിതം മുന്നോട്ട് ഓടിക്കുന്നതിനിടെയാണ് മുണ്ടക്കയം വെട്ടിക്കിഴക്കേതില്‍ ജോബിയുടെ ഭാര്യ ഹണി (34) അരയ്ക്ക് താഴെ തളര്‍ന്ന് വീണത്. ആധുനിക വൈദ്യശാസ്ത്രം തോറ്റു മടങ്ങിയിടത്താണ് ആയുര്‍വേദം ഹണിക്ക് തുണയായത്. സുഷ്മന നാഡിയില്‍ സെറിബല്ലം ചുരുങ്ങുന്ന അപൂര്‍വ അവസ്ഥയാണ് വൈദ്യശാസ്ത്രം ഹണിയില്‍ കണ്ടെത്തിയത്.

ആയുര്‍വേദം തുണച്ചു; തളരാതെ തയ്യല്‍ക്കാരിചുവട് വച്ച് ഹണി

തൊടുപുഴ : അപൂര്‍വ രോഗം അരയ്ക്ക് താഴെ തളര്‍ത്തിയ തയ്യല്‍ക്കാരിയുടെ ജീവിതം ആയുര്‍വേദത്തിന് തണലില്‍ തളിര്‍ക്കുന്നു.

തയ്യല്‍ മെഷിന്‍ ചവിട്ടിക്കറക്കി ജീവിതം മുന്നോട്ട് ഓടിക്കുന്നതിനിടെയാണ് മുണ്ടക്കയം വെട്ടിക്കിഴക്കേതില്‍ ജോബിയുടെ ഭാര്യ ഹണി (34) അരയ്ക്ക് താഴെ തളര്‍ന്ന് വീണത്. ആധുനിക വൈദ്യശാസ്ത്രം തോറ്റു മടങ്ങിയിടത്താണ് ആയുര്‍വേദം ഹണിക്ക് തുണയായത്. സുഷ്മന നാഡിയില്‍ സെറിബല്ലം ചുരുങ്ങുന്ന അപൂര്‍വ അവസ്ഥയാണ് വൈദ്യശാസ്ത്രം ഹണിയില്‍ കണ്ടെത്തിയത്. സെറിബെല്ലത്തിന്റെ ഒരു ഭാഗം വളര്‍ന്നു സുഷുമ്‌നാ നാഡിയിലേയ്ക്ക് കൂടിച്ചേരുന്ന അര്‍ണോള്‍ഡ് ചിയേരി മല്‍ഫോര്‍മേഷന്‍ എന്ന അവസ്ഥയും അതിനെ തുടര്‍ന്ന് സുഷുമ്‌ന നാഡിയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സിറിഞ്ചോമൈലിയ എന്ന അവസ്ഥയും രൂപാന്തരപ്പെട്ടു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പെടെ നാലു തവണ നടത്തിയ സര്‍ജറികള്‍ക്കൊടുവില്‍ അരയ്ക്കു കീഴ്ഭാഗം തളര്‍ന്നു. ഒടുവില്‍ തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിലുള്ള പഞ്ചകര്‍മ്മ ചികിത്സയും ചിട്ടയാര്‍ന്ന ഫിസിയോ തെറാപ്പിയും ഹണിയെ രണ്ടു വര്‍ഷത്തിനു ശേഷം ജീവിതത്തിലേയ്ക്ക് തിരികെ നടത്തിക്കുകയായിരുന്നു.

നട്ടെല്ലില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് തലച്ചോറിലെ സെറിബല്ലം സുഷ്മന നാഡിയിലേയ്ക്ക് ചുരുങ്ങുന്ന അപൂര്‍വ രോഗമായ സിറിബോമൈലിയ, ഹൈഗ്രോമ, മെനിജ്ഞോസില്‍ എന്നിവ ഒരുമിച്ചാണ് ഹണിയെ ബാധിച്ചത്. ചികിത്സകള്‍ മാറി മാറി നടത്തിയെങ്കിലും അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായി. ഒടുവില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ്മ ചികിത്സയിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞാണ് മൂന്നു മാസം മുന്‍പ് ഇവിടെയെത്തിയത്. പഞ്ചകര്‍മ്മയ്‌ക്കൊപ്പം തൊടുപുഴ റിലീഫ് ഫിസിയോ തെറാപ്പി സെന്ററിലെ ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാറിന്റെ മേല്‍നോട്ടത്തിലുള്ള ചിട്ടയായ തെറാപ്പിയും ഹണിയെ ചുവടു വയ്ക്കാന്‍ സഹായിച്ചു. നിലവില്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ ഹണി ചുവടു വയ്ക്കും.

തുടര്‍ ചികിത്സ വഴി ഹണി ഒരു വര്‍ഷത്തിനുള്ളില്‍ ആരോഗ്യവതിയായി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സതീഷ് വാര്യര്‍ തത്സമയത്തോട് പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഭര്‍ത്താന് ജോബിയുടെ തുശ്ച വേതനമാണ് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ചികിത്സകള്‍ക്കായി ഇതു വരെ നല്ലൊരു തുക ചിലവിട്ടു. നല്ലൊരു തയ്യല്‍ക്കാരി കൂടിയായ ഹണിയെ ഉപജീവനമായ തൊഴിലിലേയ്ക്ക് തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഒന്നടങ്കം.

അപൂര്‍വ രോഗം ബാധിച്ച് ജീവിതത്തോട് മല്ലടിച്ച നിരവധി സാധു ജനങ്ങളെ ജീവിതത്തില്‍ തിരികെ എത്തിച്ച തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ഇതു ഒരു പൊന്‍തൂവല്‍ കൂടി ആയി മാറി.

Read More >>