ഏകാന്തതയുടെ 13 വര്‍ഷങ്ങള്‍!

68 വര്‍ഷമായി ദ്വീപില്‍ താമസിക്കുന്ന ജോസഫ് ഒറ്റക്കായിട്ട് പതിമൂന്നു വര്‍ഷം പിന്നിടുകയാണ്. തലമുറകളായി ജോസഫിന്റെ കുടുംബം താമസിച്ചിരുന്നത് മുറിക്കല്‍ ദ്വീപിലാണ്. സഹോദരങ്ങളുള്‍പ്പടെ പതിനൊന്ന് പേരടങ്ങുന്ന കുടുംബമായിരുന്നു ജോസഫിന്റേത്. മാതാപിതാക്കളുടെ മരണശേഷം സഹോദരങ്ങളെല്ലാം എറണാകുളം നഗരത്തിലേക്കു താമസം മാറി. അതോടെ ജോസഫും ഭാര്യയും രണ്ടു മക്കളും മാത്രമായി ദ്വീപില്‍. മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഭാര്യക്കും ദ്വീപില്‍ താമസിക്കാന്‍ താല്‍പ്പര്യമില്ലാതായി

ഏകാന്തതയുടെ 13 വര്‍ഷങ്ങള്‍!

പി.എസ് അനന്ദു

ഏകാന്തത! മനുഷ്യനെ ഇത്രമേല്‍ വിരസതയിലേക്കും വിഷാദത്തിലേക്കും തള്ളിയിടുന്ന മറ്റേതു അവസ്ഥയുണ്ട്.? എന്നാല്‍ വിരസതയെ ഇഷ്ടപ്പെട്ട, ഏകാന്തതയെ പ്രണയിച്ച ഒരു മദ്ധ്യവയസ്‌കന്‍. ആരും കടന്നു വരാത്ത, വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലെ ഒറ്റമുറി വീട്ടില്‍ മരങ്ങളോടും പക്ഷികളോടും കഥ പറഞ്ഞ് അയാള്‍ ജീവിക്കുന്നു.

ദ്വീപ് വിജനമാണ്, അയാള്‍ മാത്രമാണ് ജലത്താല്‍ ചുറ്റപ്പെട്ട ആ മണ്‍തുരുത്തില്‍ താമസം! പറയുന്നത് സിനിമാക്കഥയല്ല. മറിച്ച് നരവീണൊരു ഒരു കൊച്ചിക്കാരനെ കുറിച്ചാണ്. പതിമൂന്ന് വര്‍ഷങ്ങളായി ഒരു ദ്വീപില്‍ ഏകാന്തവാസം അനുഭവിക്കുന്ന 68കാരന്‍ ചവരോ ജോസഫിനെ പറ്റി! എറണാകുളം വരാപ്പുഴയില്‍ കടമക്കുടി പഞ്ചായത്തിന്റെ പരിധിയിലുള്ള മുറിക്കല്‍ ദ്വീപിലാണ് വര്‍ഷങ്ങളായി ജോസഫ് ഏകനായി കഴിയുന്നത്. അയാള്‍ക്ക് കഥ പറയാനും കൂട്ടിരിക്കാനും എട്ട് നായകള്‍ മാത്രം. ജോസഫ് വിളിക്കുമ്പോള്‍ നായക്കൂട്ടം അരികിലെത്തും.

68 വര്‍ഷമായി ദ്വീപില്‍ താമസിക്കുന്ന ജോസഫ് ഒറ്റക്കായിട്ട് പതിമൂന്നു വര്‍ഷം പിന്നിടുകയാണ്. തലമുറകളായി ജോസഫിന്റെ കുടുംബം താമസിച്ചിരുന്നത് മുറിക്കല്‍ ദ്വീപിലാണ്. സഹോദരങ്ങളുള്‍പ്പടെ പതിനൊന്ന് പേരടങ്ങുന്ന കുടുംബമായിരുന്നു ജോസഫിന്റേത്. മാതാപിതാക്കളുടെ മരണശേഷം സഹോദരങ്ങളെല്ലാം എറണാകുളം നഗരത്തിലേക്കു താമസം മാറി. അതോടെ ജോസഫും ഭാര്യയും രണ്ടു മക്കളും മാത്രമായി ദ്വീപില്‍.

മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഭാര്യക്കും ദ്വീപില്‍ താമസിക്കാന്‍ താല്‍പ്പര്യമില്ലാതായി. യാത്രാ ക്ലേശങ്ങളും ഏകാന്തതയും ആയിരുന്നു പ്രധാന പ്രശ്നം. പലപ്പോഴും അവര്‍ ഭര്‍ത്താവിനോട് ദ്വീപ് വിട്ടു താമസിക്കാന്‍ നിര്‍ബ്ബന്ധിച്ചു. എന്നാല്‍ ജോസഫിന് ദ്വീപില്‍ നിന്നും മാറി താമസിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. ജനിച്ചു വളര്‍ന്ന, മാതാപിതാക്കളുടെ ഓര്‍മ്മകളുറങ്ങുന്ന ആ മണ്ണില്‍ നിന്നും അയാള്‍ വിട്ടു പോകുന്നതെങ്ങനെ.? ഒടുവില്‍ അന്ന്, പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ഭര്‍ത്താവിനോടും ദ്വീപിനോടും വിടപറഞ്ഞു യാത്രയായി.


ജലം മുറിപ്പെടുത്തിയ ദാമ്പത്യം

പതിനാല് ദ്വീപ് സമൂഹങ്ങളുടെ കൂട്ടമാണ് കടമക്കുടി ഗ്രാമപഞ്ചായത്ത്. കടമക്കുടിയിലെ ഏറ്റവും ചെറിയ ദ്വീപാണ് രണ്ടര ഏക്കര്‍ മാത്രം വിസ്തൃതിയുള്ള മുറിക്കല്‍. വര്‍ഷങ്ങള്‍ മുന്‍പു വരെ കുടിവെള്ളം ദ്വീപിലെ പ്രധാന പ്രശ്നമായിരുന്നു. കുടിവെള്ളം ശേഖരിക്കുന്നതിനായി വഞ്ചികളില്‍ കുടങ്ങളുമായി അടുത്ത ദ്വീപുകളിലേക്കും അക്കരയിലേക്കും യാത്ര ചെയ്യണം. ഒരു മണിക്കൂര്‍ മാത്രമായിരുന്നു പ്രദേശങ്ങളിലെ കുടിവെള്ള വിതരണം. പലപ്പോഴും വഞ്ചി നിറയെ കുടങ്ങളുമായി എത്തുമ്പോഴേക്കും വിതരണം കഴിഞ്ഞിട്ടുണ്ടാകും.

ഒരു തുള്ളി പോലും വെള്ളം ലഭിക്കാതെ പലപ്പോഴും മടങ്ങേണ്ടി വന്ന സാഹചര്യങ്ങളായിരിക്കാം ഭാര്യ ദ്വീപു വിട്ടു പോകാന്‍ കാരണമെന്ന് പറയുമ്പോള്‍ ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മറ്റൊരു അത്ഭുത കാഴ്ചയും ദ്വീപില്‍ പ്രകൃതി ഒരുക്കിയിട്ടുണ്ട്. ചുറ്റും ഉപ്പുവെള്ളം പരന്നു കിടക്കുന്ന കൊച്ചു ദ്വീപില്‍ ലവലേശം ലവണാശം കലരാത്ത തടാകം. പൂര്‍വ്വികര്‍ കുടിവെള്ളമായി ഉപയോഗിച്ചിരുന്ന തടാകം മലിനപ്പെട്ടതോടയാണ് കുടിവെള്ളത്തിനായി ഇതര മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വന്നത്.

എന്നാല്‍ ശുചീകരിച്ചാല്‍ ഇപ്പോഴും കുടിവെള്ളത്തിനായി തടാകം ഉപയോഗിക്കാം എന്നാണ് ജോസഫിന്റെ പക്ഷം. കായലു കടന്ന് ആരും ശുചീകരണത്തിനായി ദ്വീപിലെത്താതാണ് തടാകം മലീനമായി ഇന്നും തുടരുന്നതിനു കാരണം.

വിയര്‍പ്പിനാല്‍ വളമിട്ട സാമ്രാജ്യം

മുറിക്കല്‍ ദ്വീപിലെ കാഴ്ചകളെല്ലാം ജോസഫിന്റെ വിയര്‍പ്പു പതിഞ്ഞവയാണ്. ഒറ്റക്കു താമസിക്കുന്നതിന്റെ വിരസതയും വിഷമവുമെല്ലാം ആ 68കാരന്‍ മറികടക്കുന്നത് കൃഷിയിലൂടെയാണ്. ഏക വരുമാന മാര്‍ഗ്ഗം ചെമ്മീന്‍ കൃഷിയാണ്. സാമാന്യം വലുപ്പമുള്ള ഒരു ചെമ്മീന്‍ കെട്ട് ജോസഫ് ഒറ്റക്കു ദ്വീപില്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ആറു മാസം നീണ്ടു നിലനില്‍ക്കുന്നതാണ് ചെമ്മീന്‍ കൃഷി. പിന്നീട് പൊക്കാളി കൃഷിയുടെ ദിനങ്ങളാണ്. ചെമ്മീന്‍ കൃഷിയില്‍ രണ്ടര ലക്ഷം രൂപ വരെ ജോസഫിന് വരുമാനം ലഭിച്ചിരുന്നു.

എന്നാല്‍ കേരളം കണ്ട മഹാപ്രളയം ദ്വീപിനേയും ബാധിച്ചു. പ്രളയം ജലം കുത്തിയൊഴുകി എത്തിയതോടെ കായല്‍ ദ്വീപിനെ വിഴുങ്ങി. വരുമാന മാര്‍ഗ്ഗമായ ചെമ്മീന്‍ കെട്ടുകളും ആ ഒറ്റമുറി വീടും പൂര്‍ണ്ണമായും നശിച്ചു. പ്രളയ കാലത്തെ എട്ടു ദിവസങ്ങള്‍ ജോസഫ് എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. മടങ്ങി എത്തിയപ്പോള്‍ താന്‍ സൂക്ഷിച്ചു പോന്ന ദ്വീപിന്റെ അവസ്ഥ ആ വയോധികനെ തളര്‍ത്തി. എങ്കിലും തോറ്റു പിന്മാറാന്‍ അയാള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഒറ്റയാള്‍ അദ്ധ്വാനത്തിന്റെ സമയമായിരുന്നു. ഇപ്പോള്‍ വീണ്ടും ചെമ്മീന്‍ കെട്ടുകള്‍ പൂര്‍വ്വ സ്ഥിതിയിലെത്തി, വീട് വീണ്ടും താമസയോഗ്യമായി.

കാത്തിരിക്കുന്നു രുചിക്കൂട്ടങ്ങളുമായി

ഒറ്റക്ക് ഒരു ദ്വീപില്‍ താമസിക്കുന്ന വയോധികനെ കാണാന്‍ പലപ്പോഴും സഞ്ചാരികളെത്തും. അവര്‍ക്കെല്ലാം അയാള്‍ രുചിയൂറുന്ന ഭക്ഷണം വിളമ്പും. ഒരു രാത്രി കടമക്കുടിയുടെ ജോസഫേട്ടനൊപ്പം ആഘോഷമായി താമസിച്ചാകും എത്തുന്നവര്‍ മടങ്ങി പോവുക. ദ്വീപില്‍ സദാസമയവും ഇടവിടാതെ കാറ്റാണ്. ചിലപ്പോള്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിക്കും. മഴക്കാലത്താണ് കാറ്റ് ഏറ്റവും വിനാശകാരിയാകുന്നത്. അതിവേഗത്തില്‍ വീശുന്ന കാറ്റിനെ പ്രതിരോധിക്കുന്നത് ജോസഫ് നട്ടു വളര്‍ത്തിയ മാവും തെങ്ങും ഉള്‍പ്പടെയുള്ള വൃക്ഷങ്ങളാണ്. ഇന്നും അയാള്‍ ദിനവും ദ്വീപില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നു. കായലാല്‍ ചുറ്റപ്പെട്ട ദ്വീപാണെങ്കിലും കൊതുകു ശല്യം തീരെയില്ല. നിറം ഏറെയുള്ള വൈകുന്നേര കാഴ്ചകളാലും പ്രകൃതി ഭംഗിയാലും സമ്പന്നമായ ദ്വീപിനെ ടൂറിസത്തിനായി ഉപയോഗിക്കാനും ജോസഫിനു സമ്മതമാണ്.

എന്നാല്‍ മരങ്ങള്‍ മുറിച്ചും, ദ്വീപിന്റെ സ്വഭാവിക ഭംഗി നശിപ്പിച്ചുമുള്ള ടൂറിസത്തിനോട് സമ്മതമില്ലതാനും. പഞ്ചായത്തധികൃതര്‍ ടൂറിസം പദ്ധതി സംബന്ധമായി സമീപിക്കാറുണ്ടെങ്കിലും ഒരാഴ്ചക്കപ്പുറം വാഗ്ദാനങ്ങളൊന്നും നീണ്ടു നില്‍ക്കാറില്ല. എങ്കിലും നാളുകളേറെ ഏകനായി ജീവിച്ച അയാള്‍ക്ക് ആരോടും പരാതികളും പരിഭവങ്ങളുമില്ല. പകരം ആര്‍ക്കെന്നില്ലാതെ ജോസഫ് ഇന്നും ആ വിജനമായ ദ്വീപില്‍ കാത്തിരിക്കുന്നു. കായല്‍ കടന്നെത്തുന്നവര്‍ക്ക് കൊഞ്ചിന്റേയും കരിമീനിന്റേയും രുചികളുമായി.

Read More >>