ഇതൊക്കെ ഞങ്ങളുടെ പണിസാധനങ്ങളാ...

സാന്ത്വനം ചാരിറ്റബിൽ സൊസൈറ്റിക്കു കീഴിലുള്ള അനാഥാലയത്തിലെ കുട്ടികളാണവർ. കൊച്ചി പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച സീസൺസ് മേളയിൽ പ്രത്യേക സ്റ്റാൾ ഒരുക്കിയിരിക്കുകയാണ് ഇവർ. മനോഹരമായ വളകളും കമ്മലുകളും മാലകളും അടങ്ങുന്നതാണ് ഇവരുടെ ജ്വല്ലറി ഉൽപ്പന്നങ്ങൾ. കൂടാതെ കൈകൊണ്ടുണ്ടാക്കിയ ചോക്ലേറ്റും. സോപ്പ്, ക്ലീനിങ് ലോഷൻ അങ്ങനെയുള്ളതു വേറെയുമുണ്ട്. അനാഥാലയത്തിൽ കുട്ടികൾ എല്ലാം ഒരുമിച്ചാണ് എല്ലാം നിർമ്മിക്കുന്നത്.

ഇതൊക്കെ ഞങ്ങളുടെ പണിസാധനങ്ങളാ...

ആസിഫ് മുഹമ്മദ് കരീം

കൊച്ചി: നല്ലപോലെ പണിയെടുക്കുന്ന കുറച്ച് കുട്ടികളുണ്ട് ഇവിടെ. പണിയെന്ന് പറഞ്ഞാൽ കാഠിന്യമുള്ള പണിയൊന്നുമല്ല. അവർക്ക് ഇഷ്ടപ്പെട്ടതൊക്കെ തന്നെ. പേപ്പർ ബാഗുകൾ, ആഭരണങ്ങള്‍, ചോക്ലേറ്റ്, സോപ്പ്, ക്ലീനിങ് ലോഷൻ തുടങ്ങി നിരവധി വസ്തുക്കൾ. ഇവയൊക്കെ ഉണ്ടാക്കുന്നത് കളിച്ചുനടക്കുന്ന കുട്ടികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. അതെ, ഇതെല്ലാം നിർമ്മിക്കുന്നത് കൊച്ചുകുരുന്നുകളാണ്.

സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിക്കു കീഴിലുള്ള അനാഥാലയത്തിലെ കുട്ടികളാണവർ. കൊച്ചി പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച സീസൺസ് മേളയിൽ പ്രത്യേക സ്റ്റാൾ ഒരുക്കിയിരിക്കുകയാണ് ഇവർ. മനോഹരമായ വളകളും കമ്മലുകളും മാലകളും അടങ്ങുന്നതാണ് ഇവരുടെ ജ്വല്ലറി ഉൽപ്പന്നങ്ങൾ. കൂടാതെ കൈകൊണ്ടുണ്ടാക്കിയ ചോക്ലേറ്റും. സോപ്പ്, ക്ലീനിങ് ലോഷൻ അങ്ങനെയുള്ളതു വേറെയുമുണ്ട്. അനാഥാലയത്തിൽ കുട്ടികൾ എല്ലാം ഒരുമിച്ചാണ് എല്ലാം നിർമ്മിക്കുന്നത്.


ഒഴിവ് ദിവസങ്ങളിലും മറ്റുമാണ് ഇവരുടെ പണി. മുപ്പത്തഞ്ചോളം കുട്ടികളാണ് സാന്ത്വനത്തിലുള്ളത്. ഇവ വിറ്റുകിട്ടുന്ന തുക ഇവരുടെതന്നെ പഠനാവശ്യത്തിനും മറ്റും ഉപയോഗിക്കും. ഇതുപോലെയുള്ള എക്സിബിഷനിലും മറ്റുമാണ് ഇവ കച്ചവടം നടത്തുന്നത്. സ്വന്തമായി കടയൊന്നുമില്ലെങ്കിലും അനാഥാലയത്തിനു കീഴിലുള്ള എഡ്യുക്കേഷൻ സെന്ററിൽ ഇവ വില്പനയ്ക്ക് വയ്ക്കാറുണ്ട്. കൊച്ചിയിൽ നടക്കുന്ന മിക്ക എക്സിബിഷനുകളും തങ്ങൾ അറിയുന്നില്ലെന്നാണ് അനാഥാലയം നോക്കി നടത്തുന്ന രാധാമേനോന്റെ പരിഭവം. 'ഇത് തന്നെ ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. അങ്ങനെയുള്ള എക്സിബിഷനുകൾ അറിഞ്ഞാൽ കൂടുതൽ ഉല്പന്നങ്ങൾ വിൽക്കാം. കുട്ടികൾക്ക് അത് കൂടുതൽ ഉപകാരമാകും'- രാധ പറയുന്നു.

അനാഥാലയം കൂടാതെ അമ്മമാരുടെ വൃദ്ധസദനവും പ്രായമായ പുരുഷന്‍മാര്‍ക്ക് വാഴക്കാലയിൽ പ്രതേൃക ഇടവും സാന്ത്വനത്തിനു കീഴിലുണ്ട്. എന്നാൽ ഇവിടേക്കെല്ലാം ചെലവിന് തുക കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇവർ.

അനാഥാലയത്തിലേക്ക് വേറെ പൈസ ഒന്നും ലഭിക്കാറില്ല. ഇത്തരം മേളകളിൽ സ്വന്തമായി ഉണ്ടാക്കുന്ന വസ്തുക്കൾ വിറ്റും നല്ലവരായ ആളുകളുടെ സഹായങ്ങളും കൊണ്ടാണ് പ്രവർത്തനം. ബഹ്റൈനിൽ നിന്നുള്ള ഒരു വ്യക്തിയുടെ ചെറിയ സഹായവും ഇവർക്ക് തുണയാണ്.

രാധയാണ് അനാഥാലയം നോക്കി നടത്തുന്നത്. ഇവിടുത്തെ 35 കുട്ടികളുടെ അമ്മയും പ്രായമായ അമ്മമാരുടെ മകളുമാണ് രാധ. 'എക്സിബിഷനിലെ പൈസ കൊണ്ട് അനാഥാലയത്തിലെ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങി നൽകും. പിന്നെ സ്‌കൂൾ തുറക്കുന്ന സമയമാണ്. പക്ഷെ, കുട്ടികൾക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ ഈ തുകയൊന്നും തികയില്ല. ആരെങ്കിലും ഒക്കെ സഹായിച്ചാലാണ് ഇവർക്ക് പുതിയ ഉടുപ്പും ബാഗുമൊക്കെ കിട്ടുന്നത്'- രാധ പറഞ്ഞു.അഞ്ച് മുതൽ 21 വയസ്സുവരെയുള്ള കുട്ടികളാണ് സാന്ത്വനത്തിന്റെ തണലിൽ വളരുന്നത്. സ്വന്തമായി ഒരു സ്ഥാപനവും അതിൽ എല്ലാവരും ഒരുമിച്ച് ജീവിക്കാനുള്ള പരിശ്രമവുമാണ് ഇവരെ മുന്നോട്ട് കൊണ്ടുപോകുന്നത്. പനമ്പിള്ളി നഗർ അവന്യൂ സെന്ററിൽ നടക്കുന്ന സീസൺസ് മേള ഇന്ന് അവസാനിക്കും. നൂറിലധികം സ്റ്റാളുകളിലായി 200ഓളം വനിത സംരംഭകരാണ് മേളയിൽ ഉള്ളത്. ഒപ്പം സാന്ത്വനത്തെ പൊലയുള്ള ചാരിറ്റി പ്രവർത്തനം നടത്തുന്നവരും. ഇത്തരക്കാരിൽ നിന്ന് സ്റ്റാൾ വാടക ഈടാക്കാതെയാണ് മേളയിൽ ഇടം കൊടുക്കുന്നതെന്ന് എക്‌സിബിഷൻ കോർഡിനേറ്റർ ഫാത്തിമ റോഷി പറഞ്ഞു.

Read More >>