വടക്കേ മലബാറുകാരുടെ മാത്രം പൂരം

കാവുകളും കഴകങ്ങളും പൂവിളിയും പൂരക്കളിയും കൊണ്ട് സജീവമായി. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് പൂരം നാൾ വരയുള്ള ഒമ്പത് ദിവസങ്ങളിലാണ് പൂരോത്സവം കൊണ്ടാടുന്നത്. ഈവർഷം മാർച്ച് 20നാണ് പൂരം. ഇത് ഉർവരതയുടെ കാലം കൂടിയാണ്.

വടക്കേ മലബാറുകാരുടെ മാത്രം പൂരം

സന്ദീപ് എസ്.നായര്‍

കണ്ണൂർ: പൂരമെന്നു കേട്ടാൽ മലയാളികളുടെ മനസിൽ ഓടിയെത്തുന്നത് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരമാണ്. എന്നാൽ വടക്കേ മലബാറുകാർക്ക് മാത്രമായ ഒരു പൂരമുണ്ട്. കാമദേവനെ പൂജിക്കുന്ന ഒരു പ്രത്യേക ആചാരം.

കാമദേവന് പൂജാ പുഷ്പമൊരുക്കാൻ കന്യകമാർ മത്സരിച്ച് പൂരപ്പൂക്കൾ ശേഖരിക്കാനോടുന്ന കാഴ്ച വടക്കേ മലബാറിലെ ഗ്രാമങ്ങളിൽ മാത്രം കാണുന്നതാണ്. പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഈ ആചാരം വടക്കേ മലബാറുകാർ ഇപ്പോഴും മുടക്കാറില്ല.

കാവുകളും കഴകങ്ങളും പൂവിളിയും പൂരക്കളിയും കൊണ്ട് സജീവമായി. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് പൂരം നാൾ വരയുള്ള ഒമ്പത് ദിവസങ്ങളിലാണ് പൂരോത്സവം കൊണ്ടാടുന്നത്. ഈവർഷം മാർച്ച് 20നാണ് പൂരം. ഇത് ഉർവരതയുടെ കാലം കൂടിയാണ്.

മീനമാസത്തിലെ പൂരം നാളിൽ കൊടിയിറങ്ങും വിധമാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂർവം ക്ഷേത്രങ്ങളും വടക്കൻ കേരളത്തിൽ കാണാം. ഇതുതന്നെ അഞ്ചു ദിവസങ്ങളായി കൊണ്ടാടുന്ന ക്ഷേത്രങ്ങളും നിലവിലുണ്ട്. ദേശങ്ങളുടെ പ്രത്യേകത അനുസരിച്ച് പൂരാഘോഷ ദിവസങ്ങളുടെ എണ്ണത്തിലും മാറ്റങ്ങളുണ്ട്. വസന്തോത്സവത്തിന്റെ വരവറിയിച്ചാണ് വടക്കൻ കേരളത്തിൽ പൂരക്കാലം വന്നണയുന്നത്.

കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബികാദേവീ ക്ഷേത്രം, മാടായിക്കാവ്, മാമാനത്ത് മഹാദേവീ ക്ഷേത്രം വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി തുടങ്ങിയ ക്ഷേത്രങ്ങളിൽ പൂരോത്സവം നടക്കും.

കന്യകമാർക്ക് പൂരക്കാലം വ്രതാനുഷ്ഠാനത്തിന്റേതാണ്. കാമാപൂജയാണ് പൂരത്തിനു മുഖ്യം. പെൺകൊടികൾ ഈ ദിനങ്ങളിൽ കാമദേവനെ പൂവിട്ടു പൂജിക്കും. എരിക്കിൻപ്പൂവ്, അതിരാണിപ്പൂവ്, വയറപ്പൂവ്, പാലപ്പൂവ്, ആലോത്തിൻപൂ, കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിൻപൂ, വയറപ്പൂ, നരയമ്പൂവ്, ചെക്കിപ്പൂവ് തുടങ്ങിയവയാണ് പ്രധാന പൂരപ്പൂക്കൾ. പൂക്കൂടകളുമായി ഗ്രാമകന്യകമാർ പൂക്കൾ തേടിയിറങ്ങും.

പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളും പൂക്കൾ ശേഖരിച്ചു നൽകും. പൂരദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. പാലുള്ള മരത്തിന്റെ ചുവട്ടിൽ കാമന് പൂരക്കഞ്ഞിയും, പൂരഅടയും നിവേദിക്കും. നേരത്തെ കാലത്തെ വരണേ കാമാ... തെക്കോട്ട് പോകല്ലേ കാമാ... എന്നിങ്ങനെ ഈണത്തില്‍ പാടിയാണ് പൂരം നാളിൽ കാമദേവനെ യാത്രയാക്കുക. കാമദേവൻ, പത്നി, ഗണപതി, രാജാവ്, മന്ത്രി, ഭടന്മാർ തുടങ്ങിയ രൂപങ്ങൾ കളിമണ്ണിൽ തീർത്ത് പൂവിട്ട് പൂജിക്കുന്നു. മുറത്തിൽ പ്ലാവ്, കാഞ്ഞിരം, പാല എന്നിവയുടെ ഇലകൾ ഒമ്പത് വീതം നിരത്തിവച്ച് അതിൽ തിരിയിട്ട് കത്തിച്ച് കാമദേവന് പൂരം നാളിൽ ഉഴിഞ്ഞിടുന്ന ചടങ്ങ് കൂടി ചില സ്ഥലങ്ങളിൽ കാണാറുണ്ട്.

പൂരം പൂക്കളുടെ കൂടി ഉത്സവമാണ്. കടുത്ത വേനലിനെ അതിജീവിച്ച് ചെത്തി മുതൽ ചെമ്പരത്തി വരെ ചിരിച്ചുല്ലസിക്കുന്ന നാളുകൾ. പൂക്കളുടെ പൂരം പെൺകുട്ടികളുടേതു കൂടിയാണ്.

ഭാവി വരന്റെ രൂപമുണ്ടാക്കി അതിനു പൂരച്ചോറും, ഓട്ടു മങ്ങണത്തിൽ ചുട്ട അപ്പവും നേദിച്ച് വരും കൊല്ലവും നേരത്തെ കാലത്തെ എത്തണേ കാമാ എന്ന് ആശ്ലേഷിച്ച് കാന്തനെ യാത്രയാക്കുന്ന ചടങ്ങുകൾ.

സൗന്ദര്യത്തിന്റെ, പ്രണയസാഫല്യത്തിന്റെ പ്രതിരൂപമാണ് കാമദേവൻ. ദേവനെ വീട്ടിലേക്കെഴുന്നള്ളിക്കുന്ന പൂരം മനസിലേക്ക് ഭാവിവരനെ സ്വീകരിക്കാനൊരുങ്ങുന്ന പെൺകുട്ടികൾക്കുള്ളതാണ്.

കോപാകുലനായ ശിവന്റെ മൂന്നാം കണ്ണിനാൽ ഭസ്മമായിപ്പോയ സൗന്ദര്യത്തിന്റെ, പ്രണയത്തിന്റെ, ഭാവിയുടെ പ്രതിപുരുഷനായ കാമദേവനെ പുനർജീവിപ്പിക്കാൻ രതീദേവി നടത്തുന്ന യജ്ഞത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണിത്.

Read More >>