പ്രകൃതിയുടെ തോഴന്‍

ഏഴു ലക്ഷത്തോളം മരങ്ങളാണ് കെ.ആര്‍ നായര്‍ സ്വന്തം കൈകൊണ്ട് നട്ടുപിടിപ്പിച്ചത്

പ്രകൃതിയുടെ തോഴന്‍

കാസര്‍കോട് പെരിയ സ്വദേശിയായ കെ.ആര്‍.നായര്‍ ഇപ്പോള്‍ മുംബൈയില്‍ ഹോട്ടല്‍ മാനേജറൊ, ഗുജറാത്തില്‍ വസ്ത്രകട മാനേജറൊ അല്ല. ഏഴു ലക്ഷത്തിലധികം മരങ്ങളുടെ ഉടമയാണ്. എല്ലാം സ്വന്തം കൈകൊണ്ട് നട്ടുപിടിപ്പിച്ചവ. ഒരു മരമല്ല; വലിയ നിബിഢ വനങ്ങളാണ് നായര്‍ക്ക് അവകാശപ്പെടാനുണ്ട്. ഇന്റര്‍മീഡിയേറ്റ് പഠനത്തിനുശേഷം ജോലി തേടി മുംബൈയിലേക്ക് വണ്ടി കയറിയ ഒരു മനുഷ്യന്‍ പിന്നീട് മരങ്ങളുടെ തോഴനായി മാറിയ സംഭവ ബഹുലമായ കഥയാണ് ഇപ്പോള്‍ കര്‍ണാടക ജാല്‍സൂര്‍ സ്വദേശിയായ കെ.ആര്‍.നായരുടേത്.

മരം വെട്ടാന്‍ പോയി, ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായി മാറിയ സലിം അലിയുടേതിന് സമാനമായ മറ്റൊരു കഥ. തുടക്കം 2013ല്‍. ഗുജറാത്തിലെ വല്‍സാഡ് മേഖലയില്‍ റോഡ് വികസനത്തിനായി 175 കൂറ്റന്‍ മരങ്ങളാണ് ഒരു ദിവസം മുറിച്ചുമാറ്റിയത്. നിരവധി പക്ഷിക്കൂടുകള്‍ മരങ്ങളില്‍ നിന്നും താഴെ വീണുടഞ്ഞു. മുട്ടകള്‍ ചിന്നംചിന്നമായി. കുഞ്ഞുങ്ങള്‍ ചത്ത് മലര്‍ന്നു. ഇതില്‍ ഒരു കൂട്ടിലുണ്ടായിരുന്ന മൂന്നു പക്ഷിക്കുഞ്ഞുങ്ങളുടെ അമ്മ സഹായത്തിനായി വട്ടമിട്ട് കരയുന്നു. ഇക്കാഴ്ച ഹൃദയ ഭേദകം. ഇതോടെ, ഇനിയുള്ള ജീവിതം പ്രകൃതിയുടെ സംരക്ഷണത്തിനായിരിക്കുമെന്ന പ്രതിജ്ഞയുമെടുത്തു. മരങ്ങള്‍ നശിക്കുന്നതോടെ മൃഗങ്ങളും പക്ഷികളും നിലനില്‍പ്പിനായി പൊരുതുന്ന കാഴ്ചയാണ് കെ.ആര്‍.നായരെ വലിയൊരു യജ്ഞത്തിലേക്കും അതുവഴി അന്താരാഷ്ട്ര പ്രശസ്തിയിലേക്കും നയിച്ചത്. അങ്ങനെ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയിലുടനീളം നട്ടുപിടിപ്പിച്ചത് ഏഴു ലക്ഷത്തിലധികം മരങ്ങള്‍...

വഴിത്തിരിവിന്റെ തുടക്കം

നാല് വയസ്സുള്ളപ്പോള്‍ കാസര്‍കോട് പെരിയയില്‍നിന്നും കുടുംബം കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ജാല്‍സൂരിനടുത്തള്ള എടന്നക്കാടയിലേക്ക് താമസം മാറി. പെര്‍ണ്ണാജെ-സീതാരാഘവ പ്രൗഢശാലയില്‍ നിന്നും പത്താംതരം പാസായി. സുള്ള്യ ഗവ.കോളജില്‍ നിന്നും ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. പട്ടിണി മാറാത്ത നാളുകളില്‍ കുടുംബം പുലര്‍ത്താന്‍ ഭട്ടരുമാരുടെ തോട്ടത്തില്‍ ജോലി ചെയ്തു. ഒടുവില്‍ മാതാവ് നല്‍കിയ അഞ്ഞൂറു രൂപയുമായി ജോലി തേടി അയല്‍വാസിയായ കിഷോര്‍ ഗൗഡയുമൊത്ത് മുംബൈയിലേക്ക് കാനറ പിന്റോ ട്രാവല്‍സില്‍ കയറി. കുര്‍ള ബുര്‍ഹാനി മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായി.

ചെമ്പൂര്‍ വിജയലക്ഷ്മി ഹോട്ടലില്‍ വെയ്റ്റര്‍ ജോലി ചെയ്തു. തുടര്‍ന്നു ഇതേ ഹോട്ടല്‍ മാനേജറായി. പിന്നീട് വസ്ത്ര വ്യാപാര രംഗത്തേക്ക് വന്നു. ടൈലറിങ് പഠിച്ചാണ് തുടക്കം. മുംബൈയിലെ മെട്രോ ഗാര്‍മെന്റ്സ് മാനേജറായി. അതിനിടെയാണ് ഗുജറാത്തിലെത്തുന്നത്. പിന്നീടാണ് മാറ്റങ്ങളുടെ പടവുകള്‍ കയറുന്നത്. ഒന്നല്ല; ഒരായിരമല്ല. ഏഴു ലക്ഷത്തിലധികം മരങ്ങളാണ് വച്ചുപടിപ്പിച്ചത്. ഘോരവനങ്ങളും കാടുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വഴിമാറുമ്പോള്‍, ഡോ. ആര്‍.കെ. നായരുടെ യജ്ഞം ഏവര്‍ക്കും മാതൃകയാണ്. ജന്മം കൊണ്ട് കാസര്‍കോട് പെരിയ സ്വദേശിയും കര്‍മ്മം കൊണ്ട് കര്‍ണ്ണാടക ജാല്‍സൂര്‍ കാരനുമാണ് ആര്‍.രാധാകൃഷ്ണന്‍ നായര്‍ എന്ന ഡോ. ആര്‍.കെ. നായര്‍. പെരിയയിലെ പരേതനായ കുഞ്ഞമ്പുനായര്‍-ബദിയടുക്ക മുന്നിയൂരിലെ പുല്ലായിക്കൊടി കമലാക്ഷിയമ്മ ദമ്പതികളുടെ മകനായി ജനിച്ച നായര്‍ ഇതിനകം രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലായാണ് മര തൈകള്‍ നട്ടുപിടിപ്പിച്ചത്. വികസനത്തിന്റെ പേരില്‍ കാടും മരങ്ങളും വെട്ടിത്തെളിക്കുമ്പോള്‍ പ്രകൃതിക്ക് ദുഃഖമുണ്ടാകുന്നു. മൃഗങ്ങളും പക്ഷികളും താമസസ്ഥലം തേടി അലയുന്നു. കുടിവെള്ളം കിട്ടാക്കനിയാകുന്നു.

ആദിവാസി ജനവിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്ക് മാതൃക

വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും കോളജുകളുടെയും വ്യവസായ പാര്‍ക്കുകളുടെയും പരിസരത്താണ് തന്റെ യജ്ഞം തുടങ്ങിയത്. ഇതിനിടെയാണ് പരിസ്ഥിതി പ്രവര്‍ത്തക ജപ്പാനിലെ അക്കീമിയ വാക്സിയെക്കുറിച്ച് അറിയുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന അക്കീമിയ വാക്സിയുടെ പരീക്ഷണത്തെക്കുറിച്ച് വിശദമായി പഠിക്കുകയും മരത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ഒരുങ്ങുകയും ചെയ്തു. ഗുജറാത്തിലാണ് ഇതാദ്യം പരീക്ഷിച്ചത്. പിന്നീട് വിവിധ കമ്പനികളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും കരാറുകള്‍ ഏറ്റെടുത്ത് മരം നട്ടുപിടിപ്പിക്കല്‍ സജീവമാക്കി. തെലുങ്കാനയിലെ യാദിഗിരിഗുഡ, ബംഗാളിലെ ദുര്‍ഗാപൂര്‍, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, രാജസ്ഥാനിലെ ജുംജുനു, ഗുജറാത്തിലെ അഹമ്മദാബാദ്, ബറൂച്ച്, വല്‍സാഡ്, മഹാരാഷ്ട്രയിലെ പാല്‍ഗഡ്, താന, ഖര്‍ജ്ജത്ത്, ഛത്തീസ്ഗഡിലെ റായ്ഗര്‍, ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍, വിജയവാഡ, നാരാവാരിപ്പള്ളി തുടങ്ങി ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി മരം നടല്‍. ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നാല്‍പ്പത് ഏക്കര്‍ സ്ഥലത്ത് തൈകള്‍ വെച്ച് പിടിപ്പിക്കുന്ന ശ്രമത്തില്‍ മുഴുകിയിരിക്കുകയാണ് ആര്‍.കെ.നായര്‍. ഒരു ഏക്കര്‍ സ്ഥലത്ത് പന്തീരായിരത്തോളം മരങ്ങള്‍ നട്ടു പിടിപ്പിക്കും.

ആദ്യ രണ്ട്-രണ്ടര വര്‍ഷം ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി വഴി ജലം നല്‍കുന്നുണ്ട്. ജാംസൂ, തേക്ക്, സീസണ്‍ പുളി, രക്തചന്ദനം, ആല്‍, അരയാല്‍, പ്ലാവ്, മാവ്, കശുമാവ്, കൊന്ന, അര്‍ജ്ജുന്‍, കറഞ്ച്, വേപ്പ്, ബദാം, കരിമ്പ്, മുരിങ്ങ, കൂവളം, സീത്ത, അശോക, സീമാരൂപ, പുത്രന്‍ജീവ തുടങ്ങിയ കാട്ടുമരങ്ങളാണ് നട്ടുപ്പിടിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴില്‍ ഇപ്പോള്‍ അഞ്ഞൂറോളം തൊഴിലാളികളുണ്ട്. ഇതില്‍ പകുതിയോളം പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. മഹാരാഷ്ട്ര പാല്‍ഗഡ് ജില്ലയിലെ ജവാര്‍, മൊഗാഡ, വിക്രംഗെഡ്, തലാസരി, തഹാജ, ഗുജറാത്തിലെ സറോളി, നാര്‍ഗോള്‍, തെഹരി, കറബ്ലി, സെറിഗാവ് എന്നിവിടങ്ങളില്‍ നിന്നുള്ള ആദിവാസികളാണ് കൂടുതലും.

ഇദ്ദേഹത്തിന്റെ ഗുജറാത്തിലുള്ള റെഡിമെയ്ഡ് ഗാര്‍മെന്റ്സിനും ആദിവാസിമേഖലയിലുള്ളവര്‍ക്ക് സൗജന്യ തൊഴില്‍പരിശീലനം നല്‍കി വരുന്നുണ്ട്. ഇതിനകം സ്ത്രീകളും കുട്ടികളുമടക്കം പതിനാറായിരം ആദിവാസികള്‍ക്ക് പരിശീലനം നല്‍കിയതായി ആര്‍.കെ.നായര്‍ പറഞ്ഞു. ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗാര്‍മെന്റ്സില്‍ ഫീസ് റേറ്റ് വെച്ചാണ് ജോലി ഏല്‍പ്പിക്കുന്നത്. ആദിവാസി മേഖലയിലെ ഉന്നമനത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്ന ഇദ്ദേഹം പാളത്തൊപ്പി തലയില്‍ ധരിച്ചാണ് അന്താരാഷ്ട്ര വേദികളില്‍ പോലും പങ്കെടുക്കുന്നത്. പാറക്ക് മുകളില്‍ മരം നടാന്‍ സ്വന്തം വഴിയും കണ്ടെത്തിയിട്ടുണ്ട്. ആദ്യം പാറയ്ക്ക് മുകളില്‍ രണ്ടടി കനത്തില്‍ മണ്ണിടും. ഒന്നോ രണ്ടോ അടി ഇടവിട്ട് മരത്തൈകള്‍ നടും. നല്ല ജൈവ വളവും നല്‍കും. വിഷഭൂമിയെ വനമാക്കി മാറ്റാന്‍ ആര്‍.കെ.നായരുടെ നേതൃത്വത്തിലുള്ള എന്‍വയര്‍ ഓഫ് ക്രിയേറ്റ്സ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. 2016ല്‍ നവംബര്‍ അഞ്ചിന് ആദ്യമായി ഇതില്‍ മണ്ണ് കിളച്ച് മറിച്ചു. ജൈവവളമിട്ട് 38 ഇനങ്ങളിലായി 32000 തൈകളാണ് നട്ടത്. നൂറിലധികം പക്ഷികള്‍ ആ ചെറുവനത്തില്‍ കൂടുകെട്ടി. മൂന്നിനം തേന്നീച്ചകളെത്തി. ശതാവരി ഉള്‍പ്പെടെയുള്ള ഔഷധ സസ്യങ്ങള്‍ വളര്‍ന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ മാലിന്യം തള്ളുന്ന അരയേക്കര്‍ സ്ഥലം സുന്ദരവനമാക്കി. 150 ഇനങ്ങളില്‍പ്പെട്ട ആറായിരം മരങ്ങള്‍ കൊണ്ടാണ് മാലിന്യ നിക്ഷേപ കേന്ദ്രം വനവല്‍ക്കരിച്ചത്.

ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കിയ വനം പദ്ധതിയും ഏറെ പ്രശംസിക്കപ്പെട്ടു. 103000 തൈകളാണ് ഈ പദ്ധതി പ്രകാരം നട്ടുവളര്‍ത്തിയത്. മരങ്ങള്‍ക്ക് നടുവിലായി രണ്ടേക്കറില്‍ കൃത്രിമ തടാകവും നിര്‍മ്മിച്ചു. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ജന്മനാടായ കൊമ്മരവോളു നാരാവാരിപ്പള്ളയിലും ഇദ്ദേഹത്തിന്റെ വനല്‍ക്കരണ പദ്ധതി നടപ്പാക്കി. ഛത്തീസ്ഗഡ് റായിഗര്‍ ജില്ലയിലെ ജുരുഡ മേഖലയില്‍ മരം നട്ടുപിടിപ്പിക്കാന്‍ അന്നത്തെ കലക്ടറായിരുന്നു ഷമ്മി ആബിദ് ഇദ്ദേഹത്തെ ക്ഷണിക്കാന്‍ നേരിട്ട് എത്തിയതായും നായര്‍ പറഞ്ഞു. 1999 റൈറ്റ് ചോയ്സ് എക്സ്പോര്‍ട്ട് കമ്പനിയില്‍ മാനേജരായി എത്തിയതോടെയാണ് രാധാകൃഷ്ണന്‍നായര്‍ ശ്രദ്ധേയനാകുന്നു. 18 തയ്യല്‍ യന്ത്രങ്ങളില്‍ തുടങ്ങിയ സ്ഥാപനം പത്ത് വര്‍ഷം കൊണ്ട് നാല് ഫാക്ടറികളിലായി നാനൂറ് യന്ത്രങ്ങളിലേക്ക് മാറി.

ഇത് ഗാര്‍മെന്റ്സ് രംഗത്തെ മുന്നേറ്റത്തിന് കളമൊരുങ്ങി. രാജ്യമാകെ വ്യാപിച്ച് കിടക്കുന്ന രാധാകൃഷ്ണന്‍ നായരെന്ന ഡോ.ആര്‍.കെ.നായര്‍ക്ക് വിജയകഥകള്‍ മാത്രമാണ് അവകാശപ്പെടാനുള്ളത്. നേട്ടങ്ങളുടെ ഓരോ പടവിലും കരുത്തായി ഭാര്യ മുംബൈ സ്വദേശിനിയായ അനഘയും മക്കളായ ദീപകും ശ്രുതിയും മരുമകള്‍ ഐശ്വര്യയുമുണ്ട്. ഏതു ഇടങ്ങളിലും തൊഴിലാളികള്‍ക്കൊപ്പം കെ.ആര്‍.നായര്‍ തൊഴിലില്‍ മുഴുകുന്നതും പ്രത്യേകതയാണ്. നിരവധി പുരസ്‌കാരങ്ങളും ഇതിനകം തേടിയെത്തിയിട്ടുണ്ട്. ജര്‍മ്മനിയിലെ ഇന്‍ഫര്‍മേഷന്‍ പീസ് യൂണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 2018ല്‍ ദുബൈയില്‍ നടന്ന ചടങ്ങിലാണ് ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്. 2017ല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹോണററി അവാര്‍ഡും ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 19ന് ഗ്ലോറി ഓഫ് ഇന്ത്യ അവാര്‍ഡ് നേപ്പാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. കര്‍ണ്ണാടക സര്‍ക്കാരിന്റെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സമൂഹത്തിലെ അവശ വിഭാഗങ്ങളുടെ കണ്ണീരൊപ്പാനും നാടിന്റെ പച്ചപ്പ് നിലനിര്‍ത്താനും അതുവഴി പ്രകൃതിയെ സ്നേഹിക്കാനും മുന്നോട്ട് വന്ന ഈ നാല്‍പ്പത്തി ഒമ്പതുകാരന്‍ പദവിയുടെ പടവുകള്‍ കയറുമ്പോഴും തന്നെ താനാക്കിയ നാടിനോടും ജനങ്ങളോടും കടപ്പാട് പ്രകടിപ്പിക്കുന്നു. മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുമ്പോഴും കേരളത്തില്‍ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവവമുണ്ട് കെ.ആര്‍.നായര്‍ക്ക്.

Read More >>