മാലിന്യ മുക്ത കേരളത്തിനൊരു കർമ്മ പദ്ധതി

വളരെ ആസൂത്രണം ചെയ്‌തൊരു കർമ്മ പദ്ധതി നമ്മൾ തയ്യാറാക്കിയാൽ നമുക്ക് മാലിന്യ മുക്ത കേരളം താമസം വിനാ സൃഷ്ടിച്ചെടുക്കാൻ സാധിച്ചേക്കും. ഇതിനായ് ഏറ്റവും വേണ്ടത് പൊതു ജന പങ്കാളിത്തമാണ്‌

മാലിന്യ മുക്ത   കേരളത്തിനൊരു   കർമ്മ പദ്ധതി

കെ.എം.ജമീല

രോഗങ്ങൾ പത്തി വിടർത്തിയാടാൻ തുടങ്ങിയതോടെ മാലിന്യ നിർമ്മാർജ്ജനത്തിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനും അത് നടപ്പിലാക്കാനുമൊക്കെയുള്ള തീവ്രശ്രമത്തിലേക്കെടുത്തു ചാടിയിരിക്കുകയാണല്ലോ നമ്മൾ.

മാലിന്യങ്ങൾ കുന്നുകൂടുന്നതിനനുസരിച്ച് രോഗാണു പെരുകികൊണ്ടിരിക്കുന്നു. ഒരു പത്രത്തില്‍ ഈയിടെ വന്ന ഒരു ലേഖനത്തില്‍ പറയുന്നു. ഇവിടെ അടക്കി വാഴുന്ന പനികൾക്ക് പേര് നൽകാൻ ഇംഗ്ലീഷ് അക്ഷരമാല മതിയാവില്ലെന്ന്. അത്രമാത്രം വിവിധതരം പനികളാണിവിടെ മനുഷ്യർക്ക് നേർക്ക് ഭീഷണിമുഴക്കികൊണ്ടിരിക്കുന്നത്. കൂടാതെ പുതിയ പുതിയ പല രോഗങ്ങളും. മിക്കവാറും കൊതുകും എലിയും പരത്തുന്നവ തന്നെ.

എന്തുകൊണ്ട് ഇത്തരം പരിതാപകരമായ ഒരവസ്ഥയിലേക്ക് നമ്മുടെ കൊച്ചു കേരളം മൂക്കുകുത്തി വീണുകൊണ്ടിരിക്കുന്നു? സംശയലേശമേതുമില്ലാതെ കൊച്ചുകുട്ടികൾപോലും പറയും പൊതുവഴികളിലും മറ്റുമായി കുന്നുകൂടി കിടക്കുന്ന ചീഞ്ഞുനാറുന്ന ഓടകളും അവ വിതരണം ചെയ്യുന്ന കൊതുകുകളും തന്നെയാണ് വിരുതന്മാർ എന്ന്. കൂടാതെ നമ്മുടെ മാലിന്യ നിർമ്മാർജ്ജനത്തിൽ വന്നുപ്പെട്ട പിഴവുകളും.

വഴിയരുകിൽ കുന്നു കൂടി കിടക്കുന്ന ചീഞ്ഞഴുകി ദുർഗന്ധം വമിപ്പിക്കുന്ന മാലിന്യക്കൂമ്പാരങ്ങളും മലിന ജലം കെട്ടിക്കിടക്കുന്ന, ശ്വാസഗതിയെപോലും വിമ്മിഷ്ടപ്പെടുത്തുന്ന ഓടകളും നഗരത്തിന്റെ മുഖം വികൃതമാക്കുന്നു. അവ രോഗാണുക്കൾക്കും കൊതുകുകൾക്കും എലികൾക്കും വളർന്നു പെരുകാൻ വഴിയൊരുക്കുന്നു. ഈ ദുർഗന്ധവും സഹിച്ചുകൊണ്ടു കടന്നു പോകുന്ന ജനം മുഖം ചുളിച്ച് കൊണ്ട് മൂക്കു പൊത്തുന്നു. അവരറിയുന്നില്ല തങ്ങളിൽ ചിലരെങ്കിലുമാണ് ഇങ്ങിനെയൊരവസ്ഥക്ക് ഒരു പരിധിവരെ കാരണമെന്ന്. തൊട്ടപ്പുറത്ത് തകൃതയായി നടക്കുന്ന ഫാസ്റ്റ് ഫുഡ്ഡ് കടകളും തട്ടുകടകളും അവിടങ്ങളിലേക്ക് നടന്നു കേറുന്ന ജനം അറിയുന്നില്ല തങ്ങൾ ആസ്വദിച്ചു കഴിച്ച ഭക്ഷണത്തോടൊപ്പം അണുക്കളേയും വഹിച്ചു കൊണ്ടാണ് പുറത്ത് കടക്കുന്നതെന്ന്, അല്ലെങ്കിൽ അങ്ങനെയൊരു ചിന്തയിലേക്കവർ എത്തി നോക്കുന്നതേയില്ല. ഈയൊരവസ്ഥ നഗരങ്ങളിലൂടെയുള്ള യാത്രക്കിടയിൽ ചിലയിടങ്ങളിലെങ്കിലും നമുക്ക് നേർകാഴ്ചയാകാറില്ലേ?

ഫ്ലാറ്റ് സമുച്ചയങ്ങൾ നഗരത്തെ പിടിച്ചു വിഴുങ്ങി കഴിഞ്ഞു. നഗരങ്ങളെ മാത്രമല്ല ഗ്രാമങ്ങളിലേക്കും അവ നോട്ടമിട്ടു കൊണ്ടിരിക്കുന്നു. ഫ്ലാറ്റ് സമുച്ചയങ്ങളും വില്ലകളും ബഹുഭൂരിപക്ഷം വരുന്ന മറ്റു താമസ സ്ഥലങ്ങളും ഒരു ദിവസം പുറം തള്ളുന്ന മാലിന്യങ്ങൾ തന്നെകാണും ടൺ കണക്കിന്. കൂടാതെ ആശുപത്രികൾ, ഹോട്ടലുകൾ, അറവുശാലകൾ, മത്സ്യ മാർക്കറ്റുകൾ, മറ്റിതര സ്ഥാപനങ്ങൾ എന്നിവക്കെല്ലാം മാലിന്യങ്ങൾ പുറം തള്ളിയേ പറ്റൂ!

ഹോട്ടലുകളും അറവുശാലകളുമാണ് പൊതു സ്ഥല വെയ്സ്റ്റ് നിക്ഷേപകരിൽ മുന്നിട്ട് നില്ക്കുന്നത്. ഇവിടങ്ങളിലെ വെയ്സ്റ്റുകൾ ശേഖരിക്കുന്ന ഏജൻസികൾ അവ വേണ്ടുംവിധം നിർമ്മാർജ്ജനം ചെയ്യാത്തതാണ് പ്രധാനകാരണം. മാലിന്യ നിർമ്മാർജ്ജനത്തിനായി നിയോഗിച്ച കുടുംബശ്രീ ജീവനക്കാർ തങ്ങളുടെ കടമ യഥാവിധി നിർവ്വഹിക്കുന്നുണ്ടോയെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

മാലിന്യ സംസ്‌ക്കരണത്തിലെ വീഴ്ചക്കു ഗവർമെന്റിനേയും ആരോഗ്യവകുപ്പിന്റേയും നേർക്ക് വാളോങ്ങിയതു കൊണ്ടുമാത്രം കാര്യമില്ല. ഈയൊരു പ്രവണതക്കു തങ്ങളുടെ പങ്ക് എത്രയെന്ന് പൊതുജനവും തിരിച്ചറിയേണ്ടിയിരിക്കുന്നു. പൊതു ജനങ്ങളുടേയും ഗവർമെന്റെിന്റേയും കൂട്ടായ സഹകരണമുണ്ടായെങ്കിലേ നമുക്കീ വിപത്തിൽ നിന്ന് രക്ഷനേടാനൊക്കൂ!

മാലിന്യങ്ങൾ ലോകത്തെവിടെയും പ്രശ്‌നം തന്നെയാണ്. എങ്കിലും മാലിന്യക്കൂമ്പാരങ്ങൾ കയ്യേറിയിട്ടില്ലാത്ത വിദേശ രാജ്യങ്ങളിലെ പൊതു വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോൾ അവിടങ്ങളിലെ റോഡുകളും പൊതു സ്ഥലങ്ങളും വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചിരിക്കുന്നതു കണ്ടപ്പോൾ ആ രാജ്യങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും മതിപ്പ് ഉളവായതോടൊപ്പം മാലിന്യ സമ്പന്നമായ എന്റെ കൊച്ചു കേരളത്തിന്റെ ദുർഗതിയോർത്തു ലജ്ജയും തോന്നി.

യു.കെയിൽ ഓരോ വീടുകൾക്കും ഫ്ലറ്റുകൾക്കും മുൻസിപ്പാലിറ്റി വക ഓരോ വലിയ വെയ്‌സ്റ്റ് ബോക്‌സും പ്ലാസ്റ്റിക് നിക്ഷേപത്തിനായി മറ്റൊരു ബോക്‌സും നൽകിയിരിക്കും. അതത് ദിവസത്തെ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കൂടുകളിലാക്കി വീടിനു പുറത്തുവെച്ചിരിക്കുന്ന ബോക്‌സിൽ നിക്ഷേപിക്കുന്നു. ആഴ്ചയിലൊരിക്കൽ മുൻസിപ്പാലിറ്റിക്കാർ വലിയ ട്രക്കുകളുമായി എത്തി അവ കയറ്റിക്കൊണ്ടു പോകുന്നു. അവിടങ്ങളിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരുന്നാലും പൊതു വഴികളിൽ വെയ്സ്റ്റുകൾ വലിച്ചെറിഞ്ഞാലും ശിക്ഷാർഹമായ കുറ്റമാണ് ഗൾഫ് രാജ്യങ്ങളിൽ. രോഗങ്ങൾ പകരാൻ ഒരു പ്രധാന കാരണം തുപ്പലിൻ നിന്നു നിർഗമിക്കുന്ന അണുക്കളാണല്ലോ? അതു രോഗികളുടെതാണെങ്കിൽ പറയുകയും വേണ്ട.

കുവൈത്തിലൂടെയുള്ള വഴിയോര യാത്രയിൽ നമുക്കു കാണാൻ കഴിയും തുപ്പാൻ വേണ്ടി മാത്രം സ്ഥാപിച്ച ഇരുമ്പ് കാലിൽ ഫിറ്റു ചെയ്തു വെച്ച വെയ്സ്റ്റ് ബോക്‌സുകൾ. വർഷങ്ങൾക്കപ്പുറമുള്ള ഒരു കാഴ്ചയായിരുന്നു അത്. ഓടുന്ന ബസ്സിലിരുന്നു കൊണ്ടുള്ള നമ്മുടെ പുറത്തേക്കുള്ള തുപ്പൽ എത്ര മാത്രം ഹീനമായ പ്രവർത്തിയാണെന്ന് ഒന്നാലോചിച്ചു നോക്കൂ! അവിടങ്ങളിൽ വാഹന യാത്രക്കിടയിൽ തുപ്പേണ്ട അനിവാശ്യമായ ഘട്ടങ്ങളിൽ ടിഷ്യു പേപ്പർ ഉപയോഗിക്കുന്നു.

രോഗങ്ങൾ സംഹാരതാണ്ഡവമാടാൻ തുടങ്ങുമ്പോൾ മാത്രം നമ്മൾ ചർച്ചകളും പ്രക്ഷോഭങ്ങളും യുദ്ധകാലാടിസ്ഥാനത്തിലുള്ള മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുമൊക്കെയായി രംഗത്തിറങ്ങി ഒരു കാട്ടിക്കൂട്ടൽ പ്രക്രിയ നടത്തിയതുകൊണ്ട് കാര്യമില്ല. ദീർഘവീക്ഷണത്തോടെയുള്ള ഒരു ആസൂത്രണ പദ്ധതിക്കാണീ കാര്യത്തിൽ നാം ഊന്നൽ നൽകേണ്ടത്.

ചില മുൻകരുതലുകൾ നിർബന്ധമായും എടുത്തേ പറ്റൂ! ഗവൺമെന്റിന്റേയും ആരോഗ്യ വകുപ്പിന്റേയും സത്വര ശ്രദ്ധ ഇതിലേക്ക് പതിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വൃത്തിഹീനമായ സ്ഥലത്തു കൂടെ കടന്നു പോകുന്ന ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റിസ്ഥാപിക്കുക, സെപ്റ്റിക്ക് ടാങ്ക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുള്ള പുതിയ ടെക്‌നോളജികൾ കണ്ടെത്തുക. ഇത്തരം മാലിന്യങ്ങൾ പുഴയിലേക്കോ മറ്റിടങ്ങളിലേക്കോ ഒഴുക്കിവിടാൻ അനുവദിക്കാതിരിക്കുക. ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങൾ, വെള്ളക്കെട്ടുകൾ ഇവ പലരുടേയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. അവ കൊതുക് വളർത്തു കേന്ദ്രങ്ങളായി പരിണമിക്കാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കുക. മാലിന്യം കെട്ടിക്കിടക്കുന്ന അഴുക്കു ചാലുകൾ വൃത്തിയാക്കി മലിനജലം നിർബാധം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കുക.

പത്തു സെന്റിൽ കൂടുതൽ ഭൂമിയുള്ള വീട്ടുകാർ ഭക്ഷണാവിശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങൾ തെങ്ങിൻ ചുവട്ടിലോ, മറ്റു വൃക്ഷങ്ങളുടെ ചുവട്ടിലോ നിക്ഷേപിച്ചാൽ അവക്കു വളമായി പ്രയോജനപ്പെടും. പുഴകളിലേക്കും തടാകങ്ങളിലേക്കും കനാലകളിലേക്കുംമൊക്കെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കർശനമായി നിരോധിക്കുക. കുടിവെള്ള ശുദ്ധീകരണത്തിനുപയോഗിക്കുന്ന നദികൾ, തടാകങ്ങൾ എന്നിവിടങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നതും ചത്തമൃഗങ്ങളെ വലിച്ചെറിയുന്നതും ശിക്ഷാർഹമായ കുറ്റങ്ങളുടെ ഗണത്തിൽപ്പെടുത്തുക. തങ്ങളുടെ വീട്ടു മാലിന്യങ്ങൾ, അറവുശാലകളിലെ മാലിന്യങ്ങൾ മുതലായവ വാഹനത്തിലേറ്റി കൊണ്ടുവന്നു പൊതുവഴികളിൽ വലിച്ചെറിയുന്നവരെ മാതൃകാപരമായി ശിക്ഷിക്കുക. കൂടാതെ കനത്ത ഫൈൻ ഈടാക്കുകയും ചെയ്യുക. പൊതുജനങ്ങളുടെ സഹകരണവും ഇതിൽ ഉൾപ്പെടുത്തുക.

അഴിമതിക്കും സ്വാധീനങ്ങൾക്കുമൊന്നും ഇവിടെ കടന്നുകയറാൻ അനുവദിക്കാതിരിക്കുക. വഴിയോരങ്ങളിലെ മൂത്ര വിസർജ്ജനം കർശനമായി നിരോധിക്കുക ആവശ്യം വേണ്ട പൊതു ടോയ്‌ലറ്റുകൾ ജനസാന്ദ്രയേറിയ നഗരങ്ങളിലും ഇരുപതോ, മുപ്പതോ, കിലോമീറ്റർ ഇടവിട്ടുള്ള റോഡു സൈഡുകളിലും നിർമ്മിക്കുക. അവിടങ്ങളിൽ വെള്ളം യഥേഷ്ടം ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കുക. അവ വൃത്തിയായി സൂക്ഷിക്കാൻ ജീവനക്കാരെ നിയമിക്കുക. ടോയലറ്റാവശ്യങ്ങൾ നിർവ്വഹിക്കുമ്പോൾ വെള്ളമൊഴിക്കാതെ അവ വൃത്തിക്കേടാക്കിയാൽ ഫൈൻ ഈടാക്കുക.

ഞെളിയൻപറമ്പിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നഗരം കൂടുതൽ മലീമസമാകാതിരിക്കാൻ നഗരത്തിൽ നിന്നല്പം മാറി ജനവാസമില്ലാത്ത വിജനമായസ്ഥലങ്ങൾ കണ്ടെത്തി മാലിന്യ സംസ്‌ക്കരണ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് വേണ്ടത. വിപുലമായ രീതിയിലുള്ളൊരു പ്രവർത്തനം കൃഷിക്കാവാശ്യമായ ജൈവവളം വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഉല്പാദിപ്പിച്ചെടുക്കാൻ സാധിച്ചേക്കും. കൂടാതെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കായ് റീ സൈക്കിളിങ് പ്ലാന്റും സ്ഥാപിക്കുക. ഈ വക പ്രവർത്തനങ്ങൾക്കായി ഏജൻസികളെ ഏൽപ്പിക്കാതിരിക്കുക. കുടുംബശ്രീ പ്രവർത്തകരുടെ ആത്മാർത്ഥമായ സേവനം ഇതിനായി വിനിയോഗിക്കുക.

വളരെ ആസൂത്രണം ചെയ്‌തൊരു കർമ്മ പദ്ധതി നമ്മൾ തയ്യാറാക്കിയാൽ നമുക്ക് മാലിന്യ മുക്ത കേരളം താമസം വിനാ സൃഷ്ടിച്ചെടുക്കാൻ സാധിച്ചേക്കും. ഇതിനായ് ഏറ്റവും വേണ്ടത് പൊതു ജന പങ്കാളിത്തമാണ്. ഗവൺമെന്റിന്റെ തിരിച്ചറിവും.

Read More >>