കലാപകേരളവും മുഖ്യമന്ത്രിയും

ലക്ഷങ്ങൾ അണിനിരന്ന വനിതാമതിലും സുപ്രിം കോടതിവിധി നടപ്പാക്കിയ രണ്ടു യുവതികളുടെ ശബരിമല പ്രവേശവും ശബരിമല കർമ്മസമിതിയുടെ പേരിൽ ബി.ജെ.പിയും ആർ.എസ്.എസും മുന്നോട്ടുവെച്ച അവകാശവാദങ്ങൾ പൊളിച്ചു. തങ്ങളുടെ ശവത്തിൽ ചവുട്ടിയേ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവൂ എന്ന സംഘപരിവാർ വെല്ലുവിളി കടലാസുപുലിയുടെ ഭീഷണി മാത്രമായി.

കലാപകേരളവും മുഖ്യമന്ത്രിയും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

സ്വീകരിച്ച മാർഗം ശരിയോ തെറ്റോ എന്ന വിവാദത്തിനപ്പുറം ശബരിമല കയറി രണ്ടു യുവതികൾ ദർശനം നടത്തിയത് ചരിത്രം കുറിച്ചു. അനാചാരങ്ങളെ പൊരുതി തോല്പിച്ച കേരളീയ സ്ത്രീത്വത്തിന്റെ ദൃഢനിശ്ചയവും പിന്തുടർച്ചയുമാണ് ബിന്ദുവും കനകദുർഗയും 2019ലെ കേരള ചരിത്രത്തിൽ ആദ്യ ഏടായി കുറിച്ചത്.

ഇതേ തുടർന്ന് ശബരിമല കർമ്മ സമിതിയുടെ പേരിൽ വ്യാഴാഴ്ച നടത്തിയ ഹർത്താൽ അവർ കലാപമാക്കി മാറ്റി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലായിരുന്നു ഹിന്ദുത്വ – ഫാസിസ്റ്റ് ശക്തികളുടെ സംഹാരതാണ്ഡവം. വനിതകൾ അടക്കമുള്ള മാദ്ധ്യമപ്രവർത്തകർക്കും 100 ലേറെ കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും സി.പി.എം, സി.പി.ഐ ഓഫീസുകൾക്കും അവരുടെ പ്രവർത്തകരുടെ വീടുകൾക്കും നേരെയാണ് ഇത് നടന്നത്. നാമജപ അജണ്ടയിൽനിന്ന് ആർ.എസ്.എസിന്റെ ഹിന്ദുത്വ – ഫാസിസ്റ്റ് അജണ്ട മറനീക്കി. അവർക്കൊപ്പം സി.പി.എം പ്രവർത്തകർ നിയമം കൈയിലെടുത്ത് രംഗത്തുവന്നതും സംഘപരിവാറിന് ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചുകൊടുത്തതും അപലപിക്കേണ്ടതുണ്ട്. യഥാർത്ഥ വിശ്വാസികളുടെ മനസ്സിൽ അത് ആഴത്തിൽ മുറിവേൽപ്പിച്ചു. ഹിന്ദുത്വ വികാരം ആളിക്കത്തിച്ചു. ഇതിനുത്തരവാദികളായവർ മാപ്പർഹിക്കുന്നില്ല.

ലക്ഷങ്ങൾ അണിനിരന്ന വനിതാമതിലും സുപ്രിം കോടതിവിധി നടപ്പാക്കിയ രണ്ടു യുവതികളുടെ ശബരിമല പ്രവേശവും ശബരിമല കർമ്മസമിതിയുടെ പേരിൽ ബി.ജെ.പിയും ആർ.എസ്.എസും മുന്നോട്ടുവെച്ച അവകാശവാദങ്ങൾ പൊളിച്ചു. തങ്ങളുടെ ശവത്തിൽ ചവുട്ടിയേ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവൂ എന്ന സംഘപരിവാർ വെല്ലുവിളി കടലാസുപുലിയുടെ ഭീഷണി മാത്രമായി.

യുവതീപ്രവേശം നടന്നിട്ടും സന്നിധാനത്തേക്ക് കാലത്ത് 10.30വരെ ഭക്തജനങ്ങളൊഴുകി. സന്നിധാനത്തും ശബരിമലയുടെ പരിസരത്തും ഭക്തരുടെ പ്രതിഷേധം ഉയർന്നില്ല. തന്ത്രി നടയടച്ചതും പുണ്യാഹം തളിച്ച് നടതുറന്നതും പൊട്ടാത്ത പടക്കമായി. തന്ത്രിയും പന്തളം കൊട്ടാരവും സംഘപരിവാറും കേരളത്തെ മുൾമുനയിൽ നിർത്തിപ്പോന്ന ഭീഷണികൾ നീർക്കുമിള പോലെ പൊട്ടി.

യുവതികളുടെ ശബരിമല ദർശനം കഴിഞ്ഞ ഞെട്ടലിൽ ഏറെ മണിക്കൂറുകളെടുത്താണ് ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വത്തിന്റെ ആസൂത്രണത്തിൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയത്. അപ്പോഴും ശബരിമലയിൽ ശാന്തിയും സമാധാനവും ഭക്തരുടെ തിരക്കും മുൻ ദിവസങ്ങളേക്കാൾ ഉണ്ടായി.

യുവതീപ്രവേശം സംബന്ധിച്ച സുപ്രിം കോടതിവിധി നടപ്പാക്കുന്നതിൽ തുടക്കം മുതൽ അമിതതാല്പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിലെ വൈരുദ്ധ്യവും വിശ്വാസക്കുറവും കൂടുകയാണ് യഥാർത്ഥത്തിൽ വനിതാമതിലിനു ശേഷം യുവതീപ്രവേശത്തോടെ ഉണ്ടായത്.

യുവതികളുടെ മലകയറ്റം സാദ്ധ്യമാക്കിയത് പൊലീസിന്റെ രഹസ്യ അജണ്ടകൊണ്ടും പിൻബലംകൊണ്ടും മാത്രമാണെന്ന് ജനങ്ങൾ കരുതുന്നു. മാദ്ധ്യമങ്ങളിലൂടെ യുവതികൾ പുറത്തുവിട്ട മൊഴികളിൽ നിന്നു അത് വ്യക്തമാണ്. എങ്കിൽ ഈ അജണ്ട മുഖ്യമന്ത്രി അറിയാതെ ആവിഷ്‌ക്കരിക്കാനും നടപ്പാക്കാനും പൊലീസിലെ ഉന്നതർക്ക് കഴിയില്ലെന്ന് ഉറപ്പാണ്. മല കയറാനാവാതെ ഇവർക്കു പിറകെ ഒരു ശ്രീലങ്കൻ യുവതിക്ക് കണ്ണീരോടെയും രോഷത്തോടെയും മടങ്ങേണ്ടിവന്നത് പൊലീസിന്റെയും സർക്കാർ നയത്തിന്റെയും ഇക്കാര്യത്തിലുള്ള വൈരുദ്ധ്യം വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങൾ സമൂഹത്തിൽ നിന്ന് ഉയരുന്നു. ആന്ധ്രയിൽ നിന്നുള്ള ഭക്തയടക്കം നിരവധി സ്ത്രീകളെയും ഒദ്യോഗിക കൃത്യനിർവ്വഹണത്തിന് ശബരിമല കയറിയ വാഷിംഗ്ടൺ പോസ്റ്റിന്റെ ലേഖികവരെയുള്ളവരെയും എതിർപ്പിന്റെ പേരിൽ പൊലീസ് മലയിറക്കി അയച്ചു. ഇപ്പോൾ ശ്രീലങ്കക്കാരിയേയും.

എന്നാൽ, രണ്ടു യുവതികളെ സന്നിധാനത്തേക്ക് ഒളിച്ചുകടത്തേണ്ട കാര്യം പൊലീസിനോ ഗവണ്മെന്റിനോ ഉണ്ടാവാൻ എന്താണു കാരണം? ജയിച്ചയുദ്ധം തോറ്റുകൊടുക്കുക എന്ന ഒരു കണ്ണൂർശൈലി സി.പി.എമ്മിൽ പരസ്യമായ ഒരു അടക്കംപറച്ചിലാണ്. അത് സർക്കാറിനും സംഭവിച്ചെന്നാണോ?

മതിലിന് 24 മണിക്കൂർപോലും ആയുസ്സില്ലാതാക്കുകയാണ് ബി.ജെ.പി – ആർ.എസ്.എസ് ശക്തികളുടെ കൈപ്പിടിയിൽ കേരളത്തിന്റെ ക്രമസമാധാനം ഏല്പിച്ചുകൊടുത്തതിലൂടെ സംഭവിച്ചത്. അതെന്തുകൊണ്ട് സംഭവിച്ചു?

വസ്തുതാപരമായി പരിശോധിക്കുമ്പോൾ ശബരിമലയിലേത് സർക്കാറിന്റെ ഒരു ഒളിച്ചുകടത്തൽ അജണ്ടയായി സമൂഹം കാണുന്നു. അതുണ്ടാക്കിയ പ്രത്യാഘാതം മുഖ്യമന്ത്രി തിരിച്ചറിഞ്ഞതായി ഭാവിക്കുന്നില്ല.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതടക്കം ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ മൗലികാവകാശങ്ങളും ബുധനാഴ്ച ഉച്ചമുതൽ കേരളത്തിൽ തടയാനും തകർക്കാനും ചവിട്ടിമെതിക്കാനും ബി.ജെ.പി – സംഘപരിവാർ അക്രമികൾക്കായി. അതു തടയാൻ മുഖ്യമന്ത്രിയുടെ പൊലീസിന് കഴിഞ്ഞില്ല. അതു പക്ഷെ അവരുടെ കുറ്റമല്ല.

കലാപം സംസ്ഥാന വ്യാപകമായപ്പോൾ സ്വയരക്ഷയ്ക്ക് സി.പി.എം പ്രവർത്തകർതന്നെ കല്ലും വടിയുമായി തെരുവിലിറങ്ങി നിയമം കയ്യിലെടുത്തു. പന്തളത്ത് വിശ്വാസികളുടെ പ്രകടനത്തിൽ അണിചേർന്ന ചന്ദ്രൻ ഉണ്ണിത്താനെന്ന വിശ്വാസിയുടെ ജീവൻ സംരക്ഷിക്കേണ്ട ഭരണഘടനാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയുടേതായിരുന്നു. പാർട്ടി ഓഫീസിനു മുകളിൽനിന്ന് സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞാണ് കുടുംബത്തിന്റെ ആശ്രയമായ ആ 55കാരനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. മരണകാരണം ഹൃദയസ്തംഭനമെന്ന് വ്യാഖ്യാനിച്ച മുഖ്യമന്ത്രിയുടെ വിശ്വാസ്യതയുടെ ഗ്രാഫ് ജനങ്ങളുടെ മനസ്സിൽ ഏറെ ഇടിഞ്ഞുകഴിഞ്ഞു. ഈ സംഭവത്തിൽ പൊലീസ് കേസിൽ മൂന്ന് സി.പി.എം അംഗങ്ങളെ പ്രതിചേർത്തത് ദേശീയ തലത്തിൽതന്നെ എതിരാളികൾ രാഷ്ട്രീയമായി ഉപയോഗിച്ചു.

പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും അല്ല യഥാർത്ഥ പ്രതി. കമ്മ്യൂണിസ്റ്റു മുക്ത കേരളമെന്ന അജണ്ട മുന്നോട്ടുവച്ച ആർ.എസ്.എസ് നിയന്ത്രിക്കുന്ന മോദിയുടെ കേന്ദ്ര ഗവണ്മെന്റും അതിന്റെ വിവിധ ഏജൻസികളുമാണ്. ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണ് മുഖ്യമന്ത്രി. ശബരിമല പ്രശ്നത്തിന്റെ ആകത്തുക അതാണ്.

അത്ഭുതം തോന്നുന്നു, ശബരിമലയിൽ യുവതീപ്രവേശം ഉറപ്പുവരുത്തുന്നതിനേക്കാൾ അടിയന്തര അജണ്ടകൾ ഈ ഗവണ്മെന്റിനുമുമ്പിൽ മരവിച്ചു കിടക്കുമ്പോൾ. നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ ബി.ജെ.പിയും അവരുടെ പ്രധാനമന്ത്രിയുമൊഴികെ സംസ്ഥാനത്തെ ജനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒന്നിച്ച് അണിചേർന്നിരുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്നും ലോകരാഷ്ട്രങ്ങളിൽനിന്നും മനുഷ്യത്വമുള്ളവരുടെ സഹായം കേരളത്തിനു കിട്ടി. എന്നിട്ടും ശാസ്ത്രീയവും പരിസ്ഥിതിക്കനുസൃതവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള കേരളത്തിന്റെ പുനർനിർമ്മിതി എന്ന അടിയന്തര കടമ ഇപ്പോൾ ഒരു ദു:സ്വപ്നംപോലെയായി.

എങ്ങനെയാണ്, എന്തുകൊണ്ടാണ് ആ അടിയന്തര ലക്ഷ്യങ്ങളെ തകർക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയിൽ മുഖ്യമന്ത്രി ചെന്നുവീണത്? സംഘപരിവാറിന് രാഷ്ട്രീയ മുതൽക്കൂട്ട് നിരന്തരം ഉണ്ടാക്കിക്കൊടുക്കുന്നത്? ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമസ്യയാണത്.

പ്രളയദിനങ്ങളിലെന്നപോലെ സംസ്ഥാനത്തെ ജനശക്തിയെ ആകെ ഏകോപിപ്പിച്ച് സർക്കാറിനു പിന്നിൽ അണിനിരത്താൻ എന്തുകൊണ്ടു കഴിഞ്ഞില്ല. തെരഞ്ഞെടുപ്പു ലക്ഷ്യങ്ങളിലൂന്നിയ കുറുക്കുവഴിയിലേക്കാണ് സർക്കാറിനെയും ഇടതുമുന്നണിയേയും മുഖ്യമന്ത്രി തെളിച്ചത്. 100 ദിവസത്തിനകം പ്രഖ്യാപിക്കാൻപോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി മുന്നണിയുടെ അജണ്ടകളെ പരോക്ഷമായി സഹായിക്കുന്നതായി ഈ നീക്കങ്ങൾ.

ശബരിമല പ്രശ്നത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നിഷ്‌ക്രിയവും നോക്കുകുത്തിയുമാക്കുകയും പാർട്ടിക്കാരനായ ദേവസ്വം മന്ത്രിയെ തള്ളിപ്പറയുകയും ചെയ്തു മുഖ്യമന്ത്രി. സി.പി.എം ചരിത്രത്തിലില്ലാത്തവിധം മുഖ്യമന്ത്രിയുടെ നയങ്ങൾക്ക് ഏറാൻമൂളുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി. ഏറ്റവുമൊടുവിൽ തന്ത്രി ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്നുകൂടി മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം 'ശക്തനും നിശ്ചയദാർഢ്യക്കാരനുമായ ഭരണാധികാരിയാണ് താനെന്ന്' മാദ്ധ്യമങ്ങളിലൂടെ എഴുതിപ്പിക്കാനും മുഖ്യമന്ത്രിയുടെ കൈയ്ക്ക് ശക്തികൂട്ടുക എന്ന മുദ്രാവാക്യം മറ്റുള്ളവരെക്കൊണ്ട് വിളിപ്പിക്കാനുമാണോ? അതോ തീർത്തും വ്യക്തിപരമായ ഏതെങ്കിലും അടിയന്തര പ്രശ്നങ്ങളുടെ കുരുക്ക് മുഖ്യമന്ത്രിക്കുണ്ടോ? പരിശോധിക്കേണ്ട സ്ഥിതിയുണ്ട്.

ഹിന്ദുത്വ ശക്തികളുടെ ശബരിമല കർമ്മസമിതിയിൽ ഭിന്നിപ്പുണ്ടാക്കാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞു. കേരള പുനർനിർമ്മാണ അജണ്ട മുന്നോട്ടുവെച്ച് എൻ.ഡി.എയിലും യു.ഡി.എഫിലും അണിനിരന്ന ജനവിഭാഗങ്ങളിൽ പിളർപ്പുണ്ടാക്കി ഗവണ്മെന്റിനു പിന്നിൽ അണിനിരത്താൻ ശ്രമിക്കുന്നില്ല. അതിനുള്ള അടവുനയം സി.പി.എമ്മിന്റെ മുതിർന്ന പി.ബി അംഗത്തിന് സ്വീകരിക്കാനാവാത്തത് എന്തുകൊണ്ടെന്ന ചോദ്യവും വ്യക്തിപരമല്ല. മുഖ്യമന്ത്രി നൂറുവട്ടം ആവർത്തിക്കുന്ന നവോത്ഥാന മൂല്യങ്ങളുടെ ചരിത്രാടിത്തറയിൽനിന്നുകൂടി ഉയരുന്നതാണത്.

ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വത്തിലുള്ള ശബരിമല പ്രക്ഷോഭത്തിന് സമാന്തരമായി കോൺഗ്രസിന്റെ മുൻകൈയിൽ യു.ഡി.എഫ് നടത്തിപ്പോന്ന സമാന്തര പ്രക്ഷോഭവും യുവതീപ്രവേശത്തോടെ വഴിതിരിയുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തിൽ നിയമം കയ്യിലെടുത്ത് അരങ്ങേറിയ ഫാഷിസ്റ്റ് അക്രമങ്ങളെ കോൺഗ്രസ് അപലപിച്ചത് കാണാതെയല്ല. തീവ്ര പ്രക്ഷോഭമെന്ന ബി.ജെ.പി അജണ്ടയ്ക്ക് സമാനമായ തീവ്ര പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷനേതാവ് നടത്തിയ പ്രഖ്യാപനത്തിന്റെ അർത്ഥം.

വിമോചന സമരത്തിന്റേതുപോലെ പുതിയ രൂപത്തിലുള്ള ഒരു വിശാല രാഷ്ട്രീയമുന്നണി പ്രയോഗത്തിൽ വരുത്താനുള്ള നീക്കങ്ങളാണ് യഥാർത്ഥത്തിൽ കാണുന്നത്. ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടേതുപോലെ ഹിന്ദുത്വ വർഗ്ഗീയതയും കമ്മ്യൂണിസ്റ്റു വിരുദ്ധതയും തീതുപ്പുന്ന ചില കോൺഗ്രസ് നേതാക്കൾ പാർട്ടിയുടെ വേലി ചാടിപ്പോകാതിരിക്കാൻ കൂടിയുള്ള നയംമാറ്റമാകാമിത്. പ്രധാനമന്ത്രിയെ നേരിൽകണ്ട് ശബരിമല വിഷയത്തിൽ സുപ്രിം കോടതിയെ മറികടന്ന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ യു.ഡി.എഫ് എം.പിമാർ കൂട്ടായി നീങ്ങി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അതു തടഞ്ഞത്. തെരഞ്ഞെടുപ്പടുത്ത സ്ഥിതിയിൽ അണിയറയ്ക്കുള്ളിലെ വേവലാതിപൂണ്ടുള്ള യു.ഡി.എഫ് നീക്കങ്ങളാണ് ഇതു വെളിപ്പെടുത്തുന്നത്.

നക്‌സലൈറ്റുകളെ ശബരിമലയിൽ മുഖ്യമന്ത്രി കയറ്റി എന്ന അതിശക്തമായ പ്രചാരണമാണ് രണ്ടുമൂന്നു ദിവസങ്ങളായി ദേശീയ ദൃശ്യമാദ്ധ്യമങ്ങളിൽ സംഘപരിവാറിന്റെ കേരളത്തിൽനിന്നുള്ള വക്താക്കൾ അടിച്ചുകയറ്റുന്നത്. അല്ലെങ്കിലും സംസ്ഥാന ഗവണ്മെന്റിനെ പ്രതിരോധിക്കാനും സംഘപരിവാറിനെ തുറന്നുകാട്ടാനും കേന്ദ്ര നേതാക്കളായും പാർലമെന്റംഗങ്ങളായും ഡൽഹിയിലുള്ളവർക്കുപോലും ഇടപെടാനോ നേരിടാനോ കഴിയുന്നില്ല.

മുഖ്യമന്ത്രിക്കും തന്റെ നിലപാടുകൾ ദേശീയതലത്തിൽ ഉയർത്തിപ്പിടിക്കാനും പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ഭരണഘടനയെ ചവിട്ടിമെതിക്കുന്ന കലാപശ്രമങ്ങളെ തുറന്നുകാട്ടാനും കഴിയുന്നില്ല. വിമോചനസമരം കത്തിപ്പടർത്തിയപ്പോഴും സർക്കാറിനെ പിരിച്ചുവിട്ടപ്പോഴും കേരളത്തിന്റെ ആദ്യ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി ദേശീയതലത്തിൽ നടത്തിയ ഇടപെടലുകൾ ചരിത്രത്തിലുണ്ട്.

രണ്ടു പക്ഷത്തുനിന്നുമുള്ള ഈ രാഷ്ട്രീയ കളികൾ കേരളത്തെയും അതിന്റെ ജനാധിപത്യ മുന്നേറ്റത്തെയും എവിടെകൊണ്ടുചെന്ന് എത്തിക്കുമെന്ന ഉൽക്കണ്ഠയും അനിശ്ചിതത്വവുമാണ് പുതുവർഷത്തിൽ തുറിച്ചുനോക്കുന്നത്. ഒരു കലാപകേരളത്തെ ഏതു പാർട്ടിക്കാരായാലും ജനങ്ങൾ പിന്തുണയ്ക്കില്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടത് നവോത്ഥാനമൂല്യങ്ങൾ ആവർത്തിക്കുന്ന മുഖ്യമന്ത്രിയാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാൻ അവസരം കൊടുക്കാതിരിക്കേണ്ടതും മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. വിശ്വാസത്തിന്റെ പേരിൽ ഭ്രാന്തിളക്കിവിട്ടാൽ പൊലീസിനെകൊണ്ടും പട്ടാളത്തെകൊണ്ടും അതു തടയാനാകില്ല. പൊലീസ് സേനയെ നയിക്കുന്ന മുഖ്യമന്ത്രിക്ക് അതെങ്കിലും അറിയേണ്ടതാണ്.

എന്നാൽ അതിനു വിരുദ്ധമായ പ്രവർത്തനമാണ് അദ്ദേഹത്തിൽനിന്നും ഗവണ്മെന്റിൽനിന്നും ഉണ്ടാകുന്നത്. എപ്പോഴാണ് മുഖ്യമന്ത്രി ഇനി ഇത് തിരിച്ചറിയുക? ക്രമസമാധാന തകർച്ച സംബന്ധിച്ച ഗവർണറുടെ വിശദീകരണം തേടൽ, അതിനുമേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വരാൻപോകുന്ന ഇടപെടൽ, മോദി മന്ത്രിസഭ വക 356ാം വകുപ്പിന്റെ സാദ്ധ്യതാപഠനം – ഇതൊക്കെ നടന്നതിനുശേഷമോ?

Read More >>