കശ്മീരികളെ നമുക്ക് ആലിംഗനം ചെയ്യാം

കശ്മീര്‍ എന്തു കൊണ്ടാണ് ഇത്രയും കലുഷിതം എന്ന് രാഷ്ട്രീയകക്ഷികള്‍ ഇനിയും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കശ്മീരികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും അവരെ കേള്‍ക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് മാത്രമാണ് അവിടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റൂ

കശ്മീരികളെ നമുക്ക് ആലിംഗനം ചെയ്യാം

ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഒരിക്കല്‍ക്കൂടി കശ്മീര്‍ പ്രശ്‌നത്തെ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണ്. 2010ല്‍ ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ 75 ജവാന്മാര്‍ കൊല്ലപ്പെട്ട ശേഷമുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു പുല്‍വാമയിലേത്. 2014ല്‍ നിന്ന് 18ലെത്തുമ്പോള്‍ കശ്മീരിലെ സൈനിക മരണങ്ങളില്‍ 94 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നത്. 2014ല്‍ 47 സൈനികര്‍ മരിച്ചപ്പോള്‍ 2018ല്‍ 91 പേരാണ് ഭീകരരുടെ ഇരയായത്. അഞ്ചു വര്‍ഷത്തിനിടെ 1708 ഭീകരാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാലു വര്‍ഷത്തിനിടെ 177 ശതമാനം വര്‍ദ്ധനവാണ് ആക്രമണങ്ങളിലുണ്ടായത്. 2014ല്‍ 222ഉം 2018ല്‍ 614 ഉം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 838 ഭീകരവാദികളാണ്. 2014ല്‍ കൊല്ലപ്പെട്ട ഭീകരവാദികള്‍ 110 ഉം 2018ല്‍ 257ഉം ആണ്.

2017വരെ 28 വര്‍ഷങ്ങളില്‍ ജമ്മു കശ്മീരില്‍ എഴുപതിനായിരത്തിലേറെ തീവ്രവാദി ആക്രമണങ്ങളാണ് ഉണ്ടായതെന്ന് വിവിധ കാലയളവിലെ പാര്‍ലമെന്ററി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണങ്ങളില്‍ 22,143 ഭീകരരും 13,976 സിവിലിയന്മാരും കൊല്ലപ്പെട്ടു. ജീവന്‍ നഷ്ടപ്പെട്ട പട്ടാളക്കാര്‍ 5,123.

കശ്മീര്‍ എന്തു കൊണ്ടാണ് ഇത്രയും കലുഷിതം എന്ന് രാഷ്ട്രീയകക്ഷികള്‍ ഇനിയും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കശ്മീരികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും അവരെ കേള്‍ക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് മാത്രമാണ് അവിടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റൂ. സൈനിക സാന്നിദ്ധ്യം ഭീതിയുടെ കരിമ്പടം പൊതിഞ്ഞുനില്‍ക്കുന്ന ഒരു നാട്ടില്‍ ആയുധങ്ങള്‍ കൊണ്ടല്ല സംസാരിക്കേണ്ടത്.

പുല്‍വാമ ആക്രമണത്തിനു പിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്തതാണ്. കശ്മീരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര സന്ദേശം നല്‍കേണ്ട സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുണ്ടായിട്ടുണ്ട്. ഹരിയാന സര്‍വകലാശാല, അലീഗഡ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട ്‌ചെയ്തിട്ടുണ്ട്. ഹരിയാന സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ റൂമില്‍ പൂട്ടിയിട്ടായിരുന്നു തീവ്രവലതു പക്ഷ വിദ്യാര്‍ത്ഥികളുടെ 'പ്രതിഷേധം'. ഭീകവാദികള്‍ എന്ന മുദ്രകുത്തി സമൂഹത്തില്‍ നിന്ന് പുറത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത കാണിക്കേണ്ടതുണ്ട്.

സൗഹൃദത്തിന്റെയും പാരസ്പര്യത്തിന്റെയും വിനിമയങ്ങളാണ് അവര്‍ക്ക് ആവശ്യം. കൈക്കരുത്തിന്റെയും കായബലത്തിന്റെയും ഭാഷ ബോംബു പോലെ പൊട്ടിത്തെറിക്കാന്‍ പാകമായ ഒരു സമൂഹത്തില്‍ വിപരീത ഫലമേ ഉണ്ടാക്കൂ. കശ്മീരികളെ അവിശ്വാസത്തിലെടുത്തു കൊണ്ടുള്ള ഞാണിന്മേല്‍ കളിക്കല്ല, തുറന്ന മനസ്സോടെയുള്ള ആലിംഗനങ്ങള്‍ക്കാണ് കശ്മീര്‍ കാതോര്‍ക്കുന്നത്.

രാഷ്ട്രീയപ്പാര്‍ട്ടികളേ, പതിവു അജണ്ടകള്‍ മാറ്റിവയ്ക്കണം

2018ല്‍ 27.9 ആണ് ഇന്ത്യയുടെ ശരാശരി പ്രായം. 2020ല്‍ രാജ്യത്തെ 34 ശതമാനം പേരും യുവാക്കളാകും. വരും തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതു തന്നെ യുവാക്കളാകും എന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. പാടിപ്പഴകിയ മുദ്രാവാക്യങ്ങളും കേട്ടുമടുത്ത വാഗ്ദാനങ്ങളുമായി ഒരു തെരഞ്ഞെടുപ്പിനെ ഇനി ഒരു രാഷ്ട്രീയ കക്ഷിക്കും അഭിമുഖീകരിക്കാനാകില്ല എന്നു ചുരുക്കം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം 2014ന് ശേഷം ഇന്ത്യയുടെ വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കപ്പെട്ട യുവാക്കള്‍ 4.5 കോടിയാണ്. അതിനര്‍ത്ഥം വിദ്യാഭ്യാസം, തൊഴില്‍, നവസാങ്കേതിക വിദ്യ തുടങ്ങിയവ അടുത്ത തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമാകുമെന്നാണ്. രാജ്യം സത്വരശ്രദ്ധ പുലര്‍ത്തേണ്ട മേഖലകള്‍ കൂടിയാണിത്. തൊഴിലില്ലായ്മ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന വേളയാണിപ്പോള്‍. സര്‍ക്കാര്‍ പല കണക്കുകളും നിരത്തുന്നുണ്ടെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു ശേഷമുള്ള തൊഴില്‍ നഷ്ടം യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ട് പ്രകാരം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ തൊഴിലില്ലായ്മ. ഉന്നതവിദ്യാഭ്യാസ, നൈപുണ്യ മേഖലയില്‍ കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമുള്ള ഘട്ടംകൂടിയാണിത്. 2000 മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.73-0.83 ശതമാനം മാത്രമാണ് നാം നീക്കിവച്ചിട്ടുള്ളത്. നൈപുണ്യ വികസനത്തിനായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി നൈപുണി വികസന പദ്ധതിയില്‍ ലക്ഷ്യം വച്ചതിന്റെ 64 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്.

രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭകളും ജനസംഖ്യാനുപാതികമായി യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകൂ.

കള്ളം പറയുന്നത് ശീലമാക്കിയ സര്‍ക്കാര്‍

കള്ളം പറയുന്നത് ഒരു ശീലമാക്കിയ സര്‍ക്കാറാണോ ഇതെന്ന് ചില കാര്യങ്ങളെങ്കിലും നമ്മോട് ചോദിക്കുന്നുണ്ട്. ഏറ്റവുമൊടുവിലത്തെ കള്ളം പുറത്തുവന്നത് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള ഓയില്‍ ബോണ്ടുമായി ബന്ധപ്പെട്ടാണ്. 1.3 ലക്ഷം കോടി മൂല്യമുള്ള ബോണ്ടുകള്‍ എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടച്ചു എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്.


എന്നാല്‍ കഴിഞ്ഞ രാജ്യസഭക്കാലയളവില്‍ സര്‍ക്കാര്‍ തന്നെ വച്ച കണക്കു പ്രകാരം ഇത് 3500 കോടി മാത്രമാണ്.2018 സെപ്തംബറില്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പടം വച്ച് പരിഹസിച്ചാണ് മോദി സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 1.3 ലക്ഷം കോടിയുടെ ബാങ്ക് ബോണ്ടുകള്‍ 40000 കോടിയുടെ പലിശ സഹിതം തിരിച്ചടച്ചു എന്നു പറഞ്ഞിരുന്നത്. ആ അവകാശവാദമാണ് സര്‍ക്കാര്‍ തന്നെ വച്ച കണക്കുകളില്‍ വെള്ളത്തിലായിപ്പോയത്.

എണ്ണക്കണക്കില്‍ മാത്രമല്ല, കൃഷി ഉത്പന്നങ്ങളുടെ മിനിമം താങ്ങുവില, പ്രധാനമന്ത്രി ആവാസ് യോജ്‌ന പദ്ധതി പ്രകാരം നിര്‍മിക്കുന്ന പാര്‍പ്പിടങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയവയിലെല്ലാം ഈയിടെ സര്‍ക്കാര്‍ അവതരിപ്പിച്ച കള്ളങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

Read More >>