പെരിയയിലെ ചോരക്കുരുതിയും നേതാക്കളുടെ യാത്രയും

ഉത്തരകേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂർ രാഷ്ട്രീയത്തിൽ തുടർന്നു വരുന്ന പ്രതിരോധപ്രത്യാക്രമണ രീതികൾ അറിയാവുന്ന ആരും കാസർകോട് കൊലപാതകങ്ങളിൽ പാർട്ടിക്കു പങ്കില്ലെന്നു പറഞ്ഞാൽ വിശ്വസിക്കില്ല. കാരണം ആ മേഖലയിലെ പാർട്ടി രാഷ്ട്രീയത്തിന്റെ ഭാഗം കൂടിയാണ് കൊലയും കൊള്ളയും. ഒരിടത്ത് സി.പി.എം ആണെങ്കിൽ മറ്റൊരിടത്ത് ആർ.എസ്.എസ്

പെരിയയിലെ ചോരക്കുരുതിയും നേതാക്കളുടെ യാത്രയും

പെരിയയിൽ വീണ ചോരത്തുള്ളികൾ ചെങ്കൊടി കൂടുതൽ ചുവപ്പിച്ചില്ല. പകരം മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ ശാപവചനങ്ങളിൽ സി.പി.എം എന്ന സംഘടിത പ്രസ്ഥാനം അടിമുടി വിറയ്ക്കുകയാണ്. രണ്ടു യുവാക്കളെ കൊന്നുത്തള്ളിയശേഷം പതിവുപോലെ പാർട്ടി നേതാക്കൾ തങ്ങൾക്കതിൽ പങ്കില്ലെന്ന പല്ലവി ആവർത്തിച്ചു. എന്നാൽ സി.പി.എമ്മിനെയും ഉത്തരകേരളത്തിലെ രാഷ്ട്രീയത്തെയും കുറിച്ച് പ്രാഥമിക അറിവുള്ള ആരും തന്നെ അതു വിശ്വസിക്കുന്നില്ല. ഇതാണ് പാർട്ടി അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി.

തീർത്തും നിസ്സാരമായ, ഒരു പക്ഷെ പാർട്ടി നേതൃത്വങ്ങൾ നന്നായി ഇടപെട്ടിരുന്നെങ്കിൽ പരിഹരിക്കാനാകുമായിരുന്ന പ്രാദേശിക പ്രശ്നമാണ് രണ്ടു യുവാക്കളുടെ കൊലപാതകത്തിൽ അവസാനിച്ചത്. ന്യായീകരണങ്ങൾ ഒന്നിനും പരിഹാരമാവുന്നില്ല. കൊലപാതകത്തിന് മുമ്പുള്ള സംഭവങ്ങൾ, നേതാക്കളുടെ പ്രകോപന പ്രസംഗങ്ങൾ, വധഭീഷണി മുഴക്കുന്ന ഫേസ് ബുക്ക് കമന്റുകൾ, കൊല്ലപ്പെടുന്നതിന് മുമ്പ് യുവാക്കൾ പൊലീസിനു നൽകിയ പരാതി തുടങ്ങി കൊലയ്ക്കു ശേഷം എം.എൽ.എയും മുൻ എം.എൽ.എയും സെക്രട്ടറിയറ്റ് അംഗമായ യുവ നേതാവും നടത്തിയ പരാമർശങ്ങൾ വരെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. മനസാ വാചാ നേതാക്കൾ ആരും അറിയാതെ നടന്നതാണ് ഈ കൊലപാതകങ്ങൾ എന്നുപറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. അതല്ലെന്നു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആവർത്തിച്ചു വിശദീകരിച്ചിട്ടും ജനങ്ങളെ വിശ്വസിപ്പിക്കാനാകുന്നില്ല.

ഉത്തരകേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂർ രാഷ്ട്രീയത്തിൽ തുടർന്നു വരുന്ന പ്രതിരോധപ്രത്യാക്രമണ രീതികൾ അറിയാവുന്ന ആരും കാസർകോട് കൊലപാതകങ്ങളിൽ പാർട്ടിക്കു പങ്കില്ലെന്നു പറഞ്ഞാൽ വിശ്വസിക്കില്ല. കാരണം ആ മേഖലയിലെ പാർട്ടി രാഷ്ട്രീയത്തിന്റെ ഭാഗം കൂടിയാണ് കൊലയും കൊള്ളയും. ഒരിടത്ത് സി.പി.എം ആണെങ്കിൽ മറ്റൊരിടത്ത് ആർ.എസ്.എസ്. തങ്ങൾക്കു സ്വാധീനമുള്ളയിടങ്ങളിൽ കോൺഗ്രസും. ഇപ്പോൾ ചില തീവ്രവാദ സംഘടനകളും ഇതേരീതി പിന്തുടരുന്നു. ഓരോ പാർട്ടിയുടെയും നൂറുകണക്കിന് രക്ഷസാക്ഷി മണ്ഡപങ്ങൾ ഇതിന്റെ അടയാളങ്ങളാണ്. സംഘർഷവും വ്യാപക അക്രമങ്ങളും അരങ്ങേറുമ്പോൾ നടക്കുന്ന കൊള്ളയും ഭീതിദമായ ക്രിമിനൽ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ്.

ആകസ്മികമായ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി കണ്ണൂരും കോഴിക്കോടും കാസർകോടും കൊല്ലപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ബാക്കിയുള്ളവരെ കൊന്നുതള്ളിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ്. 80 കളിൽ പാർട്ടി പ്രവർത്തകർക്കു നേരിട്ട് പരിശീലനം നൽകിയാണ് കൊലയും അക്രമങ്ങളും നടത്തിയതെങ്കിൽ 90 കളോടെ ഇതിനായി പ്രത്യേകം സംഘങ്ങളെ തെരഞ്ഞെടുത്തു. ഓരോ മേഖലയിലും സജ്ജരാക്കി നിർത്തുന്ന ഈ ടീമാണ് പിന്നീട് 'ഓപ്പറേഷൻ' നടത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി 'ഓപ്പറേഷൻ' നടത്തുന്നത് പാർട്ടികൾക്ക് നേരിട്ടു നിയന്ത്രണമുള്ള ക്വട്ടേഷൻ ടീമുകളാണ്. ഇവരാണെങ്കിൽ ജില്ലക്കു പുറത്തു പോയി ദൗത്യം നിറവേറ്റാൻ ശേഷിയുള്ളവരാണ്. കൊലനടത്തിയശേഷം കൃത്യത്തെയും അതിൽ പങ്കെടുത്തവരെയും തള്ളിപ്പറയുക, പിന്നീട് പ്രതികൾക്കു നിയമസഹായം നൽകുക. ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടക്കുമ്പോൾ പ്രതികളുടെ കുടുംബത്തിന് ചെലവു നൽകുക തുടങ്ങിയവ സി.പി.എം എല്ലാ കാലത്തും തുടരുന്ന രീതിയാണ്. പെരിയയിലും അതുതന്നെയാവും ആവർത്തിക്കുക.

നിറംമങ്ങിയ ജാഥകൾ

സർക്കാരിന്റെ ഭരണനേട്ടം വിശദീകരിക്കാനും ബി.ജെ.പി, കോൺഗ്രസ് വിമർശനം നടത്താനുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെക്കുനിന്നും വടക്കുനിന്നും രണ്ടു ജാഥകൾ തുടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയായി ജാഥയെ കാണാനും ആ വിധമുള്ള ഒരുക്കങ്ങൾ നടത്താനും കീഴ്ഘടകങ്ങൾക്കു മുന്നണി നേതൃത്വം നിർദ്ദേശം നൽകുകയും ചെയ്തു. തിരുവനന്തപുരത്തുനിന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാസർകോട് നിന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ വലിയതോതിലുള്ള പ്രവർത്തക പങ്കാളിത്തത്തോടെ മുന്നേറുന്നതിനിടെയാണ് കാസർകോട്ടെ ഇരട്ടക്കൊലപാതകമുണ്ടായത്. കേന്ദ്രവിമർശനവും കോൺഗ്രസ്സിനോടുള്ള പരിഹാസവും ശബരിമലയും നവോത്ഥാനവും തുടങ്ങി സകലമാന വിഷയങ്ങളും പറഞ്ഞു മുന്നേറിയ ജാഥ തുടർന്നിങ്ങോട്ടു പെരിയ പ്രതിരോധജാഥയാണ്. ഇരട്ടക്കൊലപാതകത്തിന്റെ ചോരക്കറയിൽ പങ്കില്ലെന്ന് ആവർത്തിക്കേണ്ട അവസ്ഥയാണിപ്പോൾ ഇടതുനേതാക്കൾക്ക്.

ജാഥയിലുടനീളം പറയാനുദ്ദേശിച്ച വിഷയങ്ങളൊന്നും ഇപ്പോൾ ആർക്കും കേൾക്കണമെന്നില്ല. പതിവു വാർത്താസമ്മേളനങ്ങളിൽ പെരിയയും പീതാംബരനും പിന്നെ പാർട്ടിക്കാരും മാത്രമാണ് ഉയർന്നു വരുന്നത്. വിഷയം മാറ്റി മറ്റെന്തെങ്കിലും ചോദിക്കൂ എന്നു കോടിയേരി പത്തനംതിട്ടയിൽ പറഞ്ഞെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് പെരിയ തന്നെ പ്രിയം. എന്തായാലും ഏറെ രാഷ്ട്രീയ പ്രധാന്യത്തോടെ, പ്രതീക്ഷയോടെ തുടക്കമിട്ട ഇടതുജാഥകൾ ഇരട്ടക്കൊലപാതകം മാത്രം ചർച്ച ചെയ്തു മുന്നേറേണ്ട ഗതികേടിലായിട്ടുണ്ട്.

ജാഥ തുടങ്ങുന്നതിന് മുമ്പും ആദ്യദിവസങ്ങളിലും അണികളിലുണ്ടായ ആവേശവും തണുത്തിരിക്കുന്നു. എവിടെ തിരിഞ്ഞാലും നാട്ടുകാരും വീട്ടുകാരും ചർച്ച ചെയ്യുന്നത് രണ്ടു ചെറുപ്പക്കാരുടെ കൊല മാത്രമാണ്. അതു കണ്ടും കേട്ടും സാധാരണ പ്രവർത്തകർക്കു പോലും മരവിപ്പാണത്രെ. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പാർട്ടിക്കും മുന്നണിക്കും വേണ്ടി പടനയിക്കുന്ന പല പോരാളികളും ഇപ്പോൾ മൗനത്തിലാണ്. യൂത്തൻമാരും യു.ഡി.എഫ് അനുകൂലികളും നടത്തുന്ന സൈബർ പ്രചാരണങ്ങൾക്കു മറുപടി പറയാൻ പോലും കഴിയാത്ത സാഹചര്യം. മുൻകാലങ്ങളിൽ ഇടതു നേതാക്കളുടെ ജാഥ നടക്കുമ്പോൾ സാമൂഹ്യമാദ്ധ്യമങ്ങൾ സജീവമായിരുന്നു. എന്നാൽ കാസർകോട് സംഭവത്തിനു ശേഷം ആ ഇടം ആളൊഴിഞ്ഞ ഉത്സവപ്പറമ്പു പോലെയായി എന്ന പരിഭവമാണ് ഇടതുപ്രവർത്തകർക്കുൾപ്പെടെയുള്ളത്.

ഇതിന് നേരെ വിപരീതമാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രയുടെ കാര്യം. ഫണ്ട് കൊടുക്കാത്ത മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടും പതിവിൽക്കവിഞ്ഞ സംഘടനാ കാർക്കശ്യം കാണിച്ചും തുടങ്ങിയ ജനമഹായാത്രയ്ക്ക് പതിവില്ലാത്ത ജനശ്രദ്ധ കൈവന്നത് മദ്ധ്യകേരളത്തിലെത്തിയതോടെയാണ്. കുറച്ചുക്രൂരമാണെങ്കിലും, കൃത്യമായി പറഞ്ഞാൽ കാസർകോട് ഇരട്ടക്കൊലയ്ക്ക് ശേഷം. അങ്ങനെ നിറംമങ്ങി നടന്ന ഒരു ജാഥ വീരപരിവേഷമാർന്നു. യാത്രയുടെ ഭാഗമായി രാവിലെ നടത്തുന്ന മുല്ലപ്പള്ളിയുടെ പതിവ് വാർത്താസമ്മേളനത്തിന് കുറഞ്ഞ സമയം മാത്രമേ ദൃശ്യ മാദ്ധ്യമങ്ങൾ നല്കിയിരുന്നുള്ളൂ. ഇപ്പോൾ അത് മാറി. മൈക്കും കാമറയും കുറച്ചുനേരം കൂടി മുല്ലപ്പള്ളിക്ക് അനുവദിക്കാൻ അവർ തയ്യാറായി. പഴയ ഒരു ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് പോലെയായി കാര്യങ്ങൾ: അവിടെ ആരോപണം, ഇവിടെ പ്രത്യാരോപണം....ജാഥകൾക്കൊപ്പം രാത്രിയിലെ ചാനൽ ചർച്ചകൾക്കും കൊഴുപ്പേറി.

കണ്ടകശനിയിൽ ബി.ജെ.പി

തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും ഉറക്കമുണരാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം. തമ്മിൽതല്ലും വിഭാഗീയതയും ബി.ജെ.പിയെ അടിമുടി ബാധിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം മുതിർന്ന നേതാക്കൾ വരെ പരസ്യമായും രഹസ്യമായും സമ്മതിക്കുന്നു. ഹിന്ദി ഹൃദയഭൂമിയിൽ താമരയ്ക്കു തണ്ടുതളർച്ച വന്നേക്കാമെന്നും അതിനു പകരമായി ദക്ഷിണേന്ത്യയിൽ നിന്നു പരമാവധി നേട്ടം സമാഹരിക്കണമെന്നുമാണ് പാർട്ടിയുടെ ദേശീയ നേതൃത്വം കരുതുന്നത്. അതിനൊത്ത ചുവടുവയ്പ്പിലാണ് തമിഴകവും കർണാടകവും ആന്ധ്രയും തെലങ്കാനയും. എന്നാൽ കേരളനേതൃത്വമാവട്ടെ ഇവ്വിധമുള്ള ഓപ്പറേഷനൊന്നും അറിഞ്ഞ മട്ടേയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി നാലുസീറ്റിലെങ്കിലും വിജയിക്കണമെന്ന ആഗ്രഹം പാർട്ടി ദേശീയ നേതൃത്വം നേരത്തെ നൽകിയതാണ്. എന്നാൽ അതിനൊന്നും പറ്റിയ കാലാവസ്ഥയല്ല കേരളത്തിലെ സംഘടനയ്ക്കുള്ളിൽ.

ദീർഘകാലമായി തുടരുന്ന പി.കെ കൃഷ്ണദാസ്‌-വി. മുരളീധരൻ വിഭാഗങ്ങളുടെ ഗ്രൂപ്പുപോര് താഴെ തലത്തിൽ വരെ എത്തിനിൽക്കുന്നു. കുമ്മനത്തിന്റെ സ്ഥാനമാറ്റത്തിലെത്തിയ ആഭ്യന്തര സംഘർഷം, പുതിയ പ്രസിഡന്റായി ഇരുവിഭാഗത്തിലും പെടാത്ത ഒരാളെത്തിയിട്ടും മാറ്റമില്ലാത തുടരുകയാണ്. സംസ്ഥാന പ്രസിഡന്റായി അഡ്വ. പി.എസ് ശ്രീധരൻപിള്ള ചുമതലയേറ്റ അന്നു മുതൽ വി.മുരളീധരനും കെ. സുരേന്ദ്രനും നേതൃത്വം നൽകുന്ന വിഭാഗം കടുത്ത അതൃപ്തിയിലാണ്. പിന്നീട് ഭാരവാഹികളെ നിശ്ചയിച്ചതോടെ അകൽച്ച കൂടി. ശബരിമല വിഷയം വന്നുപെട്ടതോടെ അതു പൊട്ടിത്തെറിയിലേക്കു കടന്നു. ഈ ഘട്ടത്തിലാണ് ചൂരലുമായി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തിയത്. അന്നു നേതാക്കളെയെല്ലാം മേശയ്ക്കു ചുറ്റുമിരുത്തി ഷാ മുന്നറിയിപ്പു നൽകിയതാണ്. കേരളത്തിലെ പാർട്ടി നേതാക്കളുടെ പ്രവർത്തന രീതിയും കഴിവുകേടും എണ്ണിപ്പറഞ്ഞ ഷാ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള പണി തുടങ്ങിയില്ലെങ്കിൽ മേലിൽ ഒരു സൗകര്യവും പ്രതീക്ഷിക്കേണ്ടെന്നും തുറന്നടിച്ചു.

അമിത് ഷായുടെ ഭീഷണി ഫലം ചെയ്യുമെന്ന സൂചന കണ്ടുതുടങ്ങിയെങ്കിലും ശബരിമല വിഷയത്തിലുള്ള സെക്രട്ടറിയേറ്റു നടയിലെ സത്യാഗ്രഹത്തോടെ സംസ്ഥാന ബി.ജെ.പി പഴയ പടിയായി. സമരത്തെ പരസ്യമായി വി. മുരളീധരൻ എതിർത്തു. പോകെ പോകെ അണികളും സമരത്തെ കയ്യൊഴിഞ്ഞു. സമരശേഷം നടന്ന കോർകമ്മിറ്റി യോഗത്തിൽ ഇതേചൊല്ലി തർക്കമുണ്ടായി. വിഭാഗീയത ആർ.എസ്.എസിനെയും അസ്വസ്ഥമാക്കി. ഇടപെടാൻ ഇനിയും അമാന്തിച്ചാൽ കാര്യങ്ങൾ കൈവിടുമെന്നു സംഘം ദേശീയ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി. ഇമ്മട്ടിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഇവിടെ താമരവിരിയാൻ ഇനിയും കാലങ്ങൾ കാത്തിരിക്കണമെന്നു അമിത് ഷായ്ക്കും തോന്നിക്കാണണം. അങ്ങനെയാണ് പാലക്കാട് ബൈഠക് എന്ന നിർദ്ദേശം ഉയർന്നു വന്നത്.

എന്തായാലും സംസ്ഥാനത്തെ ഒട്ടുമുക്കാൽ നേതാക്കളെയും വിളിച്ചുവരുത്തി ഉപദേശിച്ചു, ഷാ. ഏതുവിധേനയും പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകാനായില്ലെങ്കിൽ ഫലം അതിദയനീയമായിരിക്കുമെന്ന ബോദ്ധ്യം നേതൃത്വത്തിനുണ്ട്. അതിനുള്ള ചില ഒറ്റമൂലി പ്രയോഗം നടത്തിയാണ് ഷാ പാലക്കാട് വിട്ടത്. മരുന്നു ഫലിക്കുന്നതിന്റെ ലക്ഷണം വരും ദിവസങ്ങളിൽ കാണുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. യോജിപ്പിന്റെ തലം കണ്ടെത്തി എന്നു അണികളെ ബോദ്ധ്യപ്പെടുത്താൻ കൂടിയാണ് ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നാലു പരിവർത്തന ജാഥകൾ നയിക്കാനുള്ള തീരുമാനം.

കണ്ണന്താനത്തിന്റെ പരിദേവനം

ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങിയതിന്റെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ അഭിമാനംകൊണ്ട ആളാണ് കേന്ദ്രമന്ത്രി കണ്ണന്താനം. എന്നാൽ വീരമൃത്യൂ വരിച്ച സൈനികന്റെ ഭൗതിക ശരീരത്തിനുമുന്നിൽ നിന്നുള്ള ചിത്രം തന്റെ സെൽഫിയെന്ന പേരിൽ പറന്നു നടക്കുന്നത് പൊറുക്കാനാകില്ലെന്നാണ് കണ്ണന്താനം പറയുന്നത്. അതു തന്റെ സെൽഫിയല്ലെന്നു വിഷയം വിവാദമായതിന്റെ അന്നുതന്നെ കണ്ണന്താനം വ്യക്തമാക്കിയതാണ്. സാധാരണ ഇത്തരം സെൽഫികളിൽ ആനന്ദം കണ്ടെത്തുന്ന കണ്ണന്താനം സൈനികന്റെ ഭൗതിക ശരീരത്തിനുമുന്നിൽ നിന്നു സെൽഫിയെടുത്തതാവാം എന്നാണ് ആ ഫോട്ടോ കണ്ടവരിലേറെയും കരുതിയത്. എന്നാൽ താനറിയാതെ, തന്റെ ചിത്രമെടുത്ത് മറ്റാരോ ദുരുദ്ദേശപരമായി പ്രചരിപ്പിച്ചു എന്നാണ് കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ പരാതി. അതദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.

നടപ്പും ഇരിപ്പും കിടപ്പും വരെ സെൽഫിയാക്കാനും അതു മറ്റുള്ളവരുടെ കണ്ണുകളിലെത്തിക്കാനും അതുവഴി ആനന്ദവും പ്രശസ്തിയും കണ്ടെത്താനും ശ്രമിക്കുന്നവരിൽ രാഷ്ട്രീയ-ഭരണ നേതൃത്വത്തിലുള്ളവർ ഒട്ടും പിന്നിലല്ല. സ്ഥാനത്തും അസ്ഥാനത്തും അതു പ്രയോഗിക്കുമ്പോഴാണ് പൊതുജനത്തിന്റെ വിമർശനത്തിന് ഹേതുവാകേണ്ടിവരുന്നത്. ഇവിടെ കണ്ണന്താനമെന്ന കേന്ദ്രമന്ത്രിയെടുത്ത സെൽഫിയോ, അദ്ദേഹത്തിന്റെ സമ്മതത്തോടെ മറ്റൊരാളെടുത്ത ചിത്രമോ ആയാലും ആ സന്ദർഭം ഒട്ടും ചേരുന്നില്ല എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അറിഞ്ഞുകൊണ്ടാണെങ്കിൽ, ഔചിത്യം കാട്ടേണ്ടത് കണ്ണന്താനമായിരുന്നു. അതല്ല, അദ്ദേഹം അറിയാതെ, ദുരുദ്ദേശത്തോടെ എടുത്തതാണെങ്കിൽ അതു കണ്ടെത്താനുള്ള നിയമപരമായ ബാദ്ധ്യത പൊലീസിനുണ്ട്. പ്രത്യേകിച്ചും വ്യാജവും അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ ചിത്രങ്ങളും രേഖകളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലത്ത്.

Read More >>