നവോത്ഥാന കാലത്തെ തെരഞ്ഞെടുപ്പ്

നിയമവും ഭരണഘടനയും മാനിക്കാതെ ചിലർ തങ്ങളുടെ ദുരഭിമാനത്തിലും കയ്യൂക്കിലും സംഘബലത്തിലും കാട്ടിക്കൂട്ടുന്ന, കേട്ടുകേൾവിയില്ലാത്ത ക്രൂരതയെയാണ് ആൾക്കൂട്ടക്കൊലയെന്നു പറയുക. ഇവിടെ തീർത്തും നിരപരാധിയായ ഒരു വിദ്യാർത്ഥിയെയാണ് വീട്ടിൽ നിന്നു വിളിച്ചിറക്കി, അമ്മയുടെ കൺമുന്നിൽ വെച്ച് തല്ലിതീർത്തത്

നവോത്ഥാന കാലത്തെ തെരഞ്ഞെടുപ്പ്

ലോക്‌സഭാ മണ്ഡലങ്ങളിലെ മത്സര ചിത്രം കൂടുതൽ വ്യക്തമായി. അങ്കത്തട്ടിൽ ആദ്യം കയറിനിന്നത് ഇടതുപക്ഷ ജനാധിപത്യ(എൽ.ഡി.എഫ്) മുന്നണിയാണ്. 20 ഇടത്തും മുന്നണിക്കു സ്ഥാനാർത്ഥികളായി. ആറു സിറ്റിങ് എം.പി മാർക്കു വീണ്ടും നറുക്കു വീണു. തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി.കരുണാകരനു മാത്രം മാറിനിൽക്കേണ്ടി വന്നു. ജയിച്ചേ അടങ്ങൂ എന്ന കണക്കുകൂട്ടലിലാണ് ആറ് എം.എൽ.എ മാരേയും എൽ.ഡി.എഫ് കളത്തിലിറക്കിയത്. പുതുമുഖങ്ങളും വനിതകളും തീരെ കുറവെങ്കിലും പരിചിതർ ഏറെയുണ്ട് സി.പി.എമ്മിൽ. നാലിടത്തെ പോരിന് സി.പി.ഐയും തട്ടിലിറക്കിയത് അടവുകൾ പടിച്ച ആശാൻമാരെ തന്നെ. ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യില്‍ മുസ്്ലിം ലീഗ് ആദ്യമായി രണ്ടിടത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അങ്കത്തട്ടില്‍ പ്രവേശിച്ചു.

വിജയസാദ്ധ്യത മാത്രം പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിർത്തിയതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിക്കുമ്പോഴും അതു നിർണയിച്ച ഘടകങ്ങൾ എന്തൊക്കെയെന്നതിനുള്ള ഉത്തരം അദ്ദേഹം വിശദമാക്കിയില്ല. അതു പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. കേവലം സ്ഥാനാർത്ഥിയുടെ ഗുണഗണങ്ങളോ സ്വഭാവ സവിശേഷതകളോ മാത്രമാവില്ലല്ലോ പരിഗണിക്കപ്പെടുക. പകരം സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധം, സമുദായബന്ധം തുടങ്ങി പത്തുവോട്ടുകിട്ടാവുന്ന എല്ലാവഴികളും കൂട്ടിക്കിഴിച്ചാണ് ഏതു പാർട്ടിയായാലും സ്ഥാനാർത്ഥിയെ നിർത്തുക. ഇക്കുറിയും സമുദായ പിന്തുണയുടെ കാര്യത്തിൽ സി.പി.എം ഇടംവലം നോക്കിയില്ല. അതുകൊണ്ടാണ് സിറ്റിങ് എം.എൽ.എമാരായിട്ടും വീണാ ജോർജ്ജിന് പത്തനംതിട്ടയിലും എ.എം ആരിഫിന് ആലപ്പുഴയിലും സീറ്റുനൽകിയത്. ആറ്റിങ്ങലിൽ നാലാം വട്ടവും എ.സമ്പത്ത് മത്സരിക്കുന്നതിനുള്ള കാരണം അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. ജോയ്‌സ് ജോർജ്, പി.കെ ശ്രീമതി എന്നിവരുടെ കാര്യത്തിലും 2014ലെ സമാനമായ സമവാക്യങ്ങളിലാണ് പാർട്ടി പ്രതീക്ഷയർപ്പിച്ചത്.

എന്നാൽ തീർത്തും രാഷ്ട്രീയമായ പോരാട്ടത്തിനായാണ് കൊല്ലത്തു കെ.എൻ ബാലഗോപാലും എറണാകുളത്ത് പി.രാജീവും വടകരയിൽ പി.ജയരാജനും കാസർകോട് കെ.പി സതീഷ് ചന്ദ്രനും പാർട്ടി സീറ്റു നൽകിയത്. പാർട്ടി മാനദണ്ഡങ്ങൾക്കപ്പുറത്തു ജയിക്കാൻ സാദ്ധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് എം.ബി രാജേഷിനെ പാലക്കാടും പി.കെ ബിജുവിനെ ആലത്തൂരും നിർത്തിയത്. ചാലക്കുടിയിൽ പ്രാദേശിക എതിർപ്പുകളെ അവഗണിച്ച് ഇന്നസെന്റിന് വീണ്ടും അവസരം നൽകിയത് ചില ഘടകങ്ങളെ സ്വാധീനിക്കാനാണ്. തുടക്കംമുതൽ അവസാനനിമിഷം വരെ അനിശ്ചിതത്വത്തിന് വഴിയൊരുക്കിയ പൊന്നാനിയിലെ കാര്യത്തിൽ പാർട്ടി പി.വി അൻവറിന്റെ സ്വാധീനത്തിനു മുന്നിൽ മറ്റെല്ലാം വിട്ടുകളഞ്ഞു. വാട്ടർതീം പാർക്കും തടയണയും പ്രചാരണവിഷയമാവുമെന്നു ചില നേതാക്കളെങ്കിലും ആകുലപ്പെട്ടിരുന്നു. എന്നാൽ അൻവറിന്റെ ആസ്തിയും സ്വാധീനവും അതിനെയെല്ലാം മറികടക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി.

20 സീറ്റും രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളും വീതിച്ചെടുത്തതിൽ ഘടകകക്ഷികൾക്കു അമർഷമുണ്ടെങ്കിലും തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ധാരണയാലാവണം അവരാരും അധികം പ്രതികരിച്ചില്ല. ദേശീയ സാഹചര്യം എന്ന കടമ്പ ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഘടകകക്ഷികളെ പറഞ്ഞിരുത്തിയത്. കൂടുതൽ സീറ്റിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യേണ്ടത് പാർട്ടിയെ സംബന്ധിച്ച് അനിവാര്യമാണെന്നു മുഖ്യമന്ത്രിയും കോടിയേരിയും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തി. എന്നാൽ 20 ഇടത്തും സ്ഥാനാർത്ഥികളെ തീരുമാനിച്ച ശേഷം, സീറ്റുവിഭജന ചർച്ചയ്ക്കു വിളിച്ച അപമാനകരമായ അവസ്ഥയെ അത്രവേഗത്തിൽ മറക്കാനാകില്ലെന്ന പരിഭവത്തിലാണ് ചില ഘടകകക്ഷികൾ.

ജനപ്രതിനിധികൾ വീണ്ടും ജയിക്കണോ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമസഭാംഗങ്ങൾക്കു നിയമതടസ്സമൊന്നുമില്ല. എന്നാൽ പാർട്ടികളും സർക്കാരും പൊതുജനങ്ങളും ചേർന്നു കോടികൾ ചെലവിട്ടു നിയമസഭാംഗമായ ഒരാൾ, ആ പദവിയിലിരിക്കെ ലോക്‌സഭയിലേക്കു മത്സരിക്കുന്നതിന്റെ യുക്തിയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ഇത്രയേറെ പണം പൊതുഖജനാവിൽ നിന്നു പാഴാക്കണോ. അതോ എം.എൽ.എമാരെ നിർത്തിയാൽ മാത്രമേ ആ സീറ്റിൽ വിജയിക്കുകയുള്ളൂ എന്നാണോ. എങ്കിൽ അവരെ നിർത്തുന്ന പാർട്ടികൾ, അത് ഇടതായാലും വലതായാലും തുറന്നു പറയണം; തങ്ങളുടെ പാർട്ടിയിൽ വിജയിക്കാൻ യോഗ്യരായ മറ്റൊരാളും ഇല്ലെന്ന്.

ഇടതിൽ ആറ് എം.എൽ.എമാരാണ് ഇക്കുറി ലോക്‌സഭയിലേക്കു മത്സരിക്കുന്നത്. സി.പി.എം നാലുപേരെ ഇറക്കുമ്പോൾ സി.പി.ഐ രണ്ടു പേരെ. യു.ഡി.എഫിന്റെ സാദ്ധ്യതാ പട്ടികയിൽ നാല് എം.എൽ.എമാരുടെ പേരെങ്കിലുമുണ്ട്. ഫലത്തിൽ 10 നിയമസഭാംഗങ്ങളെങ്കിലും മത്സരിക്കാനുള്ള സാദ്ധ്യതയാണ് തെളിഞ്ഞു വരുന്നത്. ഇവർ പത്തുപേരും ജയിച്ചാൽ 10 ഇടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ഓരോ തെരഞ്ഞെടുപ്പിലും ചെലവാകുന്ന തുകയുടെ ഏകദേശ കണക്കു മനസ്സിൽ കണ്ടാൽ ബോദ്ധ്യമാകും പാഴ്‌ചെലവിന്റെ വ്യാപ്തി.

പാർട്ടികൾക്കും മുന്നണികൾക്കും പകരം ആളെ കണ്ടെത്താനാകാത്തതു കൊണ്ടല്ല, ഇത്രയും എം.എൽ.എമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. പകരം സാമുദായിക, മത സ്വാധീനങ്ങളും ഒപ്പം ആത്മവിശ്വാസക്കുറവും. പാർട്ടികളുടെ ആഭ്യന്തരവിഷയങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ പേരിൽ പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഇത്തരം നടപടികളിൽ നിന്നു പിന്മാറാൻ രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. വ്യക്തിയെ മാത്രം ആശ്രയിച്ചല്ല ജനങ്ങൾ തെരഞ്ഞെടുപ്പവകാശം വിനിയോഗിക്കുന്നത്. ആ വ്യക്തി ഉൾപ്പെടുന്ന പ്രസ്ഥാനം, അതു മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം, പൊതുസാഹചര്യം, പാർട്ടി-മുന്നണി പരിപാടി എന്നിവയെ കൂടി പരിഗണിച്ചാണ് ആളുകൾ വോട്ടു ചെയ്യുന്നത്. ഈ യാഥാർത്ഥ്യത്തിൽ ഒട്ടും വിശ്വാസമില്ലാത്തതാണ് പാർട്ടി നേതൃത്വങ്ങളെ ഇത്തരം പരീക്ഷണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്.

ഏറ്റുമുട്ടൽ വ്യാജമോ

പൊലീസിന്റെ വെടിയുണ്ട എല്ലാ കാലത്തും വിവാദങ്ങളിലാണ് ചെന്നു തറക്കുക. മാവോയിസ്റ്റ് സി.പി.ജലീലിന്റെ തലയ്ക്കു പിന്നിൽ പതിച്ച വെടിയുണ്ട വിവാദങ്ങൾക്കൊപ്പം ചില സൂചനകളും പകരുന്നുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് വയനാട് വൈത്തിരിക്കടുത്ത് റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സി.പി.ഐ മാവോയിസ്റ്റ് കബനി, നാടുകാണി ദളം പ്രവർത്തകനായ സി.പി ജലീൽ വെടിയേറ്റുമരിക്കുന്നത്. എന്നാൽ അത് ഏറ്റുമുട്ടലല്ലെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ ജലീലിനെ പൊലീസ് കൊല്ലുകയായിരുന്നു എന്നുമാണ് ബന്ധുക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ആരോപണം. ശരീരത്തിൽ വെടിയുണ്ട ഏറ്റ ഭാഗത്തെ മുറിവിന്റെ സ്വഭാവവും പിൻഭാഗത്തു വെടിയേറ്റതും ആരോപണത്തിന് ബലം നൽകുന്ന തെളിവായി ബന്ധുക്കൾ നിരത്തുന്നുമുണ്ട്.

2016 നവംബർ 24ന് നിലമ്പൂർ കരുളായി വനത്തിൽ തമിഴ്‌നാട് സ്വദേശികളായ കുപ്പുദേവരാജ്, കാവേരി എന്ന അജിത എന്നീ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സമയത്തും സമാനമായ ആരോപണം പൊലീസിനു നേരെ ഉയർന്നിരുന്നു. വിവാദങ്ങളെ തുടർന്നു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതെങ്ങുമെത്തിയില്ല. ഏറ്റുമുട്ടൽ കൊലകൾക്കെതിരെ വ്യാപകമായ പരാതികൾ ഉയരുകയും അതു രാഷ്ട്രീയ വിഷയമായി ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ ഉയർത്തിക്കൊണ്ടു വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമാനമായ ആരോപണം കേരളത്തിലും ആവർത്തിക്കുന്നത്. അതുകൊണ്ടു വൈത്തിരി വെടിവയ്പ്പുമായി ബന്ധപ്പെട്ട സത്യസന്ധമായ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. പൊലീസ് പറയുന്നതപ്പാടെ വിശ്വസിച്ച് ആ മരണവും ഏറ്റുമുട്ടൽ പട്ടികയിൽ എഴുതി ചേർക്കുകയല്ല സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. പകരം നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ എന്തായാലും പൊതുസമൂഹത്തെ അറിയിക്കുകയാണ് വേണ്ടത്.

നിയമവും വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളും ജനാധിപത്യരീതികളും അവഗണിച്ചുകൊണ്ടുള്ള പ്രവർത്തന രീതിയാണ് മാവോയിസ്റ്റുകൾ സ്വീകരിക്കുന്നത്. അത്തരം പ്രവർത്തനങ്ങളെ ജനവിരുദ്ധമായും ദേശവിരുദ്ധമായും തന്നെ ഭരണകൂടം കാണേണ്ടതുമുണ്ട്. എന്നാൽ അവിടെ സ്വീകരിക്കേണ്ട നിയമപ്രകാരമുള്ള നടപടികൾക്കപ്പുറം പൊലീസ് പോകുമ്പോഴാണ് വിമർശനവും ദുഃസൂചനയും ഉയരുന്നത്. ഇങ്ങോട്ടു വെടിവയ്ക്കുമ്പോൾ പുഞ്ചിരിയോടെയാണോ നേരിടേണ്ടത് എന്ന പൊലീസ് ചോദ്യം ശരിയാണ്. പക്ഷെ, അവിടെയും സ്വീകരിക്കാവുന്ന നിയമപരമായ മാർഗ്ഗമുണ്ടായിരുന്നു. ജീവനോടെ അയാളെ പിടികൂടിയിരുന്നെങ്കിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ കുറിച്ചും അവരുടെ പദ്ധതികളെ കുറിച്ചും പൊലീസിന് വിവരം ലഭിക്കുമായിരുന്നു. വെടിവെച്ചിട്ടതോടെ ആ സാദ്ധ്യതകൾ അസ്തമിച്ചു.

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വ്യാജ ഏറ്റുമുട്ടൽ കൊലയുടെ ചോരക്കറ ഏറെ പതിഞ്ഞിട്ടുണ്ട്. ചെറുത്തുനിൽക്കാൻ പോലും കെല്പില്ലാത്തവരെ കൊന്നുത്തള്ളിയ സംഭവങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങളെ ഇന്നും വിടാതെ പിന്തുടരുന്നുമുണ്ട്. ഇത്തരം ഏറ്റുമുട്ടൽ നാടകങ്ങളുടെ വേദിയായി കേരളം മാറാതിരിക്കട്ടെ. വർഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രൻനായർ എന്ന പൊലീസുകാരന്റെ തുറന്നുപറച്ചിൽ ഈ നാടിന്റെ മനസ്സിലുണ്ടെന്നതും ആരും മറക്കരുത്.

ആളുമാറിയും ആൾക്കൂട്ടക്കൊല

ആൾക്കൂട്ടക്കൊലപാതകത്തിന്റെ മനഃശാസ്ത്രമെന്തായാലും അതിനെതിരെ പ്രതികരിക്കുന്ന മലയാളിയുടെ മാനസികാവസ്ഥയിൽ വിവേചനമുണ്ടെന്നു തെളിയിക്കുന്നതാണ് കൊല്ലത്തെ രഞ്ജിത്തിന്റെ ദാരുണമായ അന്ത്യം. ആളുമാറിയുള്ള ആൾക്കൂട്ടക്കൊല മാത്രമായിരുന്നില്ല അത്, ദുരഭിമാനക്കൊല കൂടിയായിരുന്നു.

ഒരു പെൺകുട്ടിയെ കളിയാക്കി എന്നാരോപിച്ചാണ് രഞ്ജിത്തിനെ അക്രമിസംഘം വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടു പോയത്. അവനല്ല അതു ചെയ്തതെന്ന അമ്മയുടെയും ആ കുട്ടിയുടെയും ദീനരോദനം ചെവിക്കൊള്ളാൻ അക്രമിസംഘത്തിന് മനസ്സുണ്ടായില്ല. തലങ്ങും വിലങ്ങും അതിക്രൂരമായി മർദ്ദിച്ച ശേഷമാണ് അക്രമികൾ രഞ്ജിത്തിനെ ഉപേക്ഷിച്ച് മടങ്ങിയത്. പത്തുദിവസത്തെ ആശുപത്രി വാസത്തിനു ശേഷം രഞ്ജിത്ത് മരണത്തിന് കീഴടങ്ങി. പെൺകുട്ടിയെ കളിയാക്കി എന്ന കുറ്റത്തിനുള്ള ശിക്ഷ മരണമാണോ. അഥവാ രഞ്ജിത്തു തന്നെയാണ് കളിയാക്കിയതെങ്കിൽ അവനെ ശിക്ഷിക്കാനും നേർവഴിയിൽ നടത്താനും നിയമവും വ്യവസ്ഥാപിത മാർഗ്ഗങ്ങൾ ഇവിടെയില്ലേ.

നിയമവും ഭരണഘടനയും മാനിക്കാതെ ചിലർ തങ്ങളുടെ ദുരഭിമാനത്തിലും കയ്യൂക്കിലും സംഘബലത്തിലും കാട്ടിക്കൂട്ടുന്ന, കേട്ടുകേൾവിയില്ലാത്ത ക്രൂരതയെയാണ് ആൾക്കൂട്ടക്കൊലയെന്നു പറയുക. ഇവിടെ തീർത്തും നിരപരാധിയായ ഒരു വിദ്യാർത്ഥിയെയാണ് വീട്ടിൽ നിന്നു വിളിച്ചിറക്കി, അമ്മയുടെ കൺമുന്നിൽ വെച്ച് തല്ലിതീർത്തത്. ഇത്രയെല്ലാം ഉണ്ടായിട്ടും. രഞ്ജിത്തും അവന്റെ അമ്മയും മലയാളിയെ ഒരു നേരമെങ്കിലും അസ്വസ്ഥമാക്കിയില്ല.

സാംസ്ക്കാരിക നായകരെയും അത് അലോസരപ്പെടുത്തിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കും അതു പ്രതിഷേധവിഷയമായില്ല. കൊന്നത് തങ്ങളിൽപ്പെട്ടവനല്ലെന്ന സുരക്ഷിതബോധത്തിൽ കഴിയുകയാണ് ഓരോ മലയാളിയും. എന്നാൽ വൈകാതെ ഈ സാമൂഹ്യവിപത്ത് തങ്ങളുടെയും ഉമ്മറത്തെത്തും എന്ന ബോദ്ധ്യം ഉണ്ടായിരുന്നാൽ നന്ന്. കാരണം രഞ്ജിത്തിനെ കൊലപ്പെടുത്തിയത് ആളുമാറിയാണ്.

ആൾക്കൂട്ടക്കൊലയുടെ അതിഭീകരമായ അനുഭവമുള്ളവരാണ് ഇപ്പോൾ മലയാളികളും. മുമ്പ്, തമിഴ്‌നാട്ടിലും രാജസ്ഥാനിലും ഉത്തർപ്രദേശിലുമൊക്കെ കണ്ണിൽച്ചോരയില്ലാത്ത ഇത്തരം ക്രൂരതകൾ അരങ്ങേറുമ്പോൾ നടുങ്ങിപ്പോയവർ, അട്ടപ്പാടിയിലെ മധുവിനെ അടിച്ചുകൊന്നതിലൂടെ മലയാളികളും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്നുറപ്പിച്ചു. ഏറ്റവും ഒടുവിൽ കൊല്ലത്ത് ആളുമാറി ഒരു വിദ്യാർത്ഥിയുടെ ജീവനെടുത്തപ്പോഴും നാം 'മുന്നേറുക'യാണെന്നു മലയാളി മേനിപറയുകയാണ്.

Read More >>