രാജ്യ തലസ്ഥാനം ആർക്കൊപ്പം നിൽക്കും

കേന്ദ്രത്തിന്റെ ഇടപെടൽ മൂലം ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കാൻ സംസ്ഥാനത്തിന് സാധിച്ചില്ലെന്ന പ്രചാരണമാണ് എ.എ.പി നടത്തുന്നത്. പല ലോക്‌സഭ മണ്ഡലങ്ങളിലേക്കും അനൗദ്യോഗികമായി എ.എ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കോൺഗ്രസ്സുമായി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്‌

രാജ്യ തലസ്ഥാനം   ആർക്കൊപ്പം നിൽക്കും

സിദ്ദീഖ് കെ

2014ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കക്ഷി നില

ആകെ സീറ്റ് 7

ബി.ജെ.പി 7

ഏഴു നഗരങ്ങളുടെയും ആയിരം സ്മാരകങ്ങളുടെയും പട്ടണം എന്നാണ് ഡൽഹിയെപ്പറ്റി പറയാറ്. ഈ സ്മാരകങ്ങളിൽ ഏറിയകൂറും ശവക്കല്ലറകളാണ്. പടയോട്ടങ്ങളുടെയും കുടിയേറ്റങ്ങളുടെയും കഥ പറയുന്ന പഴയ ഡൽഹിയും ആധുനിക ഭരണകൂട സങ്കല്പങ്ങൾക്കനുസരിച്ച് ബ്രിട്ടീഷുകാർ പണിതീർത്ത ല്യൂട്ടൻസ് ഡൽഹിയും ചേർന്നതാണ് ഇപ്പോഴത്തെ ഡൽഹി. ക്രിസ്തുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡൽഹിയിലെ ആദ്യനഗരമായ ഇന്ദ്രപ്രസ്ഥം സമൃദ്ധി പ്രാപിച്ചിരുന്നു എന്നാണ് ചരിത്രം. പിന്നീട് തോമർ രജപുത്രർ, അജ്മീറിലെ ചൗഹാൻമാർ, അടിമരാജവംശം എന്നിവർ ഡൽഹി വാണു. പിന്നീട് ഖിൽജി, തുഗ്ലക്, സയ്യിദ്, ലോധി രാജവംശങ്ങൾ ഉൾപ്പെട്ട ദില്ലി സുൽത്താനേറ്റിന്റെ കീഴിലായി ഡൽഹി. 1399-ൽ പേർഷ്യയിലെ തിമൂർ ഡൽഹി ആക്രമിച്ചു. ലോധി രാജവംശത്തിലെ ഇബ്രാഹിം ലോധിയെ 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തിയ ബാബർ ഡൽഹിയിൽ മുഗൾ സാമ്രാജ്യത്തിന് ആരംഭം കുറിച്ചു. പിന്നീടുള്ള മുഗൾ ചരിത്രവും അതിന്റെ ഭാഗമായ സ്മാരകങ്ങളുമാണ് സമകാലിക ഇന്ത്യയിലെ സംഘപരിവാറിന്റെ രഥയാത്രകൾക്കും വർഗ്ഗീയ പോർവിളികൾക്കും കാരണമായത്. അങ്ങനെ ബാബരി മസ്ജിദ് തച്ചുതകർക്കപ്പെട്ടെങ്കിൽ താജ്‌മഹൽ ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങൾ പേരുമാറ്റ ഭീഷണിയിൽ ആണ്.

രാജവംശങ്ങളുടെ തകർച്ചയ്ക്ക് ശേഷംഏതാണ്ട് 200 വർഷം ഡൽഹി അപ്രധാന നഗരമായി. 1911-ൽ ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയതോടെയാണ് ഡൽഹിക്ക് വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവന്നത്. ഏറെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡൽഹി, പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി.

ആദ്യ നിയമസഭാതെരഞ്ഞെടുപ്പ്

സ്വതന്ത്രത്തിന് ശേഷം 1952 മാർച്ച് 27നാണ് ആദ്യമായി ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 48 മണ്ഡലങ്ങളാണ് ഡൽഹിയിൽ ഉണ്ടായിരുന്നത്. ഇതിൽ ആറെണ്ണത്തിൽ നിന്ന് രണ്ട് അംഗങ്ങളെ വീതമാണ് തെരഞ്ഞെടുത്തിരുന്നത്. ബാക്കി 36 മണ്ഡലങ്ങളിൽ നിന്നു ഓരോ അംഗങ്ങളെ വീതവും തെരഞ്ഞെടുക്കുന്ന രീതിയായിരുന്നു അന്ന്. 47 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 39 സീറ്റുകൾ നേടി. 31 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിയുടെ പഴയ രൂപമായ ഭാരതീയ ജനസംഘം അഞ്ചു സീറ്റുകളിൽ വിജയിച്ചു. ആറു സീറ്റുകളിൽ മത്സരിച്ച സോഷ്യലിസ്റ്റ് പാർട്ടി രണ്ടും അഞ്ചു സീറ്റിൽ ജനവിധി തേടിയ അഖില ഭാരതീയ ഹിന്ദു മഹാസഭ ഒരു സീറ്റും നേടി. ഒരു സീറ്റിൽ സ്വതന്ത്രനും ജയിച്ചു. നാങ്ക്‌ളോയി ജാട്ട് മണ്ഡലത്തിൽ നിന്ന് വിജയിച്ച ചൗധരി ബ്രഹ്മ പ്രകാശ് യാദവ് മുഖ്യമന്ത്രിയായി. 1955 ഫെബ്രുവരി 12 വരെ അദ്ദേഹം തുടർന്നു. ശേഷം 1956 വരെ ഏകദേശം ഒരു വർഷം ഗുരുമുഖ് നിഹാൽ സിങ് ഇടക്കാല മുഖ്യമന്ത്രിയായി.

കേന്ദ്ര ഭരണ പ്രദേശം

1956ലെ സംസ്ഥാന പുനഃസംഘടനാ നിയമം അനുസരിച്ച് ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സ്വാതന്ത്ര്യത്തിന് ശേഷം ഭാഷാടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഡൽഹി കേന്ദ്ര ഭരണ പ്രദേശമായി. അതിന് ശേഷം 1993ലാണ് ഡൽഹിയിൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിൽ 70ൽ 49 സീറ്റ് നേടി ബി.ജെ.പി വിജയിച്ചു. 14 സീറ്റ് വിജയിച്ച കോൺഗ്രസ്സും നാലു സീറ്റ് നേടിയ ജനതാദളും പ്രതിപക്ഷത്തിരുന്നു. മൂന്ന് സീറ്റുകളിൽ കക്ഷിരഹിതരും വിജയിച്ചു. 1993 മുതൽ 1998 വരെയുള്ള ഒരു അസംബ്ലി കാലയളവിൽ മൂന്നു മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പി പരീക്ഷിച്ചത്. 1993 മുതൽ 1996 വരെ മദൻ ലാൽ ഖുറാന മുഖ്യമന്ത്രിയായി. 1996 മുതൽ 1998ന്റെ തുടക്കം വരെ സാഹിബ് സിങ് വർമ്മയും 1998ലെ ശേഷിക്കുന്ന മാസങ്ങൾ സുഷമ സ്വരാജും മുഖ്യമന്ത്രി കസേരയിലിരുന്നു. 1998 നവംബർ 25ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പിച്ച വിജയം നടി. 70ൽ 52 സീറ്റുകൾ നേടിയ കോൺഗ്രസ്, ഷീല ദീക്ഷിത്തിനെ മുഖ്യമന്ത്രിയാക്കി. പിന്നീട് 2013 വരെ തുടർച്ചയായി 15 വർഷം ഷീല ദീക്ഷിത്ത് മുഖ്യമന്ത്രിയായി തുടർന്നു.

2013 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പക്ഷെ, ആം ആദ്മി പാർട്ടി(എ.എ.പി)യിലെ അരവിന്ദ് കെജരിവാളിനോട് ന്യൂ ഡൽഹി മണ്ഡലത്തിൽ അവർ തോറ്റു. 2013ലെ തെരഞ്ഞെടുപ്പിൽ 31 സീറ്റു നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 28 സീറ്റു നേടി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് എട്ടു സീറ്റിൽ ഒതുങ്ങി. കോൺഗ്രസ്സിന്റെ എട്ടുപേരുടെ പിന്തുണയോടെ അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രിയായി. എന്നാൽ 49 ദിവസമേ കെജരിവാൾ മന്ത്രിസഭ ഉണ്ടായുള്ളു. കോൺഗ്രസ്സും ബി.ജെ.പിയും ജൻ ലോക്പാൽ ബില്ല് പാസാക്കാൻ തടസ്സം നിൽക്കുന്നുവെന്ന് ആരോപിച്ച് 2014 ഫെബ്രുവരി 14ന് അരവിന്ദ് കെജരിവാൾ മന്ത്രിസഭ രാജിവെച്ചു.

കെജരിവാളിന്റെ രണ്ടാം വരവ്

2015 ഫെബ്രുവരി ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും നേടി കെജരിവാൽ ചരിത്രം രചിച്ചു. ശേഷിച്ച മൂന്ന് സീറ്റ് നേടിയ ബി.ജെ.പി ആശ്വാസം വിജയം കരസ്ഥമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ നിന്ന് മാഞ്ഞു. ധനിക, ദരിദ്ര വ്യത്യാസമില്ലാതെ ജനങ്ങൾ എ.എ.പിയെ പിന്തുണച്ചതിന്റെ ഫലമായിരുന്നു എ.എ.പിയുടെ വിജയം. ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി 2015 ഫെബ്രുവരി 14ന് അരവിന്ദ് കെജരിവാൾ അധികാരമേറ്റു. പിന്നീട് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും ലഫ്. ഗവർണറുമായുള്ള അധികാരത്തർക്കങ്ങളുമായി കെജരിവാൾ സർക്കാർ നാലു വർഷം പൂർത്തിയാക്കി. കേന്ദ്രസർക്കാരുമായുള്ള അധികാര തർക്കങ്ങളും പാർട്ടിക്കുള്ളിലെ ആഭ്യന്തരകലഹങ്ങളും എ.എ.പിയെ ദുർബ്ബലമാക്കി. പാർട്ടിയുടെ സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവർ പാർട്ടിക്കു പുറത്തായി. എം.എൽ.എമാരിൽ വിമതരുടെ എണ്ണം കൂടി. 2017ൽ രജൗറി ഗാർഡൻ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എ.എ.പി വൻ പരാജയം ഏറ്റുവാങ്ങി. സ്ഥലം എം.എൽ.എ ആയിരുന്ന ജർണൈൽ സിങ് 2017ൽ എം.എൽ.എ പദവി രാജിവെച്ച് പഞ്ചാബിൽ പോയി സിറ്റിങ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ മത്സരിച്ച് തോറ്റു. രജൗറി ഗാർഡനിൽ ജർണൈൽ സിങ്ങിന് പകരക്കാരനായെത്തിയ ഹർജീത് സിങ് 10,243 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. 40,602 വോട്ട് നേടിയ ബി.ജെ.പി വിജയിച്ചു. 25,950 വോട്ട് നേടിയ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി. തുടർന്ന് ഭവാനയിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എ.എ.പി വിജയിച്ചു. ഈ വിജയത്തിന് ഏറെ പ്രാധാന്യമുണ്ട്. 52 ഗ്രാമങ്ങൾ അടങ്ങിയ പ്രദേശമാണ് മുമ്പ് ഭവാനി എന്നറിയപ്പെട്ട ഭവാന മണ്ഡലം (52ന് ഹിന്ദിയിൽ ഭാവൻ എന്നാണ് പറയുന്നത്, ആ വാക്കിൽ നിന്നാണ് ഭവാന ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്) എസ്.സി സംവരണ മണ്ഡലമാണ്. കർഷകസമൂഹമായ ജാട്ടുകൾക്കാണ് മണ്ഡലത്തിൽ നിർണ്ണായക സ്വാധീനം. യമുനയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം കൃഷി യോഗ്യമായ സ്ഥലമാണ്. കർഷകരും സാധാരണക്കാരുമാണ് മണ്ഡലത്തിലെ ജയപരാജയങ്ങളെ സ്വാധീനിക്കുക. സമ്പന്നർക്കും മദ്ധ്യവർഗ്ഗക്കാർക്കും ഭൂരിപക്ഷമുള്ള രജൗറി ഗാർഡനിലെ ഉപതെരഞ്ഞെടുപ്പിൽ എ.എ.പി വൻ തിരിച്ചടി നേരിട്ടപ്പോൾ, കർഷകരും ഏറ്റവും സാധാരണക്കാരും കൂടുതലുള്ള ഭവാന എ.എ.പിയെ പിന്തുണച്ചു. ഇതൊരു സൂചനയാണ്. ഈ രണ്ടു മണ്ഡലങ്ങളിലും തങ്ങൾക്ക് നില മെച്ചപ്പെടുത്താനായത് കോൺഗ്രസ്സിന് പ്രതീക്ഷ നല്കുന്നു. രജൗറി ഗാർഡനിൽ വിജയിക്കാനായില്ലെങ്കിലും എ.എ.പിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചു. ഭവാന ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായെങ്കിലും രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം 3915 മാത്രമായിരുന്നു.

2013ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ഓളം 2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് ഡൽഹിയിലുണ്ടാക്കാനായില്ല. എന്നാൽ, രാജ്യതലസ്ഥാന നഗരിയിലെ ഏഴു ലോക്‌സഭ മണ്ഡലങ്ങളിലും പാർട്ടി കോൺഗ്രസ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാനത്തെ ഏഴു ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചു.

സാമ്പത്തിക മേഖലയിലെ മൂന്നാമത്തെ ഘടകമായ സർവീസ് മേഖലയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ 70 ശതമാനവും. 11 ജില്ലകളാണ് രാജ്യ തലസ്ഥാന മേഖലയിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ജോലി ആവശ്യാർത്ഥവും മറ്റും കുടിയേറി താമസിക്കുന്നതിനാൽ ഡൽഹി വൈവിദ്ധ്യം നിറഞ്ഞ ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്. രാജ്യത്തിന്റെ മൊത്തം പരിച്ഛേദമായതിനാൽ ഇന്ത്യയുടെ വികാരമാണ് ഡൽഹി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്നാണ് പറയാറ്.

പ്രതീക്ഷകൾ

ഉദ്യോഗസ്ഥരും യുവജനങ്ങളുമാണ് ജാതി-മത സമവാക്യങ്ങളേക്കാൾ സംസ്ഥാനത്തിന്റെ വിധി നിർണ്ണയിക്കുക. നാലു വർഷത്തെ എ.എ.പി ഭരണത്തിന് സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ മാറ്റം വരുത്താൻ സാധിച്ചുവെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. റേഷൻ അടക്കമുള്ള അവശ്യ സേവനങ്ങൾ നേരിട്ട് വീടുകളിൽ എത്തിക്കുന്ന സംവിധാനവും വെള്ളം, വൈദ്യുതി എന്നിവയുടെ വാടക പകുതിയാക്കി കുറച്ചതും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ആം ആദ്മി പ്രവർത്തകരുടെ കണക്കുകൂട്ടൽ.

സംസ്ഥാന സർക്കാറുമായി കേന്ദ്ര സർക്കാർ നിരന്തരം നടത്തിയ ഏറ്റുമുട്ടലുകൾ ബി.ജെ.പിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവാനാണ് സാദ്ധ്യത. എ.എ.പി സർക്കാരിനോടുള്ള വിരോധം തീർക്കുന്നതിന് കേന്ദ്ര സർക്കാർ ലെഫ്. ഗവർണറെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങൾ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് എ.എ.പി നടത്തുന്നത്. കേന്ദ്രത്തിന്റെ ഇടപെടൽ മൂലം ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കാൻ സംസ്ഥാനത്തിന് സാധിച്ചില്ലെന്ന പ്രചാരണമാണ് എ.എ.പി നടത്തുന്നത്. പല ലോക്‌സഭ മണ്ഡലങ്ങളിലേക്കും അനൗദ്യോഗികമായി എ.എ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കോൺഗ്രസ്സുമായി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ത്രികോണ മത്സരത്തിലേക്ക് നീങ്ങിയാലും ഇക്കുറി ഏഴിൽ ഏഴും സീറ്റും വിജയിക്കാൻ ബി.ജെ.പിക്കാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മുൻ തെരഞ്ഞെടുപ്പുകളിലെ കക്ഷി നില

മുൻ ലോക്‌സഭ തെരഞ്ഞെടുപ്പുകളിലധികവും ഏതെങ്കിലും ഒരു പാർട്ടിക്ക് എല്ലാ സീറ്റുകളും നൽകുന്ന തരത്തിലാണ് ഡൽഹി വിധിയെഴുതാറുള്ളത്.

2009ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു സീറ്റും കോൺഗ്രസ് നേടി. 2004 ൽ സൗത്ത് ഡൽഹി മണ്ഡലം ഒഴികെ ബാക്കി ആറു സീറ്റിലും കോൺഗ്രസ് വിജയിച്ചു. നേരത്തെ, 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഇതിനു മുമ്പ് ബി.ജെ.പി ഡൽഹിയിലെ ഏഴു സീറ്റിലും വിജയിച്ചത്. 1998ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കരോൾബാഗ് മണ്ഡലം കോൺഗ്രസ്സിന്റെ മാനം കാത്തു. അന്ന് കോൺഗ്രസിന്റെ ഏക പ്രതിനിധിയായി മീരാ കുമാർ ലോക്‌സഭയിൽ എത്തി. ബാക്കി ആറു സീറ്റിലും ബി.ജെ.പി അംഗങ്ങൾ ജയിച്ചു.

പാർട്ടികളുടെ നേതൃത്വം

നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായ മനോജ് തിവാരിയാണ് ബി.ജെ.പിയുടെ ഡൽഹി ഘടകം പ്രസിഡന്റ്. മുൻ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്താണ് ഇപ്പോൾ സംസ്ഥാനത്ത് കോൺഗ്രസ്സിനെ നയിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന അജയ് മാക്കൻ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ജനുവരി പത്തിനാണ് 80 കാരിയായ ഷീല ദീക്ഷിത്ത് വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയത്. ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പാർട്ടിയുടെ നേതൃത്വത്തിൽ തുല്യപ്രാധാന്യം നൽകാനും കോൺഗ്രസ് ശ്രദ്ധിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരെ വീതം പരിഗണിച്ച് മൂന്നു വർക്കിങ് പ്രസിഡന്റുമാരെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്.

മയുർവിഹാർ, ദിൽഷാദ് ഗാർഡൻ തുടങ്ങിയ മലയാളികൾ കൂട്ടമായി താമസിക്കുന്ന മേഖലകളും ന്യൂനപക്ഷങ്ങളും പഞ്ചാബികളും താമസിക്കുന്ന ഓൾഡ് ഡൽഹി, നിസാമുദ്ദീൻ, ജംഗ്പുര ഭാഗങ്ങളും എല്ലാം കോൺഗ്രസ്സിനും എ.എ.പിക്കും ഒരു പിന്തുണ ലഭിക്കുന്ന പ്രദേശങ്ങളാണ്.

സംസ്ഥാനത്തെ വ്യവസായ മേഖലയും മുസ്ലിം ന്യൂനപക്ഷങ്ങൾ കൂട്ടമായി താമസിക്കുകയും ചെയ്യുന്ന ഓഖ്‌ല, ഷാഹിൻ ബാഗ് എന്നിവിടങ്ങളിൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടുകൾ എ.എ.പിയും കോൺഗ്രസ്സും പങ്കിട്ടത് ബി.ജെ.പിക്ക് ഗുണകരമായി. ബദർപൂർ, മുസ്തഫാബാദ്, സീലംപൂർ, മാതിയ മഹൽ, ഓഖ്‌ല, ചാന്ദ്‌നി ചൗക്, ബാബർപൂർ, ബല്ലിമാരൻ അസംബ്ലി മണ്ഡലങ്ങളാണ് മുസ്ലിം വോട്ടർമാർക്കാണ് മേൽക്കൈ.

Read More >>