വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലു...

സൂര്യാ ടി.വിയിലെ ഹാസ്യസീരിയൽ ബുള്ളറ്റ് ബാവ, തലക്കെട്ട് ശശാങ്കൻ, നായരുപിടിച്ച പുലിവാല്, പൊലീസ് സ്റ്റോറി എന്നിവയിൽ നായകനായി. നടൻ സുരാജ്‌ വെഞ്ഞാറമൂട്, വി.ഡി.രാജപ്പൻ എന്നിവർക്കൊപ്പമുള്ള അനുഭവം കരുത്തായി. വി.കെ ബ്രദേഴ്‌സ് എന്ന പേരിൽ ഒരു നാടക ട്രൂപ്പും നടത്തിയിട്ടുണ്ട് ബാലു.

വ്യത്യസ്തനാമൊരു  ബാര്‍ബറാം ബാലു...

കാര്‍ത്തികേയന്‍ ദാമോദരന്‍


പാലക്കാട്: 'കഥ പറയുമ്പോൾ' എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച വ്യത്യസ്തനായ ബാർബർ ബാലനിൽ നിന്ന്‌ അൽപ്പംകൂടി 'വ്യത്യസ്തനായ' ഒരു ബാലനുണ്ട്, പാലക്കാട് റോബിൻസൻ റോഡിലുള്ള ബാലൻ ബ്രദേഴ്‌സ് എന്ന സലൂണിൽ. സിനിമയിൽ ബാലന്റെ കൂട്ടുകാരനായ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമാണ് സിനിമാ മോഹിയെങ്കിൽ ബാലു വടവന്നൂർ എന്നറിയപ്പെടുന്ന ഈ ബാലന്റെ കൂട്ടുകാരനല്ല; ബാലു തന്നെയാണ് സിനിമാമോഹി. അതുകൊണ്ട് കാതിലെ കടുക്കനൊന്നും ഒരു സുഹൃത്തിനും ഊരിക്കൊടുക്കേണ്ടി വന്നിട്ടുമില്ല. വെറുമൊരു ബാർബറല്ല പാലക്കാട്ടെ ബാലൻ. ഒരു താരമാണ്. പാട്ടിൽ പറയുംപോലെ ആമാശയത്തിന്റെ ആശ നിറവേറ്റാൻ രോമാശയങ്ങൾ അറുക്കുന്ന വീരൻ.

പതിമൂന്നിലേറെ സിനിമകളിലും അറുപതിലേറെ ടെലി ഫിലിമുകളിലും ബാലു അഭിനയിച്ചു കഴിഞ്ഞു. പക്ഷെ, വ്യത്യസ്തനാമീ താരമാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിയുന്നില്ലെന്നു മാത്രം.

ഫ്ലാഷ് ബാക്ക്...

പതിനാലാം വയസിൽ ബാലനെന്ന ബാലു മദ്രാസിലെത്തിയത് സിനിമാ മോഹവുമായല്ല ബാർബർ ജോലിക്ക് വേണ്ടിയായിരുന്നു. സൂപ്പർ താരങ്ങളായ ശിവാജി ഗണേശനെയും രജനികാന്തിനെയും നേരിൽ കണ്ടതോടെ ബാലനിലെ സിനിമാമോഹം ഉണർന്നു. കുട്ടിക്കാലത്ത് കേരളോത്സവത്തിലെ ഒറ്റയാൾ നാടകങ്ങളും പിന്നീട് വേദികളിൽ കിട്ടിയ കൈയടികളും അംഗീകാരങ്ങളും ബാലുവിന്റെയുള്ളിൽ വീണ്ടും അഭിനയമോഹങ്ങളുണര്‍ത്തി. അങ്ങനെ സിനിമ തേടി നടന്ന ബാലന് 1993ൽ ടി.എസ്.മോഹനൻ സംവിധാനം ചെയ്ത് സിദ്ധിഖ് നായകനായ 'കൗശല'ത്തിൽ ആദ്യവേഷം കിട്ടി. പിന്നീട് യാദവം, ഭരണകൂടം, ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ ചിത്രങ്ങളിലും തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. മോഹൻ ശർമ്മ സംവിധാനം ചെയ്ത 'ഗ്രാമ'ത്തിലെ കഥാപാത്രം ബാലുവിനെ ശ്രദ്ധേയനാക്കി. ശീലാബതി, കനക സിംഹാസനം, പ്രിയം പ്രിയങ്കരം, റെയിൻബോ, കരിമൻ കാശപ്പൻ, കയം തുടങ്ങിയ ചിത്രങ്ങളും പിന്നാലെയെത്തി.

സൂര്യാ ടി.വിയിലെ ഹാസ്യസീരിയൽ ബുള്ളറ്റ് ബാവ, തലക്കെട്ട് ശശാങ്കൻ, നായരുപിടിച്ച പുലിവാല്, പൊലീസ് സ്റ്റോറി എന്നിവയിൽ നായകനായി. നടൻ സുരാജ്‌ വെഞ്ഞാറമൂട്, വി.ഡി.രാജപ്പൻ എന്നിവർക്കൊപ്പമുള്ള അനുഭവം കരുത്തായി. വി.കെ ബ്രദേഴ്‌സ് എന്ന പേരിൽ ഒരു നാടക ട്രൂപ്പും നടത്തിയിട്ടുണ്ട് ബാലു.

സിനിമയിലു സീരിയലിലും തിരക്കേറുമ്പോഴും പഠിച്ചപണി മറന്നുള്ള ഒരു കളിക്കും ബാലുവില്ല. വ്യത്യസ്തനായ ബാർബർ ബാലന്, നല്ലൊരു കസേരപോലുമില്ലാത്ത, നിരപ്പലകയിട്ട കടയിൽ സ്വന്തം തൊഴിൽ ആയിരുന്നെങ്കിൽ പാലക്കാട്ടെ വ്യത്യസ്തനായ ബാലൻ അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള കടയിലെ ദിവസവേതനക്കാരനാണ്. ജോലിക്കിടയിൽ അടുത്ത തമിഴ് സിനിമാ പ്രൊജക്ടിന്റെ പ്രതീക്ഷയിലാണ് ബാലു.

Read More >>