അതിജീവനം വികസനം നവോത്ഥാനം

ഒരു ബജറ്റ് കഴിഞ്ഞു അടുത്തതിലെത്തുമ്പോൾ എന്ത് നടന്നു, നടന്നില്ല എന്ന് സർക്കാർ വിലയിരുത്തണം. അത്, പദ്ധതി നടത്തിപ്പുകളുടെ അവലോകനം ആകുന്നതോടൊപ്പം, ഉത്തരവാദിത്തപ്പെട്ടവരുടെ വാർഷിക പ്രകടനം അളക്കുവാനുള്ള അവസരം കൂടിയാകും. അതിനെ അടിസ്ഥാനപ്പെടുത്തിയേ സ്ഥാനക്കയറ്റവും ഇൻക്രിമെന്റും കൊടുക്കൂ എന്നായാൽ ഉത്തരവാദിത്തപ്പെട്ടവർ ഉഷാറാകും. പക്ഷെ രാഷ്ട്രീയനേതൃത്വം അതിനൊപ്പം ഉയരണം

അതിജീവനം വികസനം നവോത്ഥാനം

രശ്മി പി ഭാസ്കരൻ

കരുതൽ, സുസ്ഥിരത, പുനർജീവനം, പ്രായോഗികത, വികസനം, എന്നിവയിൽ ഊന്നിയാണ് ഡോ. തോമസ് ഐസക് 2019-20 ലെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. പദ്ധതികൾ പ്രഖ്യാപിക്കുന്നതിലും വിഭവശേഖരണത്തിലും കരുതലിന്റെ, സുസ്ഥിരതയുടെ, പ്രായോഗികതയുടെ, വികസനത്തിന്റെ അംശം വ്യക്തമാണ്. എന്നാൽ ചെലവാക്കുന്നതിൽ കുറച്ചുകൂടി കരുതൽ വേണ്ടതുണ്ട്. ചില സർക്കാർ ചെലവുകൾ ആർഭാടമാണ്. അവ നിയന്ത്രിക്കാൻ ഇനിയൊരവസരം കിട്ടിയെന്നു വരില്ല. പലരീതിയിൽ അതിലാളനം കിട്ടുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ. ആ ലാളനം ഒന്നു കുറക്കാമായിരുന്നു. മന്ത്രിസഭാംഗങ്ങളെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും യൂണിവേഴ്‌സൽ ഹെൽത്ത് പദ്ധതിയിൽ കൊണ്ടുവരണം. അങ്ങിനെ വന്നാൽ അവർക്കുവേണ്ടി ചെലവിടുന്ന നീക്കിയിരുപ്പു കൊണ്ട് ഇൻഷുറൻസ് പ്രീമിയം അടക്കാം. ആശുപത്രി ബില്ലുകൾ സർക്കാർ അടക്കുന്നത് കാരണം ഇവരിൽ പലർക്കും ചെലവൊരു പ്രശ്‌നമല്ല. സാമാജികരുടെ കണ്ണട കേസുകൾ ഉദാഹരണം. അതുകൊണ്ട് അവരെയും യൂണിവേഴ്‌സൽ ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. കാരണം, തങ്ങളും ഇൻഷുറൻസിന്റെ പ്രായോജകരാവുമ്പോൾ, അതിന്റെ മാനദണ്ഡങ്ങൾ കൃത്യതയോടെ നടപ്പിലാക്കാൻ ഉത്സാഹം ഉണ്ടാവും.

ബജറ്റിൽ വലിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചെറിയ നീക്കുപോക്കുകളിലൂടെ വികസനത്തിനും പദ്ധതി വിപുലീകരണത്തിനും വേണ്ട അന്തരീക്ഷം ഉണ്ടാക്കുകയാണ് ചെയ്തത്. ഐടി പാർക്കുകൾ വിവര സാങ്കേതിക വിദ്യയ്ക്കു മാത്രമുള്ള ഒരു വേദി എന്നതിനപ്പുറം സ്റ്റാർട്ട് അപ്പുകളെ വ്യവസായ സംരംഭകരുമായി യോജിപ്പിക്കാനുള്ള വേദിയാക്കുന്നു. ഉൽപ്പാദകന് ഗുണകരമാകും വിധം ഉല്പന്നം വിപണിയിലെത്തിക്കേണ്ടതുണ്ട്.

കരുതലും സുസ്ഥിരതയും

വയനാട്ടിലെ കാപ്പിക്കൃഷിയായാലും കുടുംബശ്രീ ഉല്പന്നങ്ങളായാലും വിപണിയും വിലയും വെല്ലുവിളിയാണ്. കൂടുതൽ മരങ്ങൾ നട്ടു കാർബൺ പാദമുദ്രകുറച്ചു, മണ്ണിന്റെ ഗുണവും കാലാവസ്ഥയുടെ പ്രത്യേകതയും നോക്കി ഉല്പന്നങ്ങൾ ഒരു ബ്രാൻഡിന് കീഴിൽ കൊണ്ടുവന്ന് വില്പന നടത്താൻ കാപ്പി ഉൽപാദകർക്ക് കഴിയണം. ഉൽപാദകനും വിപണിക്കും ഇടക്കുള്ള വിടവ് സഹകരണ മേഖലയുടെയും വിവിധ സർക്കാർ ഏജൻസികളുടെയും സഹായത്താൽ നടപ്പിലാക്കാനുള്ള മലബാർ കോഫി, കുടുംബശ്രീ വിപണി എന്നിവയ്ക്ക് ഈ ബജറ്റിൽ ഒരു ഏകോപന മാതൃക നൽകി. കൃഷിക്കും മഹിളാ സംരംഭകർക്കും വേണ്ട നബാർഡിന്റെ അടക്കമുള്ള പല പദ്ധതികളെ ഏകോപിപ്പിച്ച് പുതുദിശ നൽകുകയും ചെയ്തു. ചെലവ് വളരെ കുറവ്, വിജയസാദ്ധ്യത കൂടുതലും.

കരുതലിന്റെ മറ്റൊരു ഉദാഹരണം വയോജനങ്ങൾക്കായുള്ള പദ്ധതികളാണ്. വാർദ്ധക്യത്തിലേക്കു നീങ്ങുന്ന സംസ്ഥാനമാണ് കേരളം. ഉയർന്ന ജീവിതദൈർഘ്യം മാത്രമല്ല, യുവാക്കളുടെ പ്രവാസവും കേരളത്തിൽ വൃദ്ധരുടെ എണ്ണം കൂട്ടുന്നു. ഇതൊരു കുടുംബപ്രശ്നവും സാമൂഹികപ്രശ്നവുമാണ്. വയോജന പരിചരണത്തിനായി 2000 കുടുംബശ്രീ പ്രവർത്തകരെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കും, വൃദ്ധർക്കായി പഞ്ചായത്തുതല പകൽവീടുകൾ, പാലിയേറ്റിവ് കെയർ സൗകര്യം, സൗഹൃദകൂട്ടായ്മകൾ എന്നിങ്ങനെ ചെറിയ ചെലവിൽ, വലിയ പങ്കാളിത്തത്തിൽ നടത്തേണ്ട ഒരു പാട് പരിപാടികൾ. അടുത്ത ബജറ്റിൽ, ബ്ലോക്ക് തലത്തിൽ വൃദ്ധസദനങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി കൊണ്ടു വരണം.

സുസ്ഥിരത എന്നത് 1990 കൾക്കു ശേഷം പ്രധാന വികസന അജണ്ടയാണ്. നദീ പുനരുദ്ധാരണം, മരംനടാനുള്ള ലോൺ, പ്രകൃതിയോടൊത്തുള്ള ഉൽപാദനം, ട്രാവൻകൂർ ടൈറ്റാനിയം അടക്കമുള്ള ഫാക്ടറികളുടെ മലിനജല സംസ്ക്കരണത്തിനുള്ള പദ്ധതികൾ, സെപ്റ്റിക് മാലിന്യവും ഖരമാലിന്യവും ശാസ്ത്രീയമായി സംസ്ക്കരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കുമുള്ള സഹായം എന്നിവ എടുത്തു പറയേണ്ടവയാണ്.

വീടുകളിൽ സൗരോർജ്ജ പ്രോത്സാഹനം കേരളത്തെ ഊർജ്ജവിപ്ലവത്തിലേക്കു നയിക്കും. നിലവിലുള്ള പദ്ധതി സർക്കാർ സ്‌കൂളുകളെയും ഓഫിസുകളെയും കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചതാണ്. അതുപോലെ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള പ്രോത്സാഹനം കാർബൺ പാദമുദ്ര കുറക്കാനുള്ള ശ്രമമാണ്. ഒപ്പം അതു പുതിയ തൊഴിൽസാദ്ധ്യതകളും ഉണ്ടാക്കും. ഇലക്ട്രിക്ക് ബസ് കമ്പനികൾ കേരളത്തിലേക്ക് വരുമ്പോൾ നിക്ഷേപവും തൊഴിലും വരും.

വെസ്റ്റ്കോസ്റ്റ് റെയിൽവേ ഒരു സ്വപ്നമാണ്. അത് നടപ്പാക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. പക്ഷെ പ്രശ്‌നം അതിന്റെ ചെലവാണ്. അതിനുള്ള വിഭവം എങ്ങനെ കണ്ടെത്തും. കാരണം റെയിൽവേ സാധാരണക്കാർക്കുള്ളതാണ്. അതിഭീമമായ യാത്രാച്ചെലവ് താങ്ങാൻ പറ്റാതെ വന്നാൽ അത് ദന്തഗോപുരവാസികൾക്ക് മാത്രമാവും. എന്നാൽ, ജലഗതാഗത പദ്ധതി ടൂറിസത്തിനു മാത്രമല്ല, സാധാരണ ജനങ്ങൾക്കും പ്രയോജനപ്പെടും. പക്ഷെ ഇതു മാറിമാറി വരുന്ന എല്ലാ സർക്കാരുകളും മുന്നോട്ടുവയ്ക്കുന്ന ഒരു നിർദ്ദേശം മാത്രമായി നില്കുകയാണ്. ഈ പദ്ധതി നടപ്പാക്കാനുള്ള ബുദ്ധിമുട്ട് എന്തെന്നു പൊതുസമൂഹത്തോട് പറയാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.

സാമൂഹികക്ഷേമ കാര്യങ്ങളിൽ എന്നും ഇടതു സർക്കാരുകൾ മുമ്പിലാണ്. ധനമന്ത്രി പറഞ്ഞ പ്രകാരം, 42 ലക്ഷം പെൻഷൻകാർ ഉള്ളതിന്റെ മൂന്നിലൊന്നു, അതായത് 14 ലക്ഷം ഈ സർക്കാരിന്റെ കാലത്തു വന്നതാണ്. അവരുടെ പെൻഷൻ തുക 500 രൂപയിൽ നിന്നും 1200 ആക്കി. ഇത്തവണ 100 രൂപ കൂട്ടി. ഒപ്പം സർക്കാർ ആരോഗ്യമേഖലയിൽ കൊണ്ടുവരുന്ന, വന്നിരിക്കുന്ന പദ്ധതികൾ ജനക്ഷേമം ഉറപ്പുവരുത്തുന്നതാണ്. ബേസിക് മിനിമംവേതനം നടപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം ഒരു പരിധി വരെ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ, ഇതിൽ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുമ്പോൾ ഒരുപാടു കരുതലുകൾ ഉണ്ടാവണം.

അതുപോലെ, പല സ്‌കീമുകളിലായി പല സർക്കാർ ആശുപത്രികളിലും ഉന്നത സാങ്കേതികവിദ്യയുടെ പ്രയോജനമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിന്റെ നടത്തിപ്പും സമയാസമയ പരിപാലനവും ഉറപ്പാക്കണം. കാരണം ഇപ്പോഴും ബഹുഭൂരിപക്ഷ സർക്കാർ ഡോക്ടർമാരും സ്വകാര്യ സേവനം തുടരുന്നുണ്ട്. പ്രൊഫഷണൽ നൈതികത ശ്രേണിയിലെ ഉന്നതർ പുലർത്തേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ആരോഗ്യമേഖലയുടെ അടിസ്ഥാനമായ ആശാ പ്രവർത്തകർക്ക് അത് നല്ല മാതൃകയല്ല. കാരണം തുച്ഛമായ വേതനത്തിൽ, ആരോഗ്യമേഖലയുടെ വിജയത്തിന് അക്ഷീണം പ്രവർത്തിക്കുന്നത് അവരാണ്. പദ്ധതികൾ മാത്രമല്ല, പദ്ധതി നടത്തിപ്പുകാരും തുല്യ പ്രാധാന്യം അർഹിക്കുന്നവരാണ്.

വരുമാന വർദ്ധനവിനായി ധനമന്ത്രി കാര്യമായ ഒന്നും ചെയ്തിട്ടില്ല. ചെയ്തവയിൽ പലതും, നയങ്ങൾ തേച്ചുമിനുക്കി നികുതി വരവ് കൂട്ടാനുള്ള ശ്രമം മാത്രമാണ്. അതും ഉദ്യോഗസ്ഥരുടെ കഴിവിനനുസരിച്ചു കൂടുകയോ കുറയുകയോ ചെയ്യും. പിന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ്. അവശ്യവസ്തുക്കളെ ഒഴിവാക്കി ആഡംബര വസ്തുക്കളിൽ ഊന്നിയാണ് പ്രളയ സെസ്. പക്ഷെ, ഇതു ചില പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ഉപഭോക്തൃ വസ്തുക്കളുടെ വ്യാപാരികളുടെ പ്രധാന എതിരാളികൾ ഓൺലൈൻ വ്യാപാരികളാണ്. അവരുടെ വില്പനയുടെ നികുതി സംസ്ഥാനങ്ങൾക്ക് കിട്ടുന്നില്ല. മാത്രമല്ല, അത് സംസ്ഥാനത്തെ ചില്ലറ വ്യാപാരികളെ പ്രയാസത്തിലാക്കുന്നുണ്ട്. വളരെ ഗൗരവത്തിൽ എടുക്കേണ്ട വിഷയമാണിത്.

മുന്‍ ബജറ്റുകളുടെ അവലോകനം

കേരളം സ്വകാര്യ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനം ആകുന്നുണ്ട്. സർക്കാരുകളും ഗുണമേന്മയുള്ള തൊഴിലാളികളും പച്ചപ്പുള്ള ഭൂപ്രകൃതിയും ഒക്കെ അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. ഏകദേശം ഒരു ലക്ഷം പുതിയ തൊഴിൽ വിവിധ ടെക്‌നോ പാർക്കുകൾ വഴി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വളരെ വലിയ എണ്ണം അല്ലെങ്കിലും, അതിനെ തുടർന്ന് മറ്റൊരു ലക്ഷം തൊഴിൽ കൂടി ഉണ്ടാവുന്നത് പ്രതീക്ഷയുണ്ടാക്കുന്ന കാര്യമാണ്.

പദ്ധതിയുണ്ട്, വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്, നീക്കിയിരിപ്പും. അത് നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരും. എന്നിട്ടും പദ്ധതികൾ നടപ്പാകുന്നില്ലെങ്കിൽ എവിടെയോ കാര്യമായ പ്രശ്നം ഉണ്ട്. അതെന്താണെന്നു അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ആർ.ടി.ഐ വഴി പോകാതെ, ഒരു ബജറ്റ് കഴിഞ്ഞു അടുത്തതിലെത്തുമ്പോൾ എന്ത് നടന്നു, നടന്നില്ല എന്ന് സർക്കാർ വിലയിരുത്തണം. അത്, പദ്ധതി നടത്തിപ്പുകളുടെ അവലോകനം ആകുന്നതോടൊപ്പം, ഉത്തരവാദിത്തപ്പെട്ടവരുടെ വാർഷിക പ്രകടനം അളക്കുവാനുള്ള അവസരം കൂടിയാകും. അതിനെ അടിസ്ഥാനപ്പെടുത്തിയേ സ്ഥാനക്കയറ്റവും ഇൻക്രിമെന്റും കൊടുക്കൂ എന്നായാൽ ഉത്തരവാദിത്തപ്പെട്ടവർ ഉഷാറാകും. പക്ഷെ രാഷ്ട്രീയനേതൃത്വം അതിനൊപ്പം ഉയരണം. ഒരു കാര്യം വ്യക്തമാണ്, തോമസ് ഐസക്കിന്റെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് നടപ്പിലാക്കാൻ സാദ്ധ്യതയുള്ള പദ്ധതികളാണ്. അത് പാളിപ്പോകാതിരിക്കാൻ ഭരണകൂടത്തെ തയ്യാറാക്കിയേ മതിയാവൂ.

നമ്മുടേത് ഒരു വിപണി കേന്ദ്രിത വ്യവസ്ഥയാണ്. അവിടെ സർക്കാരിന്റെ പ്രതിനിധികൾക്കും വിപണി ആവശ്യപ്പെടുന്ന നിരീക്ഷണവും പ്രകടന അവലോകനവും അനിവാര്യമാണ്. സമയബന്ധിതമായി ഉത്തരവാദിത്തം ഏൽപ്പിക്കണം. ഒപ്പം പാളിച്ചകൾക്കും പരാജയങ്ങൾക്കും ഉദ്യോഗസ്ഥ പിടിപ്പുകേടെങ്കിൽ അവരെ പൊതുസമക്ഷം കൊണ്ടുവരികയും വേണം. ജനപ്രതിനിധികൾക്കൊപ്പം ഉദ്യോഗസ്ഥരും പൊതുനിരീക്ഷണത്തിനു വിധേയരാകണം. കാരണം അഞ്ചു വർഷത്തിൽ ഒരിക്കൽ സർക്കാരുകൾ മാറും. ഉദ്യോഗസ്ഥർ അവിടെത്തന്നെ പ്രത്യേകിച്ച് അക്കൗണ്ടബിലിറ്റി ഇല്ലാതെ കഴിഞ്ഞു കൂടുന്ന അവസ്ഥയുണ്ട്. അത് മാറിയേ പറ്റു.

മദ്ധ്യവര്‍ഗ്ഗത്തിനെന്തുണ്ട്

ധനമന്ത്രി താഴേക്കിടയിലുള്ളവരെ കൈയയച്ചു സഹായിക്കാൻ ശ്രമിക്കുമ്പോൾ, മദ്ധ്യവർഗ്ഗത്തെ തഴഞ്ഞ പ്രതീതിയാണ് ബജറ്റ് നൽകുന്നത്. കാരണം, തൊഴിൽ വർദ്ധനവിൽ നല്ലൊരു ശതമാനത്തിന്റെയും പ്രായോജകർ ഈ വിഭാഗമാണ്. അതുപോലെ ടൂറിസം വികസനം, മാലിന്യ സംസ്ക്കരണം, വൈദ്യുതി ഉല്പാദന വർദ്ധന, പ്രവാസി പരിപാടികളുടെ പ്രായോജകർ എന്നിവർ മദ്ധ്യവർഗ്ഗം ആണ്. എന്നിരുന്നാലും ഒറ്റ നോട്ടത്തിൽ അവർക്കു എന്തുണ്ട് എന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരമില്ല.

ഈ മദ്ധ്യവർഗ്ഗം അഭിപ്രായ നിർമ്മാതാക്കളാണ്. അവരാണ് നാമജപവുമായി റോഡിൽ ഇറങ്ങിയത്, പുരോഗമന നയങ്ങളുടെ പ്രായോജകർ ആയിട്ടും, തീർത്തും പിന്തിരിപ്പൻമാർ ആയി പെരുമാറുന്നത്. എങ്ങനെ അവരെ സാമൂഹിക- സാമ്പത്തിക വികസനത്തിൽ പങ്കാളികളും ചാലകരും ആക്കും. താഴേക്കിടയിലെ സ്ത്രീകൾ കുടുംബശ്രീയിലേക്കു പോയപ്പോൾ, മദ്ധ്യവർഗ്ഗ വനിതകൾ പ്രാർത്ഥനായോഗങ്ങളിലും മത-ജാതി കൂട്ടങ്ങളിലുമാണ് എത്തപ്പെട്ടത്. കാരണം അവർക്കും അവരുടെ അസ്തിത്വം വെളിപ്പെടുത്താൻ മേഖലകളും വേദികളും വേണം. അതിന്റെ അഭാവം അവരെ മുറജപകരും അന്ധവിശ്വാസികളുമാക്കി.

ആ മദ്ധ്യവർഗ്ഗത്തെ എന്തേ ബജറ്റ് വീണ്ടും തഴഞ്ഞു. അവരെ ഒപ്പം കൂട്ടുമ്പോഴേ രണ്ടാം നവോത്ഥാനം തുടങ്ങൂ. തഴഞ്ഞാൽ പിൻനടത്തം തുടരും. വിപുലമായ ശബരിമല പാക്കേജ് കൊണ്ടു മാത്രം അവരെ സ്വാധീനിക്കാനാവില്ല. കുറച്ചു കോടികൾ ക്ഷേത്രങ്ങൾക്ക് കൊടുത്തു എന്നു പറഞ്ഞതു വിശ്വസിക്കാൻ തയ്യാറാകാത്ത തരത്തിൽ ഭരണകൂടങ്ങളെക്കാളും ഭരണഘടനയേക്കാളും വിശ്വാസത്തെ പുണർന്നവരാണവർ. അവരെ പതുക്കെ, മുൻധാരയിലെത്തിക്കേണ്ടത് സമഗ്ര വികസനത്തിനും വളർച്ചക്കും അനിവാര്യമാണ്.

(ഡവലപ്മെന്റ് ഇക്കണോമിസ്റ്റും

നയവിദഗ്ധയുമാണ് ലേഖിക)

Read More >>