പ്രജ്ഞ സിങ്ങിന്റെ ശാപവും കർക്കരെയുടെ മരണവും

മുംബൈയിലേക്ക് ഇരച്ചെത്തിയ അജ്മൽ അമീർ കസബാണോ, ഇസ്മായിൽ ഖാനായിരുന്നോ കർക്കരെയുടെയും സഹപ്രവർത്തകരുടെയും ഘാതകരെന്ന് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.

പ്രജ്ഞ സിങ്ങിന്റെ ശാപവും കർക്കരെയുടെ മരണവും

2008 നവംബർ 27. രാത്രി സമയം 9.45. ദാദറിലെ വീട്ടിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവൻ (എ.ടി.എസ്) ഹേമന്ദ് കർക്കരെയുടെ ഫോണിലേക്ക് ഇടിത്തീ പോലെ ആ വാർത്തയെത്തുന്നത്; ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി) സ്റ്റേഷനിൽ തീവ്രവാദി ആക്രമണം. വാർത്ത സ്ഥിരീകരിക്കാനായി കർക്കരെ ടെലിവിഷൻ ഓൺ ചെയ്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റെടുത്തിട്ട് ക്ഷണനേരം കൊണ്ട് ഡ്രൈവർക്കും അംഗരക്ഷകനുമൊപ്പം സി.എസ്.ടിയിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ കുതിച്ചെത്തി. അവിടം വിജനമായിരുന്നു. തൊട്ടുപിന്നാലെ, തീവ്രവാദികളിൽ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനടുത്തുള്ള കാമ ആന്റ് ആൽബ് ലസ് ആസ്പത്രിക്കടുത്തേക്ക് നീങ്ങിയെന്ന സന്ദേശം കിട്ടി.

കനക്കുന്ന ഇരുട്ടിൽ ചാവേറുകളാകാൻ ഒരുമ്പെട്ടു വന്ന തീവ്രവാദികളെ നേരിടുക ബുദ്ധിമുട്ടായിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിനടുത്തു വെച്ച് ഭീകരവാദികളായ അജ്മൽ അമീർ കസബുമായും ഇസ്മായിൽ ഖാനുമായും വെടിവയ്പ്പുണ്ടായി. ഓപറേഷനിടെ, മുംബൈ ക്രൈംബ്രാഞ്ച് ഓഫീസിന് തൊട്ടടുത്തുള്ള, സെന്റ് സേവ്യർ കോളജിന്റെയും രംഗ് ഭവന്റെയും ഇടയിലുള്ള ഇടുങ്ങിയ തെരുവിൽ വെച്ച് ഹേമന്ത് കർക്കരെ, അശോക് കാംതെ, വിജയ് സലസ്‌കർ എന്നീ എണ്ണം പറഞ്ഞ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

സമാന്തരമായി രണ്ടിടത്തായിരുന്നു മഹാനഗരത്തിലെ ഭീകരാക്രമണം. ഒന്ന്; താജ് ഹോട്ടൽ, ഒബ്‌റോയ് ഹോട്ടൽ, ട്രിഡൻഡ് ഹോട്ടൽ, നരിമാൻ ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്ന കൊളാബ മേഖലയിൽ. രണ്ട് മുംബൈ പൊലീസ് ഹെഡ്‌ക്വോർട്ടേഴ്‌സിനടുത്തുള്ള സി.എസ്.ടി, കാമ ഹോസ്പിറ്റൽ, മെട്രോ സിനിമ എന്നിവിടങ്ങളിൽ. 168 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ബഹളത്തിൽ ഈ പൊലീസ് ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് വിശദാന്വേഷണങ്ങളുണ്ടായില്ല. രാഷ്ട്രചരിത്രത്തിൽ തന്നെ ആദ്യമായി ഹൈന്ദവ തീവ്രവാദി സംഘടനകൾ ഉൾപ്പെട്ട ഭീകരാക്രമണക്കേസുകൾ കൈകാര്യം ചെയ്യുന്നതിന്റെ ആദ്യ ഘട്ടത്തിലാണ് കർക്കരെ കൊല്ലപ്പെട്ടത്. വലതുപക്ഷ ഹിന്ദു തീവ്രവാദി സംഘടനകളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ അതിന്‍റെ മുഖ്യചുമതല വഹിക്കുന്ന ഉദ്യോ​ഗസ്ഥന്‍ മറ്റൊരു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പലരും പല സംശയങ്ങളും ഉന്നയിക്കുകയും ചെയ്തിരുന്നു.

മുംബൈയിലേക്ക് ഇരച്ചെത്തിയ അജ്മൽ അമീർ കസബാണോ, ഇസ്മായിൽ ഖാനായിരുന്നോ കർക്കരെയുടെയും സഹപ്രവർത്തകരുടെയും ഘാതകരെന്ന് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. സാഹചര്യത്തെളിവുകൾ വെച്ചുനോക്കുമ്പോൾ ആ വധത്തിനു പിന്നിൽ ചില അദൃശ്യകരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്ന് ആരോപിക്കുന്നുണ്ട് മുംബൈ പൊലീസിലെ തന്നെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന എസ്.എം മുഷ്‌രിഫ്, "ആരാണ് കർക്കരെയെ കൊന്നത് "എന്ന പുസ്തകത്തിൽ.

അങ്ങനെ വെച്ചുപൊറുപ്പിക്കപ്പെടേണ്ട ഒരു ഉദ്യോഗസ്ഥനായിരുന്നില്ല കർക്കരെ എന്ന് പതിനൊന്നു വർഷങ്ങൾക്കു ശേഷം രാജ്യത്തിന് ഇപ്പോൾ ബോദ്ധ്യപ്പെടുകയാണ്. തന്റെ ശാപം കൊണ്ടാണ് കർക്കരെ കൊല്ലപ്പെട്ടത് എന്നാണ് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ സ്വാധി പ്രജ്ഞ സിങ് പറയുന്നത്. ആ പ്രസ്താവനയെ അങ്ങനെ ലളിതവൽക്കരിക്കാൻ പറ്റില്ല. പ്രത്യേകിച്ചും, കർക്കരെയുടെ സംഘം അന്വേഷിച്ച കേസുകൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് നോക്കുമ്പോൾ.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രജ്ഞ സിങ്, കേണൽ പുരോഹിത് തുടങ്ങിയവർ ഉൾപ്പെട്ട മലേഗാവ് കേസിൽ മൃദുസമീപനം സ്വീകരിക്കാൻ തനിക്കുമേൽ സമ്മർദ്ദമുണ്ടായി എന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സല്യാൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹിന്ദു സംഘടനകൾ പ്രതിസ്ഥാനത്തുള്ള അജ്മീർ സ്‌ഫോടനക്കേസിൽ 14 സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റിയത്, ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രചാരകൻ സുനിൽ ജോഷിയുടെ മരണത്തിൽ തീവ്രവാദ ബന്ധമില്ല എന്ന ദേശീയ അന്വേഷണ ഏജൻസിയുടെ മലക്കം മറിച്ചിൽ, സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാക്ക് നൽകിയ ക്ലീൻചിറ്റ്, ഇഷ്‌റത് ജഹാൻ-പ്രാണേഷ് പിള്ള വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതികളെ വെറുതെ വിട്ടത്, മലേഗാവ്, അജ്മീർ, സംഝോഡ എക്‌സ്പ്രസ് തുടങ്ങി ഹിന്ദു തീവ്രവാദികൾ ഉൾപ്പെട്ട സ്‌ഫോടനക്കേസുകളിൽ പ്രതികൾക്ക് ക്ലീൻചിറ്റ് നൽകിയത്... രാജ്യം ഏറെ ചർച്ച ചെയ്യുകയും നിഗൂഢതയുടെ നിഴലുകൾ ഇനിയും വീണുകിടക്കുകയും ചെയ്യുന്ന ഈ കേസുകൾ ദുർബലപ്പെടുകയോ തേച്ചുമായ്ച്ചു കളയുകയോ ചെയ്തിരിക്കുന്നു. വലതുപക്ഷ തീവ്രവാദം ഉൾപ്പെട്ട കേസ്സുകളിലെല്ലാം കുറ്റവാളികളെ രക്ഷിക്കുന്നതിൽ പ്രകടമായ ഒരു സാമ്യം കാണുന്നുണ്ട്. കേസിനായി ഹാജരാകുന്ന അഭിഭാഷകരെ സ്വാധീനിക്കുക, സാക്ഷികളെ കൂറുമാറ്റുക എന്നീ തന്ത്രങ്ങൾ. സുഹ്‌റാബുദ്ദീൻ കേസിൽ സംശയത്തിന്റെ മുനയിൽ നിന്ന അമിത് ഷാ മോചിതനായത് ഈ ഓപറേഷന്റെ വിജയസാദ്ധ്യത വർദ്ധിപ്പിച്ചു.

ഇതിൽ ഇഷ്‌റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളെ ജയിൽമോചിതരാക്കാൻ നിരത്തിയ ന്യായം കേട്ടുകേൾവിയില്ലാത്തത്. സംഭവത്തിൽ ഐ.ബി ഉദ്യോഗസ്ഥരായ രജീന്ദർ കുമാർ ഉടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടും അവരെ കുറ്റവിചാരണക്കു വിട്ടുകൊടുക്കാതെ രഹസ്യാന്വേഷണ വിഭാഗം ഉടക്കിടുകയായിരുന്നു. വലതു തീവ്രവാദം പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസുകൾ ദുർബലപ്പെട്ടു പോയതിന്റെ ബലത്തിലാണ്, കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുന്നത്. ഇതിൽ ഏറെ രസകരമായ കാര്യം ഇത്തരം കേസുകളിൽ ആദ്യമായ അറസ്റ്റുകൾ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറിന്റെ കാലത്താണ് എന്നതാണ്.

Read More >>