പാവം കവി, പ്രഭാഷകന്‍

കല്പറ്റ നാരായണൻ പണ്ടേ കോൺഗ്രസ്സാണെന്നും വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനാണെന്നു മൊക്കെയാണ് ഇടതുപക്ഷക്കാർ അക്കമിട്ടു മറുപടി പറയുന്നത്. ആവാം ആവാതിരിക്കാം. പക്ഷേ പണ്ട് കോൺഗ്രസ് വാഴ്ചക്കാലത്ത് മുത്തങ്ങയിൽ പൊലീസ് വെടിവയ്പ്പുണ്ടായപ്പോൾ പ്രക്ഷോഭത്തിനിറങ്ങിയ സാംസ്ക്കാരിക പ്രവർത്തകരിൽ കല്പറ്റയുണ്ടായിരുന്നു. അന്ന് മാവോവാദി എന്നായിരുന്നു പറച്ചിൽ

പാവം കവി, പ്രഭാഷകന്‍

യവന പുരാണങ്ങളിൽ നാർസിസസ് എന്നൊരു ദേവനുണ്ട്. വെള്ളത്തിൽ തെളിഞ്ഞു കാണുന്ന സ്വന്തം പ്രതിഛായയിൽ അഭിരമിച്ച് കണ്ണിമ വെട്ടാതെ അതും നോക്കി നിൽക്കുന്ന നാർസിസസിനെ പോലെയാണ് കല്പറ്റ നാരായണനിന്ന് ശത്രുക്കൾ പരദൂഷണം പറയാറുണ്ട്. അത് അവരുടെ മനസ്സിന്റെ അധമത്തം; എന്നാൽ കവിതയെഴുത്തിലായാലും സാഹിത്യാസ്വാദനത്തിലായാലും പ്രഭാഷണത്തിലായാലും സ്വന്തം വഴികളോടും സ്വന്തം ലാവണ്യബോധത്തോടും എന്തിനേറെ സ്വന്തം മാനറിസങ്ങളോടു പോലും അസാമാന്യമായ അഭിനിവേശം കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ് കല്പറ്റ. തന്റെ ശരികൾക്കും പക്ഷപാതങ്ങൾക്കും രീതികൾക്കുമപ്പുറം കല്പറ്റ നാരായണന് മറ്റൊരു ലോകമില്ല. അതുകൊണ്ട് ഈ കണ്ണടയൊന്ന് വച്ചു നോക്കൂ എന്ന് കല്പറ്റ പറയുമ്പോൾ, അതിലൂടെ തെളിയുന്ന കാഴ്ചകൾ പലപ്പോഴും അദ്ദേഹത്തിന് മാത്രമേ ബോദ്ധ്യപ്പെടുകയുള്ളൂ; എന്നിട്ടും കല്പറ്റ നാരായണൻ കേരളത്തിൽ ഒരുപാടു പേർക്ക് ഇഷ്ടതാരമാണ്, പ്രസംഗവേദികളുടെ ഹരമാണ്, ആസ്വാദകരുടെ പ്രിയപ്പെട്ട കവിയാണ്- കല്പറ്റ ലോകത്തിന് കൊടുക്കുന്നതിലും എത്രയോ ഏറെ കല്പറ്റക്ക് ലോകം തിരിച്ചു കൊടുക്കുന്നു എന്ന് സാരം .

പക്ഷേ കല്പറ്റ നാരായണന്റെ കഷ്ടകാലം! സി.പി.എമ്മിന്റെ ഹിറ്റ് ലിസ്റ്റിലാണ് ഇപ്പോൾ അദ്ദേഹം. കാരണം വളരെ ലളിതം. തൃശൂരിൽ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പി. ജയരാജന് വോട്ടു ചെയ്യില്ലെന്ന് പറഞ്ഞു കളഞ്ഞു. ഇടതുപക്ഷത്തിന്റെ അടുക്കളത്തിണ്ണയിൽ അടിച്ചുതളി നടത്തിക്കൊണ്ടിരിക്കുന്ന കേരളീയ സാഹിത്യ-സാംസ്ക്കാരിക പരിസരങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നതായിരുന്നു കല്പറ്റയുടെ അതിശക്തമായ പ്രസംഗം. അത്തരം വിമതസ്വരങ്ങളോട് പാർട്ടി പുലർത്തുന്ന സമീപനമെന്തായിരിക്കുമെന്ന് നാം പണ്ടേ കണ്ടതാണ് - സക്കറിയയും ഒ.വി. വിജയനുമെല്ലാം ഉദാഹരണങ്ങളായി നമ്മുടെ മുമ്പിലുണ്ട്. അതിനാൽ കല്പറ്റ നാരായണനും സാംസ്ക്കാരിക രംഗത്ത് കരിമ്പട്ടികയിലായി. അധികാര സ്ഥാനങ്ങളുടെ മുമ്പിൽ ഓഛാനിച്ചു നിൽക്കാൻ മെനക്കെടാറില്ലാത്ത ഈ എഴുത്തുകാരന് പയ്യോളിയിലെ പുസ്തക പ്രസാധനച്ചടങ്ങിലെ ഊരുവിലക്ക് അത്ര പ്രധാനമാണോ എന്നത് വേറെ കാര്യം; പക്ഷേ കൽബുർഗിയിൽ നിന്ന് കല്പറ്റയിലേക്ക് എന്നൊക്കെ പറയാൻ കൊള്ളാമെന്നേയുള്ളൂ കേട്ടോ ! സഖാക്കന്മാരുടെ മട്ടും മാതിരിയുമറിയാവുന്ന കവി ആത്മരതിയുടെ പാഠങ്ങൾക്കൊപ്പം ആത്മപ്രതിരോധത്തിന്റെ വഴികളും തിരിച്ചറിഞ്ഞാൽ നന്ന്, എഴുത്തിലും ജീവിതത്തിനും.

കല്പറ്റ നാരായണൻ എന്നാണ് പേരെങ്കിലും സ്വദേശമായ വയനാടിനെ കോന്തലയിൽ കെട്ടിക്കൊണ്ടു വന്ന് കൊയിലാണ്ടിയിൽ സ്ഥാപിച്ച എഴുത്തുകാരനാണദ്ദേഹം. പഠിച്ചത് കോഴിക്കോട് ആർട്‌സ് കോളേജിൽ, പിന്നീട് പഞ്ചായത്തുവകുപ്പിൽ ജോലി, അതുകഴിഞ്ഞ് മലയാളത്തിൽ എം.എ ബിരുദം. വീണ്ടും ദീർഘകാലം കോഴിക്കോട് ആർട്‌സ് കോളേജിലടക്കം കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ. ആദ്യമൊക്കെ എഴുത്ത് ഗദ്യത്തിലായിരുന്നു; പക്ഷേ അസ്സൽ കവിത എഴുത്തിലെ ശീർഷാസന പ്രകൃതം വായനക്കാർക്ക് തികഞ്ഞ ത്രിൽ ആയി. സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ സ്‌ക്കൂൾ പൂട്ടിക്കണമെന്നും കല്പറ്റ പറഞ്ഞപ്പോൾ അത് ഒരേ സമയം കവിതയും കാര്യവുമായി. പിന്നീട് കല്പറ്റ കാവ്യമണ്ഡലത്തിലേക്ക് നേരെ കയറിച്ചെന്നു. സിനിമക്ക് തിരക്കഥയെഴുതി. നോവലും കഥകളും രചിച്ചു. ഏറ്റവുമൊടുവിൽ പത്മപ്രഭാ പുരസ്ക്കാരത്തിന്റെ തെളിച്ചത്തിലെത്തി നിൽക്കുന്നു. അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ്. ഈ യാത്രയിലൊരിടത്തും കല്പറ്റ നാരായണൻ സ്വന്തം കണ്ണട അഴിച്ചു മാറ്റിയില്ല. സ്വന്തം പക്ഷപാതങ്ങൾ മാറ്റിവച്ചിരുന്നുമില്ല. നേരു പറയാമല്ലോ നമ്മുടെ ഭാഷയിലെ പല വലിയ എഴുത്തുകാരെയും കല്പറ്റക്ക് വലിയ പഥ്യമല്ല. ആറ്റൂർ രവിവർമ്മയേയും ജയമോഹനേയും പോലെയുള്ള ചിലർക്ക് നൽകുന്ന സ്ഥാനം കല്പറ്റ മലയാളത്തിലെ പല എഴുത്തുകാർക്കും നൽകാറില്ല. സേതുവിനെ മാത്രം സ്‌നേഹിക്കുന്ന അവസ്ഥ മാത്രമല്ല അതിനു കാരണം. കല്പറ്റയുടെ ചിന്തയിലെ തീർച്ചയും മൂർച്ചയും കൊണ്ടാണങ്ങനെ. വിട്ടുവീഴ്ചയില്ലാത്ത ഈ സ്വഭാവം തന്നെയാണ് തൃശൂർ പ്രസംഗത്തിന്റെയും ഉൾബലം.

കല്പറ്റ നാരായണൻ പണ്ടേ കോൺഗ്രസ്സാണെന്നും വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനാണെന്നു മൊക്കെയാണ് ഇടതുപക്ഷക്കാർ അക്കമിട്ടു മറുപടി പറയുന്നത്. ആവാം ആവാതിരിക്കാം. പക്ഷേ പണ്ട് കോൺഗ്രസ് വാഴ്ചക്കാലത്ത് മുത്തങ്ങയിൽ പൊലീസ് വെടിവയ്പ്പുണ്ടായപ്പോൾ പ്രക്ഷോഭത്തിനിറങ്ങിയ സാംസ്ക്കാരിക പ്രവർത്തകരിൽ കല്പറ്റയുണ്ടായിരുന്നു. അന്ന് മാവോവാദി എന്നായിരുന്നു പറച്ചിൽ. ആണധികാരത്തിനെതിരായ പല സമരങ്ങളിലും അദ്ദേഹമുണ്ട്. നമ്മുടെ പല സാംസ്ക്കാരിക പ്രതിരോധങ്ങൾക്കും അദ്ദേഹത്തിന്റെ അതിനിശിതമായ പ്രഭാഷണങ്ങൾ കരുത്തേകിയിട്ടുണ്ട്. അതായത് ആക്ടിവിസത്തിന്റെ വഴിയിൽ ഈ കവി സജീവം. ഈ വഴി തങ്ങളുദ്ദേശിച്ചേടത്തു മാത്രമേ എത്തിച്ചേരാവൂ എന്ന് ചിലർ നിശ്ചയിച്ചാൽ പാവം കവി, പ്രഭാഷകൻ എന്തുചെയ്യും?

Read More >>