സെന്‍സര്‍ ഓടിപ്പോയ തെരഞ്ഞെടുപ്പ്

കേരളത്തിൽ മുൻകൂർ സെൻസർഷിപ്പിന് വിധേയമായ ഏക പത്രം ദേശാഭിമാനിയായിരുന്നു. 'അടിയന്തരാവസ്ഥ അറബിക്കടലിൽ' എന്ന ഇ.എം.എസിന്റെ പ്രസംഗം പ്രധാന വാർത്തയാക്കിയ ദേശാഭിമാനി സെൻസറെ കാണിച്ച് പതിവ് അനുവാദം തേടാതെയാണ് അച്ചടിക്കാൻ പോയത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ സെൻസർഷിപ്പ് നിയമങ്ങൾ ലംഘിക്കാൻ സി.പി.എം തീരുമാനിച്ചു

സെന്‍സര്‍ ഓടിപ്പോയ തെരഞ്ഞെടുപ്പ്

അടിയന്തരാവസ്ഥയിൽ ഓർക്കാപ്പുറത്താണ് 1977 ഫെബ്രുവരി 18ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ ഭാഗികമായേ നീക്കിയുള്ളൂ. സെൻസർഷിപ്പ് അതേപോലെ നിലനിർത്തി. തെരഞ്ഞെടുപ്പിലും അടിയന്തരാവസ്ഥയുടെ ഇരുട്ടും ഭയവും നിലനിന്നിരുന്നു.

കേരളത്തിൽ മുൻകൂർ സെൻസർഷിപ്പിന് വിധേയമായ ഏക പത്രം ദേശാഭിമാനിയായിരുന്നു. 'അടിയന്തരാവസ്ഥ അറബിക്കടലിൽ' എന്ന ഇ.എം.എസിന്റെ പ്രസംഗം പ്രധാന വാർത്തയാക്കിയ ദേശാഭിമാനി സെൻസറെ കാണിച്ച് പതിവ് അനുവാദം തേടാതെയാണ് അച്ചടിക്കാൻ പോയത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ സെൻസർഷിപ്പ് നിയമങ്ങൾ ലംഘിക്കാൻ സി.പി.എം തീരുമാനിച്ചു.

അന്ന് കോഴിക്കോട് ലോകസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി കേന്ദ്ര നിയമ-കമ്പനികാര്യമന്ത്രി ഡോ വി.എ സെയ്ദ് മുഹമ്മദായിരുന്നു. സംഘടനാ കോൺഗ്രസ് നേതാവ് എം. കമലമായിരുന്നു പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി. കോഴിക്കോട്ട് മുതലക്കുളത്തു നടന്ന പ്രതിപക്ഷ തെരഞ്ഞെടുപ്പു റാലിയിൽ സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുന്നതായി ഇ.എം.എസ് ഗുരുതരമായ ആരോപണം ഉന്നയിച്ചു. അതിനോട് പ്രതികരിക്കാൻ പിറ്റേന്ന് കാലത്തുതന്നെ മന്ത്രി സെയ്ദ് മുഹമ്മദ് പത്രസമ്മേളനം വിളിച്ചു. എല്ലാ പത്രസ്ഥാപനങ്ങളിലും അതറിയിച്ചത് ആകാശവാണി ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെൻസർ ഗോപിനാഥനായിരുന്നു. ഇതുതന്നെ ആരോപണത്തിനു തെളിവായി പത്രസമ്മേളനത്തിൽ ഉന്നയിക്കണമെന്ന് 'മനോരമ' ബ്യൂറോ തലവൻ ഐസക് അറയ്ക്കൽ ഫോൺചെയ്ത് പറഞ്ഞു. മറ്റ് പത്രപ്രതിനിധികളും പിന്തുണയ്ക്കുമെന്നും.

കോഴിക്കോട്ടെ കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഓഫീസ് സമുച്ചയത്തിലായിരുന്നു മന്ത്രിയുടെ പത്രസമ്മേളനം. അവിടേക്കു പോകുംവഴി കണ്ടത് മറ്റൊരു മുറിയിൽ നഗരത്തിലെ പ്രധാന വ്യാപാരി - വ്യവസായി പ്രമുഖൻ നിൽക്കുന്നതാണ്. തിരക്കിയപ്പോൾ മന്ത്രിക്കു തെരഞ്ഞെടുപ്പു ഫണ്ട് നൽകാൻ ആദായനികുതി ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയതാണെന്ന് അറിഞ്ഞു.

പത്രസമ്മേളനം നടത്താനൊരുങ്ങിയ മന്ത്രി സെയ്ദ് മുഹമ്മദിനോട് ആദ്യം ഈ ലേഖകൻ ചോദിച്ചു: മന്ത്രിയെന്ന നിലയ്‌ക്കോ സ്ഥാനാർത്ഥിയെന്ന നിലയ്‌ക്കോ ഈ പത്രസമ്മേളനം?

മന്ത്രിയെന്ന നിലയ്ക്ക്. സ്ഥാനാർത്ഥിയായതോടെ ഔദ്യോഗിക പദവി ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മറിച്ചാണല്ലോ ഇ.എം.എസ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇ.എം.എസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിശദീകരിക്കാനാണ് പത്രസമ്മേളനം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാറിനു കീഴിലുള്ള ഓഫീസിൽതന്നെയാണ് പത്രസമ്മേളനം വിളിച്ചതെന്നും ഇതിന്റെ മറ്റൊരു ഭാഗത്ത് ആദായനികുതി ഉദ്യോഗസ്ഥർ മന്ത്രിക്കുവേണ്ടി തെരഞ്ഞെടുപ്പുഫണ്ട് പിരിക്കുന്നതു കണ്ടെന്നും പറഞ്ഞപ്പോൾ നിയമവിദഗ്ധൻകൂടിയായ അദ്ദേഹം പതറി.

സെൻസർഷിപ്പ് നിലനില്‌ക്കെ സെൻസറെക്കൊണ്ട് പത്രസമ്മേളനം വിളിച്ചുചേർത്തതും പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവെക്കുകയല്ലേ എന്നായി അടുത്ത ചോദ്യം. പത്രസമ്മേളനം അറിയിച്ച സെൻസർതന്നെ ഹാജരുണ്ടല്ലോ എന്ന് മറ്റുള്ളവരും ചൂണ്ടിക്കാട്ടി. അത്രയും പറഞ്ഞുതീരുംമുമ്പ് സംഘാടകനായി സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് സെൻസർ ഗോപിനാഥ് ശരംവിട്ടപോലെ പുറത്തേക്കോടി അപ്രത്യക്ഷനായി.

അടിയന്തരാവസ്ഥയിൽ പല തോതിൽ പത്രസ്വാതന്ത്ര്യം ഹനിച്ചതു സഹിച്ചുകഴിഞ്ഞ പത്രപ്രവർത്തകരുടെ എതിർപ്പിന്റെ ഒരു പൊട്ടിത്തെറിയായിരുന്നു അവിടെ കണ്ടത്. പിറ്റേദിവസം സംഭവം വാർത്തയുമായി.

തെരഞ്ഞെടുപ്പുവിധി വന്നപ്പോൾ ഭാരതീയ ജനതാദൾ ചിഹ്നത്തിൽ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി എം. കമലത്തെ 13,700ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കേന്ദ്രമന്ത്രി സെയ്ദ് മുഹമ്മദ് പരാജയപ്പെടുത്തി.

കമലം നൽകിയ തെരഞ്ഞെടുപ്പു കേസിൽ ഔദ്യോഗിക പദവി കോൺഗ്രസ് സ്ഥാനാർത്ഥി ദുരുപയോഗപ്പെടുത്തിയതിന് സാക്ഷികളെന്ന നിലയിൽ ഈ ലേഖകനടക്കം കോഴിക്കോട്ടെ പത്രലേഖകർ പലരും ഹൈക്കോടതിയിൽ ഹാജരായി മൊഴി നൽകി. എന്നിട്ടും ജസ്റ്റിസ് എൻ.ഡി.പി നമ്പൂതിരിപ്പാട് കമലത്തിന്റെ തെരഞ്ഞെടുപ്പു ഹർജി തള്ളുകയായിരുന്നു.

Read More >>