കോഴിക്കോട് ആശയക്കുഴപ്പത്തിലായ വോട്ടര്‍മാര്‍

വിശാലമായ സൗഹൃദ വലയങ്ങളുള്ള രണ്ടു പേർ പോരിനിറങ്ങുമ്പോൾ ആരുടെ കൂടെ നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് വോട്ടർമാർ. ദേശീയ-സംസ്ഥാന രാഷ്ട്രീയവും വികസനവും കൊലപാതക രാഷ്ട്രീയവും ഉയർത്തികാട്ടിയാണ് ഇരുപക്ഷവും പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്

കോഴിക്കോട് ആശയക്കുഴപ്പത്തിലായ വോട്ടര്‍മാര്‍

ആതിഥ്യ മര്യാദയ്ക്ക് പേരുകേട്ട കോഴിക്കോടിന്റെ മണ്ണും വിണ്ണും ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്. അതിഥിയായെത്തി ആതിഥേയനായ സിറ്റിങ് എം.പി എം.കെ രാഘവനാണ് മൂന്നാം വട്ടവും യു.ഡി.എഫിന് വേണ്ടി പോരിനിറങ്ങുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കോഴിക്കോട് നോർത്ത് മണ്ഡലം എം.എൽ.എ, എ പ്രദീപ്കുമാർ രംഗത്തിറങ്ങിയതോടെ കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് മാപിനിയിലെ താപനില കുതിച്ചുയർന്നിരിക്കുകയാണ്. വിശാലമായ സൗഹൃദ വലയങ്ങളുള്ള രണ്ടു പേർ പോരിനിറങ്ങുമ്പോൾ ആരുടെ കൂടെ നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് വോട്ടർമാർ. ദേശീയ-സംസ്ഥാന രാഷ്ട്രീയവും വികസനവും കൊലപാതക രാഷ്ട്രീയവും ഉയർത്തികാട്ടിയാണ് ഇരുപക്ഷവും പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വട്ടം കൂടി അവസരം നൽകണം എന്ന മുദ്രാവാക്യവുമായി, പ്രതീക്ഷകളോടെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി പ്രകാശ് ബാബുവും രംഗത്തുണ്ട്. ഇരുമുന്നണികളും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതോടെ ഇത്തവണ കോഴിക്കോട്ട് വിജയമധുരം ആര് നുണയുമെന്നത് പ്രവചനാതീതമായിരിക്കുകയാണ്.

സൗമ്യനായി രാഘവൻ

ഹാട്രിക്ക് തികയ്ക്കാനുള്ള അവസരമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണ ലഭിച്ച വിജയം ആവർത്തിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രചാരണം. ഒരു പതിറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച രാഘവൻ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങളും കൊലയാളി രാഷ്ട്രീയവും യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നുണ്ട്. ഹൈക്കമാണ്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് മണ്ഡലത്തിൽ രാഘവന് വോട്ടഭ്യർത്ഥിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രവർത്തകർക്ക് അത്രയേറെ വിശ്വാസമുള്ള ജനകീയ നേതാവാണ് അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങളുമായി ആഴത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം അടുക്കും ചിട്ടയോടെ പ്രവർത്തിക്കുന്ന ഓഫീസാണ് രാഘവന്റെ വിജയത്തിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വികസന യാത്ര നടത്തി താൻ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ വോട്ടർമാരെ ഓർമ്മിപ്പിക്കാൻ രാഘവൻ മറന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നത് വകവെക്കാതെ പ്രചാരണത്തിൽ സജീവമാവുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളിലും സന്ദർശിച്ച ശേഷം രണ്ടാംഘട്ട പര്യടനം ആരംഭിച്ചിരിക്കുകയാണ് സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക നൽകിയതോടെ സംസ്ഥാന-ദേശീയ നേതാക്കളെ പ്രചാരണ രംഗത്തിറക്കാനും പദ്ധതിയുണ്ട്. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിൽ കോഴിക്കോട് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കാൻ കഴിഞ്ഞത് വഴി വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആത്മവിശ്വാസത്തോടെ പ്രദീപ്കുമാർ

കോഴിക്കോട് മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണിക്ക് ഇതിലും മികച്ച ഒരു സ്ഥാനാർത്ഥിയെ ലഭിക്കാനിടയില്ല. ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലും ഒരു പോലെ ബന്ധമുള്ള എ പ്രദീപ് കുമാർ രാഘവനെ മലർത്തി അടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതു പാളയം. നോർത്ത് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. രാഷ്ട്രീയത്തിന് അതീതമായി അവിശ്വസനീയമായ സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വമാണ് പ്രദീപ്കുമാർ. നടക്കാവ് ഗവ. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമായി ചൂണ്ടിക്കാട്ടിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. ഇതിനൊപ്പം ദേശീയ രാഷ്ട്രീയവും മണ്ഡലത്തിൽ സജീവ ചർച്ചയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനു മാത്രമെ സാധിക്കുകയുള്ളു എന്ന പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സമയം പാഴാക്കാതെ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയ പ്രദീപ്കുമാറിന്റെ രണ്ടാംഘട്ട പ്രചാരണം അന്തിമഘട്ടത്തിലാണ്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ലക്ഷ്യമിടുന്നത്.

ശബരിമലയിൽ യുവതികളെ തടഞ്ഞ കേസിൽ റിമാന്റിൽ കഴിയുന്ന സ്ഥാനാർത്ഥി കെ.പി പ്രകാശ് ബാബു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ പ്രചാരണം സജീവമാക്കിയിരിക്കുകയാണ് എൻ.ഡി.എ. വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ഇവർ നടത്തുന്നത്.

Read More >>