കേരളത്തിന്റെ വോട്ട് ദേശീയ രാഷ്ട്രീയത്തിന്

രൂക്ഷമായ തൊഴിൽ പ്രതിസന്ധി, കാർഷിക പ്രതിസന്ധി, മഹാഭൂരിപക്ഷത്തിന്റെയും ജീവിത പ്രതിസന്ധി എന്നീ നീറുന്ന അടിയന്തര പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ കോൺഗ്രസ്സാണ് ഉയർത്തിപ്പിടിക്കുന്നത്. ന്യൂനപക്ഷങ്ങളില്ലാത്ത ഒരു ഇന്ത്യയെയാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി അദ്ധ്യക്ഷൻ മുതൽ മന്ത്രിമാരും മുഖ്യമന്ത്രിമാരും ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നത്

കേരളത്തിന്റെ വോട്ട് ദേശീയ രാഷ്ട്രീയത്തിന്

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

മുൻകാല ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽനിന്നും തീർത്തും വ്യത്യസ്തവും പ്രവചനാതീതവുമാണ് ഇത്തവണ കേരളത്തിൽ നടന്ന വോട്ടെടുപ്പ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പ്രാദേശിക രാഷ്ട്രീയത്തെ തുടർച്ചയായി കീഴ്മേൽ മറിക്കുകയും അതിനാൽ, ലക്ഷ്യവും മുദ്രാവാക്യവും പലവട്ടം മാറ്റിക്കുറിക്കേണ്ടിവരികയും ചെയ്തു.

സംസ്ഥാനത്തെ മുഴുവൻ സീറ്റും പിടിച്ചെടുക്കുകയായിരുന്നു എൽ.ഡി.എഫ് ലക്ഷ്യം. 2004ൽ 20ൽ 18 സീറ്റും നേടിയത് ഓർമ്മിപ്പിച്ചായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ ആ ലക്ഷ്യത്തിന്റെ പാതി കടക്കുമെന്നേ മുഖ്യമന്ത്രി പിണറായി വിജയൻപോലും ഇപ്പോൾ അവകാശപ്പെടുന്നുള്ളൂ. കൈരളി ചാനൽ നടത്തിയ സർവ്വേയിൽ എൽ.ഡി.എഫിന് ഏറിയാൽ 11 മുതൽ 13 സീറ്റേ പ്രവചിക്കാൻ കഴിഞ്ഞുള്ളൂ.

ബി.ജെ.പി കേരളത്തിൽ മൂന്നാം ബദലായി ഈ തെരഞ്ഞെടുപ്പോടെ ഉയർന്നുവരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ശബരിമല പ്രശ്നത്തെ അതിനുള്ള സുവർണ്ണാവസരമാക്കുകയും ചെയ്തു. അഞ്ച് ലോകസഭാ സീറ്റുകളാണ് കേരളത്തിൽനിന്ന് അമിത് ഷാ പ്രതീക്ഷിച്ചത്. ഒടുവിൽ, 'കേരളത്തിൽ ഇത്തവണ വലിയ മാറ്റം' വരുമെന്നേ ഷാ പറയുന്നുള്ളൂ. പ്രധാനമന്ത്രി മോദി അവസാനവട്ടം തിരുവനന്തപുരത്ത് എത്തിയപ്പോൾ അണിയിച്ച ഹാരത്തിൽ ഒരു താമരപോലും വിരിഞ്ഞുകണ്ടില്ല.

മോദി ഗവണ്മെന്റിനെ അധികാരത്തിൽനിന്നു നീക്കുക, ഭരണനയങ്ങൾ തിരുത്തുക- ഇതാണ് അടിയന്തര കർത്തവ്യമെന്ന രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പ്രഖ്യാപനം ബി.ജെ.പിയുടെയും എൽ.ഡി.എഫിന്റെയും കേരളത്തിലെ വികസന മുദ്രാവാക്യങ്ങൾ അപ്രസക്തമായി. ആയുധം നഷ്ടപ്പെട്ട അവസ്ഥ പ്രചാരണരംഗത്ത് എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കുമുണ്ടായി. ശബരിമലപ്രശ്നം തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വീണ്ടും ഉയർത്തിയതുവഴി വിശ്വാസത്തിന്റെ വൈകാരികത സംസ്ഥാനത്തെ സ്വാധീനിച്ചു. വിശേഷിച്ചും തെക്കൻ കേരളത്തിൽ പലേടത്തും ആ അജൻഡ ബി.ജെ.പിയെ രണ്ടാംസ്ഥാനത്തേക്ക് ഉയർത്തും എന്നത് പ്രകടമായ വസ്തുതയാണ്. അപ്പോൾ അപ്രതീക്ഷിതമായി മൂന്നാം സ്ഥാനത്തേക്ക് പോവുക എൽ.ഡി.എഫ് ആണോ യു.ഡി.എഫ് ആണോ എന്നത് മെയ് 23ന് കൃത്യമായി അറിയും. അതല്ല, ഒന്നോ രണ്ടോ സീറ്റിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തു കയറി ലോക്‌സഭയിൽ എത്താനുള്ള സാദ്ധ്യത ചില തെരഞ്ഞെടുപ്പു പ്രവചനങ്ങളിൽ കാണുന്നുണ്ട്. ത്രികോണ മത്സരം അത്തരമൊരു സാദ്ധ്യത തള്ളിക്കളയുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത് കേരളത്തിൽ 20ൽ 12 സീറ്റുകളായിരുന്നു. ചുരുങ്ങിയത് അത് നിലനിർത്തുക എന്ന ലക്ഷ്യം ഏറ്റെടുത്തു മുന്നേറേണ്ടിയിരുന്ന കോൺഗ്രസ് നേതൃത്വം ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവാതെ തമ്മിലടിച്ച് യു.ഡി.എഫിന്റെ മനോബലം തകർത്തു. അതിനിടയ്ക്ക് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും എന്നായതോടെ സ്ഥിതി പെട്ടെന്നു മാറി. ഇതോടെ കോൺഗ്രസ്സും യു.ഡി.എഫും രാഷ്ട്രീയ ആത്മബലം നേടി. 20ൽ ഭൂരിപക്ഷം സീറ്റും പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവർ പിന്നീട് മുന്നേറിയത്. ഇത് എൽ.ഡി.എഫിനെ, വിശേഷിച്ച് സി.പി.എമ്മിനെ വളരെയേറെ പ്രകോപിപ്പിച്ചു.

195- 52ലായി നടന്ന ഒന്നാം ലോകസഭാ തെരഞ്ഞെടുപ്പിൽ ദേശസുരക്ഷയും വികസനവും മാത്രമല്ല പുതിയൊരു ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത നെഹ്റുവിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു. ആ അവസ്ഥയിലും മലബാറിൽ കോൺഗ്രസ്സിനെ തോല്പിച്ച് സി.പി.ഐ - കിസാൻ മസ്ദൂർ പ്രജ പാർട്ടി സഖ്യത്തിന്റെ പ്രതിനിധികളായി എ.കെ.ജി, കെ കേളപ്പൻ തുടങ്ങിയവർ ലോകസഭയിലെത്തി. തിരുവിതാംകൂറിൽ നിന്ന് സ്റ്റേറ്റ് കോൺഗ്രസിന്റെ ആനി മസ്‌ക്രീനും സ്വതന്ത്രനായി കമ്മ്യൂണിസ്റ്റുപാർട്ടി നേതാവ് പി.ടി പൂന്നൂസും ആർ.എസ്.പി നേതാവ് എൻ ശ്രീകണ്ഠൻ നായരും കോൺഗ്രസ് നേതാക്കളെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി.

ഒരു ദേശീയ ബദൽ എന്ന പരീക്ഷണത്തിന് 52ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതൽ നേതൃത്വം നൽകുന്നതിൽ കമ്മ്യൂണിസ്റ്റു പാർട്ടിയും കേരളവും ചരിത്രപരമായ സംഭാവന നൽകിയിട്ടുണ്ട്. സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർട്ടികൾ ഇത്തവണ, 'ഞങ്ങളെ വിജയിപ്പിക്കുക, ഫലപ്രഖ്യാപനം കഴിഞ്ഞ് ഞങ്ങൾ ഇടപെടാം' എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

നരേന്ദ്രമോദി ഗവണ്മെന്റ് ഇപ്പോൾ ഒരു 'തെരഞ്ഞെടുപ്പുകാല' ഇടക്കാല സർക്കാർ മാത്രമാണ്. അത് കൃത്യമായി അറിയുന്നത് മോദിക്കു തന്നെയാണ്. വ്യവസ്ഥകളും ചട്ടങ്ങളും നേരും നെറിയും എന്തിന് ഭരണഘടനയെ പോലും മറികടന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മോദി സ്വീകരിക്കുന്ന കുത്സിതവും അസാധാരണവുമായ മാർഗ്ഗങ്ങൾ അതു വ്യക്തമാക്കുന്നു. ചരിത്രത്തിലില്ലാത്തവിധം ബംഗാൾ, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, കർണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാന ഗവണ്മെന്റുകളും ജമ്മു-കശ്മീർ, തമിഴ്‌നാട്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളും മോദി ഭരണം തിരിച്ചുവരാതിരിക്കാനുള്ള അസാധാരണമായ പോരാട്ടത്തിലാണ്.

ദേശീയത, പാകിസ്താൻ, ദേശസുരക്ഷ എന്നീ വിഷയങ്ങളിൽ ഊന്നിയ ദേശീയ- തീവ്ര ഹിന്ദുത്വ അജണ്ടയാണ് മോദി കഴിഞ്ഞ ഏതാനും മാസങ്ങളായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. അഞ്ചുവർഷം വാജ്പേയിയുടെ നേതൃത്വത്തിൽ തുടർച്ചയായി ബി.ജെ.പി ഗവണ്മെന്റ് ഭരിച്ചതും ജനങ്ങൾ ആ ഭരണം തിരസ്ക്കരിച്ചതും മോദി മറക്കുന്നു. തന്റെ ഭരണത്തിന്റെ ബാക്കിപത്രം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ തയ്യാറുമല്ല. സൈന്യത്തെപോലും വിഭാഗീയമായും രാഷ്ട്രീയമായും കയ്യിലെടുക്കാൻ ശ്രമിക്കുന്നു. ഇന്ത്യാ വിഭജനവും ബാബ്റി മസ്ജിദ് തകർത്തതും വർഗ്ഗീയ കലാപങ്ങൾ ആളികത്തിച്ചതും ന്യായീകരിക്കുന്നു.

ശാസ്ത്രത്തിന്റെ നേട്ടങ്ങൾക്കുമേൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേൽപ്പിക്കുന്നു. അതിൽനിന്ന് ഒരു മോദി തരംഗം രാജ്യമാകെ പ്രസരിക്കുകയാണെന്ന് ഭ്രാന്തമായി പ്രധാനമന്ത്രി അവകാശപ്പെടുന്നു. ഇതിനെതിരെ അതിശക്തമായി പ്രതികരിക്കുന്നതിനും നരേന്ദ്രമോദിയിൽ കേന്ദ്രീകരിക്കുന്നതിനും പകരം ഇടതുപാർട്ടികൾ കേരളത്തിൽ ജനശ്രദ്ധ തിരിച്ചുവിടുകയാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസ്സുമാണ് അവരെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുമേലുള്ള ദുരന്തം, നരേന്ദ്രമോദി അല്ല!

രൂക്ഷമായ തൊഴിൽ പ്രതിസന്ധി, കാർഷിക പ്രതിസന്ധി, മഹാഭൂരിപക്ഷത്തിന്റെയും ജീവിത പ്രതിസന്ധി എന്നീ നീറുന്ന അടിയന്തര പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ കോൺഗ്രസ്സാണ് ഉയർത്തിപ്പിടിക്കുന്നത്. ന്യൂനപക്ഷങ്ങളില്ലാത്ത ഒരു ഇന്ത്യയെയാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി അദ്ധ്യക്ഷൻ മുതൽ മന്ത്രിമാരും മുഖ്യമന്ത്രിമാരും ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിച്ച് സംരക്ഷിക്കുക എന്ന അടിയന്തര അജണ്ടയാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട് സംഭീതരായ ന്യൂനപക്ഷങ്ങളടക്കം ഈ ദേശീയ രാഷ്ട്രീയത്തിനു പിന്നിൽ അണിനിരക്കുന്നതു സ്വാഭാവികമാണ്.

രാഹുൽ ഗാന്ധി കേരളത്തിൽനിന്നു മത്സരിച്ചതോടെ ദേശീയ ബദൽ എന്ന രാഷ്ട്രീയ ലക്ഷ്യം സി.പി.എം ഉപേക്ഷിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ളവരെ പരാജയപ്പെടുത്തുകയാണ് ഇടതുപക്ഷ പാർട്ടികളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു. ആ സന്ദേശം മോദിക്ക് ശക്തി പകരുന്നതും ദേശീയ- മതനിരപേക്ഷ മുന്നണിയെന്ന സ്വന്തം ലക്ഷ്യത്തെ തകർക്കുന്നതുമാണ്.

1952 മുതൽ കുത്തകകൾക്കും മൂലധന ശക്തികൾക്കും കോർപ്പറേറ്റുകൾക്കും എതിരെ രാജ്യത്തെ കോടിക്കണക്കായ സാധാരണ മനുഷ്യർക്കുവേണ്ടി തെരഞ്ഞെടുപ്പുകളെയും ജനകീയ സമരങ്ങളെയും ഉപയോഗിച്ച് പോരാടി വന്നവരാണ് ഇടതുപാർട്ടികൾ. ജാതീയതയെയും വർഗ്ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന വർഗ്ഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ. ഇപ്പോൾ അവർ സ്വീകരിക്കുന്ന മാറിയ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്നില്ല. ദേശീയതലത്തിൽ മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന, ദുർബ്ബലപ്പെടുത്തുന്ന നിലപാടായി ജനങ്ങൾ അതിനെ കാണുന്നു. ബി.ജെ.പിയുടേയും കമ്മ്യൂണിസ്റ്റു പാർട്ടികളുടെയും വികസന കാഴ്ചപ്പാടുകൾ തമ്മിൽ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണം വ്യക്തിനിഷ്ഠവും അരാഷ്ട്രീയവുമാണെന്നും ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഇതു സ്വാഭാവികമായും ജനവിധിയെ ബാധിക്കും. യു.ഡി.എഫിൽ നിന്നെന്നപോലെ എൽ.ഡി.എഫിൽനിന്നും ബി.ജെ.പിയിലേക്ക് വോട്ടു ചോരാൻ ഈ രാഷ്ട്രീയനിലപാടും പ്രചാരണവും ഇടയാക്കിയിട്ടുണ്ട്. മെയ് 23ന് തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോൾ അത് വെളിപ്പെടും.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ഏറ്റവും അനുഭവമുള്ള പത്രപ്രവർത്തകനായ മാർക് ടുള്ളി 17-ാം ലോകസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി പറയുന്നു: ' മോദിയാണ് തെരഞ്ഞെടുപ്പിന്റെ അജൻഡ തീരുമാനിക്കുന്നത്. ബി.ജെ.പിയുടെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും. അജൻഡ നിയന്ത്രണം പിടിച്ചെടുക്കാൻ പ്രകടന പത്രികയിലെ ന്യായ് പോലുള്ള പദ്ധതികളിലൂടെ കോൺഗ്രസ് ശ്രമിച്ചു. ഇത് തിരിച്ചറിഞ്ഞ മോദി പുൽവാമ ഭീകരാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ഊന്നൽ കൊടുത്തു.'

ദേശീയ പ്രസ്ഥാനത്തിന്റെ കാലംമുതൽ ബദൽ ദേശീയ അജൻഡ മുന്നോട്ടുവെച്ചുപോന്ന ഇടതുപക്ഷ പാർട്ടികൾപോലും ഈ തെരഞ്ഞെടുപ്പിൽ അത് നിർവ്വഹിച്ചില്ലെന്നാണ് മാർക് ടുള്ളി പറഞ്ഞതിനർത്ഥം. അതിൽനിന്നു വേറിട്ടുനിന്നത് കോൺഗ്രസ്സിന്റെ അജൻഡയാണെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യഥാർത്ഥ വിഷയങ്ങളിലൂന്നി തെരഞ്ഞെടുപ്പ് അജൻഡ മുന്നോട്ടുവെച്ച മോദി ഇത്തവണ നിഷേധാത്മക അജൻഡകളെ ആശ്രയിക്കുകയാണ്. പ്രതിപക്ഷത്തെ ദേശദ്രോഹികളെന്ന് ആക്ഷേപിക്കുന്ന മോദിയുടെ നിലപാടിനെ അദ്വാനിവരെ ചോദ്യംചെയ്തിട്ടും ഇടതുപക്ഷം ശ്രദ്ധേയമായ മൗനം പാലിക്കുകയാണ് ചെയ്തത്. ദേശീയ രാഷ്ട്രീയമെന്നത് ഇത്തവണ ഇടതുപക്ഷത്തിന് കേരളമായി ചുരുങ്ങി എന്നതാണ് കാരണം. കേരളത്തിൽ കോൺഗ്രസ്സും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നതു കൊണ്ട് മോദിയിൽനിന്നും ബി.ജെ.പിയിൽ നിന്നും ഇടതുപക്ഷം ഒഴിഞ്ഞുമാറി.

'ഇത് കേരളമാണ്' എന്ന് ഇടതുപക്ഷം മേനിപറയുമ്പോൾ ഇടതുപക്ഷനയം ഇങ്ങനെയാണോ എന്ന് കേരളം അന്ധാളിക്കുന്നത് സ്വാഭാവികം. ഇടതുപക്ഷം നിലനിർത്തിപ്പോന്ന ആശയദൃഢത അവർ കളഞ്ഞുകുളിച്ചു. 2019ൽ നരേന്ദ്രമോദി നേരിടുന്ന വിശ്വാസരാഹിത്യം ഇക്കാരണത്താൽ കേരളത്തിൽ ഇടതുപക്ഷത്തിനും ബാധകമാണ്. അങ്ങനെ നോക്കുമ്പോൾ ഇവരിൽനിന്നു തീർത്തും വ്യത്യസ്തമാണ് രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ്. പൂർവ്വ യു.പിയിലെ ഗംഗാ തടങ്ങളിലൂടെ പ്രിയങ്കയും വയനാട് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുലും സൃഷ്ടിച്ചിട്ടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കരുതലിന്റെയും തരംഗം കോൺഗ്രസ് ചരിത്രത്തിലെ പുതിയൊരു ഘട്ടമാണ്. കോൺഗ്രസ്സും ബി.ജെ.പിയും ഒരുപോലെയാണെന്ന ഇടതുപാർട്ടികളുടെ ഇപ്പോഴത്തെ വിലയിരുത്തലും കേരളത്തിലെ ജനങ്ങളുടെ നേരിട്ടുള്ള അറിവും അനുഭവവും വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പുഫലം വരുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിതമായ രാഷ്ട്രീയ അട്ടിമറികളെ ഈ ഘടകമാണ് സ്വാധീനിക്കുക.

കടപ്പാട്: വള്ളിക്കുന്ന് ഓൺലൈൻ

Read More >>