തെരഞ്ഞെടുപ്പിലെ കള്ളവോട്ടു രാഷ്ട്രീയം

കള്ളവോട്ടുകൾകൊണ്ടും ബൂത്തുപിടിത്തംകൊണ്ടും ചില നേട്ടങ്ങളൊക്കെ കൊയ്യാൻ കഴിഞ്ഞേക്കാം. പക്ഷെ, പോളിങ് ബൂത്തിലേക്ക് സ്വയം നിശ്ചയിച്ച് തങ്ങളുടെ ദൃഢ തീരുമാനം രേഖപ്പെടുത്താൻ പോകുന്ന വോട്ടർമാരുടെ പൊതുവികാരത്തെ ആകെ അട്ടിമറിക്കാൻ അതുകൊണ്ടാവില്ല.

തെരഞ്ഞെടുപ്പിലെ കള്ളവോട്ടു രാഷ്ട്രീയം

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

ഏറ്റവും ഉയർന്ന തോതിൽ വാശിയോടെയാണ് കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് പൊതുവിൽ 78 ശതമാനവും മിക്ക പോളിങ് ബൂത്തുകളിലും 90 ശതമാനത്തിലേറെയും സമ്മതിദായകർ തങ്ങളുടെ വീറും വാശിയും പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ്.

ജനവിധിയുടെ ആ പവിത്രത കെടുത്തുമാറ് ആസൂത്രിതമായി കള്ളവോട്ടും ഇത്തവണ നടന്നു. അതിന്റെ തെളിവാണ് വോട്ടെണ്ണൽ നടക്കുംമുമ്പു തന്നെ കള്ളവോട്ടുചെയ്ത കുറേപ്പേരെ സംബന്ധിച്ച തെളിവുകൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതും ചരിത്രത്തിലാദ്യമായി കേരളത്തിലെ ഏഴ് ബൂത്തുകളിൽ റീപോളിങ് നടത്തേണ്ടിവന്നതും. കള്ളവോട്ട് നടത്തിയവർക്കെതിരെ നിയമ നടപടി എടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടു. കയ്യൂർ സമരസേനാനി കെ.പി.ആർ ഗോപാലന്റെയും മുഖ്യമന്ത്രി ഇ.കെ നായനാരുടെയും ജന്മദേശം ഉൾപ്പെടുന്ന കല്ല്യാശ്ശേരി മണ്ഡലം ഉൾപ്പെട്ട കണ്ണൂർ ജില്ലയിലാണ് കള്ളവോട്ട് പിടിക്കപ്പെട്ടത്.

ഇത്തവണ കള്ളവോട്ട് ചെയ്തതിൽ ഇടതുപക്ഷ - ജനാധിപത്യമുന്നണി പ്രവർത്തകർ, പ്രത്യേകിച്ച് സി.പി.എം പ്രവർത്തകർ പിടികൂടപ്പെട്ടതാണ് മറ്റൊരു പ്രത്യേകത. ഇതേതുടർന്ന് യു.ഡി.എഫ് കള്ളവോട്ട് ചെയ്തതിന്റെ തെളിവുകൾ സി.പി.എമ്മും പുറത്തുകൊണ്ടുവന്നു. എൽ.ഡി.എഫിന്റെ കള്ളവോട്ടുകൾ കണ്ടെത്താൻ ഒരു ഉന്നതാധികാര അന്വേഷണ സമിതിയെതന്നെ കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്.

അതിനിടയ്ക്ക് പൊലീസുകാരുടെ തപാൽ വോട്ടുകൾ ഇടത് ആഭിമുഖ്യമുള്ള അസോസിയേഷൻ നേതാക്കൾ സംഭരിച്ച് രാഷ്ട്രീയ ദുരുപയോഗം നടത്തിയെന്ന ആരോപണവും തെളിവുകളും അതിന്മേൽ നടപടിയും ഉണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഈ വിവാദം അതിഗൗരവമായി ഉന്നത നീതിപീഠങ്ങളിൽ അലയടിക്കും. ഇടതുമുന്നണി ഭരണത്തിൻ കീഴിൽ ഒരിക്കലും താത്വികമായും ധാർമ്മികമായും നടക്കാൻ പാടില്ലാത്ത ജനാധിപത്യവിരുദ്ധ സംഭവങ്ങളാണ് ഇവ. ഇതിനുപിന്നിൽ ഉന്നതതലത്തിലെ രാഷ്ട്രീയ - ഉദ്യോഗസ്ഥതല ഗൂഢാലോചന പ്രകടമാണ്.

സ്വതന്ത്രമായും നിർഭയമായും സമ്മതിദാനാവകാശം എല്ലാ പൗരന്മാർക്കും ഉപയോഗപ്പെടുത്താൻ കഴിയുക എന്നതാണ് ജനാധിപത്യ പ്രക്രിയയുടെ പരിശുദ്ധിയും വിശ്വാസ്യതയും. അത് ഉറപ്പുവരുത്തുന്നതിനാണ് രഹസ്യവോട്ട് ഭരണഘടനാനുസൃതമായി തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഭാഗമായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. അത് തകർക്കാൻ തെരഞ്ഞെടുപ്പ് സംവിധാനത്തിനകത്തുള്ളവർക്കോ ഭരണകക്ഷി നേതൃത്വത്തിലുള്ളവർക്കോ അധികാരമില്ല. തന്റെ സമ്മതിദാനാവകാശം സ്വതന്ത്രമായും നിർഭയമായും നിർവ്വഹിക്കാനുള്ള അവകാശമാണ് തെരഞ്ഞെടുപ്പിന്റെ ജീവൻ. അധികാരത്തിന്റെയും സംഘടനയുടെയും പണത്തിന്റെയും ശക്തികൾ ജനാധിപത്യത്തെ ബലാത്സംഗം ചെയ്തുകൂടാ. കള്ളവോട്ടിൽ നിന്നു തുടങ്ങി ബൂത്തുപിടിത്തമായും എതിർപ്പിനെയും വിയോജിപ്പിനെയും അടിച്ചമർത്തുന്ന ജനാധിപത്യ വിരുദ്ധതയായും ആ പ്രവണത നിലനിൽക്കുന്നത് അപകടകരമാണ്.

ഫ്യൂഡൽ -നാടുവാഴി-ഭൂപ്രഭുത്വ വ്യവസ്ഥ നിലനിന്നിരുന്ന നമ്മുടെ രാജ്യത്ത് മേൽപ്പറഞ്ഞ അവസ്ഥയ്ക്കെതിരെ സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പു നടത്താൻ ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ വിശേഷിച്ചും പൊരുതിപ്പോന്ന ചരിത്രമാണ് ഇടതു പാർട്ടികളുടേത്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസ് സേനയിലടക്കം കള്ളവോട്ട് നടക്കുന്ന സ്ഥിതിയുണ്ടാകുന്നത് ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ ഭേദമില്ലാത്ത അവസ്ഥയായെന്ന ദുരന്തത്തിന്റെ സൂചനയാണ്.

തെരഞ്ഞെടുപ്പ് തുടങ്ങിയ കാലംമുതൽ കള്ളവോട്ട് ഉണ്ടെന്ന ന്യായീകരണം കള്ളവോട്ടുകളുടെ ദൃശ്യം പുറത്തുവന്നപ്പോൾ ഇത്തവണ ഇടതുപാർട്ടി നേതാക്കൾ ഉയർത്തി. മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ പാർട്ടികൾ പറഞ്ഞിരുന്നതുപോലെ. മുൻ നിലപാടുകളിൽനിന്ന് അവർ പിറകോട്ടു പോകുന്നതിന്റെ തെളിവായി അത്. ജനവിധിയെ അധികാരത്തിലിരുന്ന് അട്ടിമറിക്കുന്നതിനെ ഇടതുപക്ഷവും ന്യായീകരിക്കുന്നതിന്റെ സൂചനയായി അത്.

ജന്മിമാർക്കും സ്വന്തം പേരിൽ ഭൂമിയുള്ളവർക്കും മാത്രമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിൽ വോട്ടവകാശം. സ്വതന്ത്ര ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചത്. വോട്ടർമാരെ ഭയപ്പെടുത്തിയും പണവും മദ്യവും നൽകി സ്വാധീനിച്ചും ബൂത്തുകൾ പിടിച്ചടക്കിയും കയ്യൂക്കുള്ളവർ ജനാധിപത്യം അട്ടിമറിക്കുന്ന പ്രക്രിയ പിന്നെയും തുടർന്നു. സ്വാഭാവികമായും കേന്ദ്ര-സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്ന കോൺഗ്രസ് ജനപിന്തുണ നഷ്ടപ്പെട്ട് വീണ്ടും അധികാരത്തിൽ വരാൻ ഈ മാർഗ്ഗങ്ങൾ അവലംബിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് പ്രതിപക്ഷത്തായ കോൺഗ്രസിന് തങ്ങൾ ചെയ്തതിന്റെ ദുരനുഭവം കേരളത്തിലും ബംഗാളിലുമടക്കം ഏറ്റുവാങ്ങേണ്ടിയും വന്നു. വ്യാപകമായ കള്ളവോട്ടുകളിലൂടെയും ബൂത്തുപിടിത്തങ്ങളിലൂടെയും എം.എൽ.എമാരും എം.പിമാരും ഉത്തരേന്ത്യയിലടക്കം വിജയിച്ചതും ഗവണ്മെന്റുകൾ രൂപീകരിക്കുന്നതിൽ നിർണ്ണായകമായതും നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ കല്ലുകടിയാണ്.

എന്നാൽ 1957ൽ ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വന്നപ്പോൾ അത് കള്ളവോട്ടിലൂടെയാണെന്ന് ആരും ആരോപിച്ചില്ല. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ വിജയത്തിന് കാരണമായി എതിരാളികൾ പലതും പറഞ്ഞു. കള്ളവോട്ടും തെരഞ്ഞെടുപ്പ് അഴിമതിയും നടത്തി എന്ന് ഒരാളും അന്ന് ആരോപണമുന്നയിച്ചില്ല. കൊട്ടും വാദ്യവും സംഘടിപ്പിച്ചുള്ള കമ്മ്യൂണിസ്റ്റുകാരുടെ പ്രചാരവേലയാണ് അവരെ വിജയിപ്പിച്ചത് എന്നുതുടങ്ങി കോൺഗ്രസ്സിന്റെ അഴിമതിഭരണം അവസാനിച്ചു കാണണമെന്ന് ആഗ്രഹിച്ചവർ അത് അവസാനിപ്പിക്കാൻ പറ്റുന്നത് കമ്മ്യൂണിസ്റ്റു പാർട്ടി ജയിച്ചാൽ മാത്രമാണെന്നു കരുതി വോട്ടുചെയ്തെന്നു വരെയാണ് അന്ന് കാരണം കണ്ടെത്തിയത്.

കോൺഗ്രസ്സിൽനിന്നു രാജിവെച്ച എച്ച്.എൻ ബഹുഗുണ ഗഡ് വാൾ മണ്ഡലത്തിൽനിന്ന് ലോകസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചപ്പോൾ കേന്ദ്ര പൊലീസിനെ മണ്ഡലത്തിലിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഇന്ദിരാഗാന്ധി ശ്രമിച്ചു. അന്ന് ബഹുഗുണയ്ക്കുവേണ്ടി ഏറ്റവുമധികം ശബ്ദമുയർത്തിയത് സി.പി.എം ആയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.എൽ ശാക്ധർ തന്നോട് ആലോചിക്കാതെ കേന്ദ്രം മണ്ഡലത്തിൽ സേനയെ വിന്യസിപ്പിച്ചത് തെറ്റാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പുതന്നെ മാറ്റിവച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പിന്തുണയും ശാക്ധരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് പിന്നീട് തെരഞ്ഞെടുപ്പിൽ ബഹുഗുണയുടെ വിജയം ഉറപ്പുവരുത്തിയത്.

ഇടതുമുന്നണി ഗവണ്മെന്റ് പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നതിനു ശേഷം 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്നാരോപിച്ചുള്ള ഈ ഹർജി സുപ്രിം കോടതി തള്ളി. തെരഞ്ഞെടുപ്പു ആരംഭിച്ചാൽ തീരുന്നതുവരെ കോടതികൾക്ക് ഇടപെടാൻ അധികാരമില്ലെന്ന ചരിത്രവിധി സുപ്രിം കോടതി പുറപ്പെടുവിച്ചത് ആ കേസിലാണ്. ശാക്ധറുടെയും ബംഗാളിലെ ഇടത് മുന്നണി ഗവണ്മെന്റിന്റെയും ശക്തമായ നിലപാടുകളെ തുടർന്നായിരുന്നുഅത്. സ്വതന്ത്ര ജനവിധിയെന്ന തത്വം ഇടതു മുന്നണി തുടർന്ന് അട്ടിമറിച്ചതിന്റെ ദുരന്തമാണ് തൃണമൂൽ ഭരണത്തിൽ ഇടതു പാർട്ടികളും മറ്റും ബംഗാളിൽ ഇപ്പോൾ അനുഭവിക്കുന്നത്.

ഇത്തവണ കേരളത്തിൽ കള്ളവോട്ട് നടന്നെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് പരാജയഭീതികൊണ്ടാണെന്നാണ് ഇടതുപാർട്ടി നേതാക്കൾ പരിഹസിക്കുന്നത്. 1977ൽ ലോലോക്‌സഭയിലേക്കും കേരള നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി. അടിയന്തരാവസ്ഥയുടെ അന്തരീക്ഷത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അധികാര ദുർവിനിയോഗവും നടന്നെന്ന് സി.പി.എം കുറ്റപ്പെടുത്തി. അതിന്റെ പേരിൽ പ്രക്ഷോഭം നടത്തിയത് ഇപ്പോൾ അവർ വിസ്മരിച്ചെന്നു തോന്നുന്നു.

ഇത്തവണ കേരളത്തിൽ വോട്ടർപട്ടികയിൽ നിന്ന് ഏകപക്ഷീയമായി സർക്കാർ ഉദ്യോഗസ്ഥന്മാർ വ്യാപകമായി പേരുകൾ നീക്കം ചെയ്തതായി പരാതിയുണ്ട്. ഹൈക്കോടതിക്കുപോലും അതിൽ ഇടപെടേണ്ടിവന്നിരിക്കുന്നു. ഭരണത്തിലിരുന്ന് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്താൻ നേരത്തെ കോൺഗ്രസ്സുകാർ ചെയ്ത അതേ കാര്യങ്ങൾ എൽ.ഡി.എഫ് ഭരണത്തിൽ നടക്കുന്നു എന്നതാണ് വെളിപ്പെടുന്നത്. പോളിങ്‌ പ്രക്രിയയിൽ സംസ്ഥാന ഉദ്യോഗസ്ഥരും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരും സഹകരിച്ചാണ് ഇടതുപക്ഷത്തിന് കള്ളവോട്ടുകൾക്കും മറ്റും അവസരമൊരുക്കുന്നതെന്നാണ് പുറത്തുവരുന്നത്.

കോൺഗ്രസ് - ബി.ജെ.പി ഗവണ്മെന്റുകൾക്കുകീഴിൽ നടക്കുന്ന ജനവിധിയുടെ അട്ടിമറി ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യത്തിന്റെ ശവക്കുഴി മാത്രമല്ല തോണ്ടുക; ഇടതുപക്ഷത്തിന്റെ ശേഷിച്ച നിലനിൽപ്പിന്റെ അടിത്തറകൂടിയാകും. കള്ളവോട്ട് ഇടതുപക്ഷത്തിന്റെ പരിപാടിയല്ല എന്നു പറയുകയും തങ്ങളുടേതല്ലാത്ത പരിപാടി നടപ്പാക്കുകയും ചെയ്യുമ്പോൾ അതിനർത്ഥം വ്യക്തമാണ്. ഇത്തവണ ഇടതുമുന്നണി യഥാർത്ഥ ജനവിധിയെ ഭയപ്പെടുന്നു.

അതിനർത്ഥം ഇടതുപക്ഷത്തിന് കേരളത്തിൽ ഇപ്പോൾ ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തനം സ്വതന്ത്രവും കർക്കശവും ഭരണാനുസൃതവും ആയാൽ മാത്രമേ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവ്വകവുമാകൂ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണറെ സംബന്ധിച്ചിടത്തോളം ആ സ്ഥിതിയല്ല നിലവിൽ. എൻ.കെ ശേഷൻ തെരഞ്ഞെടുപ്പു കമ്മിഷണറായശേഷം തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവ്വകവുമാക്കുന്നതിന് ഒട്ടേറെ നടപടികൾ എടുത്തിരുന്നു. പിന്നീട് കോടിക്കണക്കിൽ രൂപ ചെലവിട്ട് വെബ് ക്യാമറകളും വി.വി പാറ്റുകളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് 2019ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആ വെബ് ക്യാമറ കണ്ണുകൾക്കു മുമ്പിലാണ് കേരളത്തിൽ കള്ളവോട്ടുകൾക്കും ബാലറ്റുപിടിത്തത്തിനും ഇടതുമുണി ഭരണത്തിൽ ശ്രമം നടന്നത് എന്നത് അസാധാരണവും ഗുരുതരവുമാണ്. യു.ഡി.എഫോ ബി.ജെ.പിയോ പരമ്പരാഗതമായി നടത്തിവന്ന കള്ളവോട്ടുകൾ ഇത്തവണയും പലയിടത്തും അവർ ആവർത്തിച്ചിരിക്കും. എന്നാൽ അതിലേറെ സംഘടിതവും അപകടകരവുമാണ് അധികാരത്തിലിരിക്കുന്ന ഇടതുമുന്നണിയുടെ ഭരണനേതൃത്വത്തിൽ ചെയ്തുകൂട്ടിയ തെറ്റുകൾ. തെരഞ്ഞെടുപ്പു പ്രക്രിയ കൂടുതൽ സുതാര്യവും വിശ്വാസ്യവുമാക്കാൻ ബാധ്യതയുള്ള ഇടതുപാർട്ടികളാണ് അട്ടിമറിക്കാൻ ശ്രമിച്ചത്.

കള്ളവോട്ടുകൾകൊണ്ടും ബൂത്തുപിടിത്തംകൊണ്ടും ചില നേട്ടങ്ങളൊക്കെ കൊയ്യാൻ കഴിഞ്ഞേക്കാം. പക്ഷെ, പോളിങ് ബൂത്തിലേക്ക് സ്വയം നിശ്ചയിച്ച് തങ്ങളുടെ ദൃഢ തീരുമാനം രേഖപ്പെടുത്താൻ പോകുന്ന വോട്ടർമാരുടെ പൊതുവികാരത്തെ ആകെ അട്ടിമറിക്കാൻ അതുകൊണ്ടാവില്ല. ഇതിന്റെ കാരണം സി.പി.എമ്മിന്റെ താത്വിക ആചാര്യനായ ഇ.എം.എസ് 1957ലെ ജനവിധിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുവെച്ചിട്ടുണ്ട്: 'ജീവനുള്ള ലക്ഷക്കണക്കിന് മനുഷ്യരാണ് പലപ്പോഴും നാം നിർജ്ജീവ പദാർത്ഥം മാത്രമായി കണക്കാക്കുന്ന വോട്ടർമാർ. ഓരോ തവണത്തെ തെരഞ്ഞെടുപ്പിലും അവർ ഒരു കൂട്ടരുടെ അല്ലെങ്കിൽ മറ്റൊരു കൂട്ടരുടെ 'ശാസ്ത്രീയമായ കണക്കുകൂട്ടലു'കളെല്ലാം തെറ്റിച്ച് തങ്ങളുടെ സ്വന്തം അഭിപ്രായം സ്വന്തം രീതിയിൽതന്നെ പ്രകടിപ്പിക്കും.' കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇത്തവണ സ്വയമെടുത്ത തീരുമാനം എന്താണ് എന്നതാണ് മെയ് 23ന് വെളിപ്പെടാൻ പോകുന്നത്. അത് ആർക്കൊക്കെ എങ്ങനെ എന്തുകൊണ്ട് എതിരായിത്തീരും എന്ന് കൃത്യമായി അന്ന് മനസിലാകും. ജനവികാരത്തിന്റെ ആ കുത്തൊഴുക്കിൽ കള്ളവോട്ടുകൾ ആരെയും സഹായിക്കില്ലെന്ന് അപ്പോഴെങ്കിലും മനസ്സിലാകും.

കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍

Read More >>