കെ.വി.പി.വൈയുടെ സാദ്ധ്യതകൾ

മികച്ച ഫെല്ലോഷിപ്പും മറ്റവസരങ്ങളും ലഭിക്കുന്ന ഈ പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സയൻസ് വിദ്യാർത്ഥികൾ മുൻകൂട്ടിത്തന്നെ ആസൂത്രണങ്ങൾ നടത്തണം

കെ.വി.പി.വൈയുടെ സാദ്ധ്യതകൾ

പി.ടി ഫിറോസ്

സയൻസ് ബിരുദ കോഴ്സിന് പഠിക്കുമ്പോൾ മാസം 5000 രൂപയും ശേഷം ബിരുദാന്തര ബിരുദത്തിന് മാസം 7000 രൂപയും അതിനുപുറമെ യഥാക്രമം വർഷത്തിൽ 20000 രൂപയും 28000 രൂപയും കണ്ടിജൻസി ഗ്രാന്റ് ആയും ലഭിച്ചാൽ എങ്ങനെയിരിക്കും. ഇത്തരത്തിലുള്ള മികച്ച ഫെലോഷിപ്പിന് പുറമെ ദേശീയതലത്തിൽ തന്നെ മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന സാദ്ധ്യത ഉറപ്പുവരുത്താൻ സഹായിക്കുന്ന ദേശീയ പദ്ധതിയാണ് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ).

ശാസ്ത്രപഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്ക്കരിച്ച ഈ ദേശീയ ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയും ഇതിൽ നിന്ന് ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂവും ഉണ്ടാവും. മികച്ച ഫെല്ലോഷിപ്പും മറ്റവസരങ്ങളും ലഭിക്കുന്ന ഈ പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സയൻസ് വിദ്യാർത്ഥികൾ മുൻകൂട്ടിത്തന്നെ ആസൂത്രണങ്ങൾ നടത്തണം. നിരന്തരമായ പരിശീലനവും ശ്രദ്ധയും ഉണ്ടെങ്കിൽ ഈ പദ്ധതിയുടെ ഭാഗമായി മികച്ച നേട്ടങ്ങൾ കൊയ്യാനാവും.

ബി.എസ്.സി, ബിഎസ്, ബിസ്റ്റാറ്റ്, ബിമാത്‌സ്, അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ് /എം.എസ് സി എന്നീ കോഴ്സുകൾക്ക് പഠിക്കുമ്പോൾ ആദ്യ മൂന്ന് വർഷം മാസത്തിൽ 5000 രൂപ ഫെല്ലോഷിപ്പായും വാർഷിക കണ്ടിൻജൻസി ഗ്രാന്റ് ആയി 20000 രൂപയും ലഭിക്കും. എം.എസ് സി അല്ലെങ്കിൽ ഇന്റഗ്രെറ്റഡ് എം എസ്/ എം.എസ്.സി പഠിക്കുമ്പോൾ മാസത്തിൽ 7000 രൂപ ഫെല്ലോഷിപ്പായും വാർഷിക കണ്ടിൻജൻസി ഗ്രാന്റ് ആയി 28000 രൂപയും ലഭിക്കും എന്നതാണിന്റെ പ്രധാന സവിശേഷത. മൂന്ന് സ്ട്രീമുകളിലായാണ് ഈ പദ്ധതി ക്രമീകരിച്ചിട്ടുള്ളത്

സ്ട്രീം എസ്.എ

ഈ അക്കാദമിക വർഷം പതിനൊന്നാം ക്ലാസിൽ സയൻസ് സ്ട്രീമിൽ പഠിക്കുന്നവർക്കാണ് ഈ സ്കീമിൽ അവസരം ഉള്ളത്. 2018-2019 വർഷത്തിലെ പത്താം ക്ലാസ്സിലെ ബോർഡ് പരീക്ഷയിൽ ഗണിതത്തിനും സയൻസിനും കൂടി മൊത്തത്തിൽ 75 ശതമാനം മാർക്ക് (പട്ടികജാതി/ഭിന്നശേഷിക്കാർക്ക് 65 % മാർക്ക്) ലഭിച്ചവർക്ക് അഭിരുചി പരീക്ഷ എഴുതാം. ഇവർ പന്ത്രണ്ടാം ക്ലാസ്സിൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനം (പട്ടികജാതി/ഭിന്നശേഷിക്കാർക്ക് 50% മാർക്ക്) ലഭിച്ച് 2021-22 വർഷത്തിൽ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പ്രവേശനം (ബി.എസ്.സി, ബിഎസ് , ബിസ്റ്റാറ്റ്, ബിമാത്‌സ്, അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ് /എം.എസ്.സി) ലഭിച്ചത് മുതൽ ഫെലോഷിപ്പ് ലഭിച്ചു തുടങ്ങും. ഇതിനിടയിൽ കെ.വി.പി.വൈ, ഇൻസ്പയർ പ്രോഗ്രാം, ഐ.ഐ.എസ്.സി ബംഗളൂരു, ഐ.ഐ.എസ്.സി കൊൽക്കത്ത എന്നിവ സംയുക്തമായി നടത്തുന്ന വിജ്യോഷി ദേശീയ സയൻസ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. യാത്രാ താമസ ചെലവുകൾ കെ.വി.പി.വൈ വഹിക്കും.

സ്ട്രീം എസ്.എക്‌സ്

ഈ വർഷം പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഷയത്തിൽ പഠനം നടത്തുകയും പത്താം ക്ലാസ്സിലെ ബോർഡ് പരീക്ഷയിൽ ഗണിതത്തിനും സയൻസിനും കൂടി മൊത്തത്തിൽ 75 ശതമാനം മാർക്ക് (പട്ടികജാതി/ഭിന്നശേഷിക്കാർക്ക് 65 % മാർക്ക് ) ലഭിച്ചവർക്ക് അഭിരുചി പരീക്ഷ എഴുതാം. ഇവർ പന്ത്രണ്ടാം ക്ലാസ്സിൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനം (പട്ടികജാതി/ഭിന്നശേഷിക്കാർക്ക് 50 % മാർക്ക്) ലഭിച്ച് 2020 - 2021 വർഷത്തിൽ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പ്രവേശനം (ബിഎസ്.സി, ബി.എസ്, ബിസ്റ്റാറ്റ്, ബിമാത്‌സ്, അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംഎസ് /എംഎസ്.സി) ലഭിച്ചത് മുതൽ ഫെലോഷിപ്പ് ലഭിച്ചു തുടങ്ങും.)

സ്ട്രീം എസ്ബി

ഈ വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഒന്നാം വർഷ ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഈ സ്ട്രീമിൽ കെ വി പി വൈ അഭിരുചി പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനം (പട്ടികജാതി/ഭിന്നശേഷിക്കാർക്ക് 50% മാർക്ക്) ലഭിച്ചിരിക്കണം. കൂടാതെ ചില ഫെലോഷിപ്പുകൾ പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കും മറ്റു ചിലത് ഭിന്നശേഷി ഉള്ളവർക്കുമായി മാറ്റിവച്ചിട്ടുണ്ട്. ആകർഷകമായ ഫെലോഷിപ്പുകൾക്ക് പുറമെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്), ഐ.ഐ.എസി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) എന്നിവക്ക് പുറമെ ഹൈദ്രാബാദിലുള്ള ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജിയിലെ പഞ്ചവർഷ ഇരട്ട ബിരുദ കോഴ്സിലേക്കും ഉള്ള പ്രവേശനത്തിന് കെ.വി.പി.വൈ അഭിരുചി പരീക്ഷയിലെ മികച്ച സ്‌കോർ സഹായകരമാവും.

ഇന്ത്യൻ പൗരത്വം ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലടക്കം 11, 12 ക്ലാസ്സുകളിൽ പഠിച്ചു കൊണ്ടിരിക്കുന്ന അക്കാദമിക മികവുള്ള വിദ്യാർത്ഥികൾക്ക് ഇത് മികച്ച അവസരമാണ്. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ 2019 നവമ്പർ മൂന്നിന് നടക്കും. ജൂലൈ 8 മുതൽ അപേക്ഷ സമർപ്പിക്കാനുള്ള പോർട്ടൽ തുറന്നിട്ടുണ്ട്. ആഗസ്ത് 20 വരെ kvpy.iisc.ernet.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പ് പ്രവർത്തനക്ഷമമായ ഇ മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ തയ്യാറാണെന്ന് ഉറപ്പുവരുത്തുക. അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഇ മെയിൽ/ മൊബൈൽ നമ്പർ മുഖേന അറിയിക്കുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ മൊബൈൽ നമ്പർ, ഇ മെയിൽ അഡ്രസ്സ് എന്നിവ സൂക്ഷിക്കണം. kvpy.iisc.ernet.in എന്ന വെബ് സൈറ്റിൽ ലഭ്യമായ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, ഉത്തരസൂചിക, മോക്ക്‌ടെസ്റ്റ് എന്നിവ ഉപയോഗപ്പെടുത്തി പരിശീലനം നേടുന്നത് പ്രയോജനകരമായിരിക്കും.

Read More >>