കേരളത്തെ നിയന്ത്രിക്കുന്ന നഷ്ടമൂല്യ സിദ്ധാന്തം

പല രീതിയിൽ രാജ്യത്തിന്റെ വികസനപ്രക്രിയയിൽ കായികാദ്ധ്വാനം വിറ്റ് പങ്കാളികളാകാൻ നിർബന്ധിതരാവുന്ന തൊഴിലാളികൾക്ക് എന്ത് സംരക്ഷണമാണ് സോഷ്യലിസ്റ്റ് ഭരണഘടനയുള്ള ഇന്നാട്ടിലെ സർക്കാറുകൾ നൽകുന്നത് ?

കേരളത്തെ നിയന്ത്രിക്കുന്ന നഷ്ടമൂല്യ സിദ്ധാന്തം

അഡ്വ.വി.ടി.പ്രദീപ് കുമാര്‍

ഇന്ന് ഒരാൾ സർക്കാർ സർവീസിൽ കയറുന്നതോടെ അയാളുടെയും കുടുംബത്തിന്റെയും ജീവിതം സുരക്ഷിതമാക്കപ്പെടുന്നു. നാലോ അഞ്ചോ ശമ്പള വർദ്ധനവിന്റെ ആനുകൂല്യത്തോടെ ഒരാൾ 55ാമത്തെ വയസ്സിൽ ശരാശരി 80,000 രൂപ ശമ്പളത്തോടെ വിരമിക്കുന്നു. പിന്നീട് പ്രതിമാസം 40,000 രൂപയുടെ പെൻഷനും ലഭിക്കുന്നു. പുറമെ വിരമിക്കുമ്പോൾ ശരാശരി 50 ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യവും. ഇത് നിക്ഷേപമാക്കി മാറ്റുമ്പോൾ പലിശയിനത്തിൽ പ്രതിമാസം 60,000 രൂപ കിട്ടും. അതായത് പെൻഷൻ പറ്റി വീട്ടിലിരിക്കുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ ! എയർകണ്ടീഷൻ മുറിയിലോ ഫാനിനടിയിലോ ഇരുന്നു ജോലി ചെയ്യുന്ന ഇവർ പ്രതിമാസം 20,000 രൂപ മുതൽ 2,50,000 രൂപ വരെ ശമ്പളം വാങ്ങുമ്പോൾ ഒരു ദിവസം മുന്നോ നാലോ മണിക്കൂർ മാത്രമാണ് യഥാർത്ഥത്തിൽ ജോലി ചെയ്യുന്നത്. ഒരു വർഷത്തിലെ സർക്കാർ അവധികൾക്ക് പുറമെ ബന്ദും ഹർത്താലും പണിമുടക്കുകളും ലീവും കഴിച്ച് ജോലി ചെയ്യുന്നത് 230 ദിവസങ്ങൾ മാത്രം.

പതിനഞ്ചോ ഇരുപതോ വയസ്സിൽ കർഷകനായോ, കർഷക തൊഴിലാളിയായോ, നിർമ്മാണ തൊഴിലാളിയായോ, ഓട്ടോ-ടാക്‌സി ഡ്രൈവറായോ, കടയിലെ സെയിൽസ്മാനായോ ചെറുകിട വ്യാപാരിയായോ, തൊഴിലാളിയായോ ജീവിക്കുന്ന ഒരാൾ രാവിലെ എട്ടു മണിക്ക് തുടങ്ങിയാൽ എട്ടു മുതൽ 12 മണിക്കൂർ വരെ പണിയെടുക്കുന്നു. വൈകിട്ട് കിട്ടുന്ന 500-600 രൂപയ്ക്ക് തന്റെ വീട്ടിലേക്ക് ആവശ്യമായ അരിയും സാധനങ്ങളും വാങ്ങിക്കുന്നതോടെ പോക്കറ്റ് കാലിയാവുന്നു. ഇതിനിടെ ഒരു കുടുംബാംഗത്തിന് അസുഖം വന്നാൽ കാര്യം പിന്നെ പറയേണ്ടതില്ല. സാമൂഹ്യ ജീവിയെന്ന നിലയിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും വിവാഹം, പാലുകാച്ചൽ തുടങ്ങി ഒഴിവാക്കാൻ കഴിയാത്ത മറ്റ് ചെലവുകൾ വേറെയും. മക്കളുടെ പഠനം, വായ്പയുടെ തിരിച്ചടവ്... അങ്ങനെ പോകുന്നു പട്ടിക. ഭാര്യയും സർക്കാർ ജീവനക്കാരിയാണെങ്കിൽ ഒരു കുടുംബത്തിലേക്ക് എത്തുന്ന വരുമാനം എത്രയായിരിക്കും? സർക്കാർ ജീവനക്കാർ മരിച്ചാൽ ആശ്രിതന് പകുതി പെൻഷൻ. അങ്ങനെ അടുത്ത തലമുറയും സംരക്ഷിക്കപ്പെടുന്നു.

ഒരു ദിവസം പണിയില്ലെങ്കിൽ അന്ന് പട്ടിണിയായി അങ്ങനെ ജീവിതം എന്താണെന്നറിയാതെ വരവും ചെലവും കൂട്ടിമുട്ടിക്കാൻ കഴിയാതെ നെട്ടോട്ടമോടുന്നവർ എന്നാണ് വിരമിക്കുന്നത് ? 70ഉം 80ഉം പിന്നിട്ട് നിവർന്നു നിൽക്കാവുന്നിടത്തോളം പണിയെടുക്കുന്നവരുടെ വിരമിക്കൽ കുഴിമാടത്തിലേക്ക് എടുക്കുമ്പോൾ മാത്രമായിരിക്കും. പല രീതിയിൽ രാജ്യത്തിന്റെ വികസനപ്രക്രിയയിൽ കായികാദ്ധ്വാനം വിറ്റ് പങ്കാളികളാകാൻ നിർബന്ധിതരാവുന്ന തൊഴിലാളികൾക്ക് എന്ത് സംരക്ഷണമാണ് സോഷ്യലിസ്റ്റ് ഭരണഘടനയുള്ള ഇന്നാട്ടിലെ സർക്കാറുകൾ നൽകുന്നത് ?

365 ദിവസവും തൊഴിലെടുക്കുന്ന സാധാരണ തൊഴിലാളിക്ക് 60 വയസ്സാവുമ്പോൾ പ്രതിമാസം 1200 രൂപ! ഒരു തൊഴിലാളി മരണപ്പെട്ടാൽ ആശ്രിതർ പെരുവഴിയിൽ. ഒരു ജീവനക്കാരനോ അവന്റെ ബന്ധുവിനോ രോഗം വന്ന് ചികിത്സിച്ചാൽ മെഡിക്കൽ റീ-ഇമ്പേഴ്‌സ്‌മെന്റ് വഴി ആ പണം തിരിച്ചു നൽകുന്നു. ഒരു തൊഴിലാളിക്കോ അദ്ദേഹത്തിന്റെ മക്കൾക്കോ ഒരു രോഗം വന്നാൽ അവർ ബക്കറ്റുമായി ഭിക്ഷയെടുക്കേണ്ട ഗതികേട്. ഇതാണോ നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസം ?

ഇന്ന് മാർക്കറ്റിൽ നിന്ന് 10 കി.ഗ്രാം അരിക്ക് 350 രൂപ വേണം. ഒരു സർക്കാർ ജീവനക്കാരന് മാസാമാസം ശമ്പളം കിട്ടാൻ അവൻ ഒരു രൂപ പോലും ചെലവിടേണ്ടതില്ല. കിട്ടിയ ശമ്പളത്തിൽ നിന്ന് 350 രൂപ കൊടുത്താൽ മതി. അതായത് അദ്ദേഹം ചെലവഴിച്ച 350 രൂപ പൂർണ്ണമായും അദ്ദേഹം അനുഭവിക്കുന്നു. അതേ സമയം ഒരു കർഷകന് 350 രൂപയുടെ അരി ലഭിക്കണമെങ്കിൽ 35 നാളികേരം വേണം. 35 നാളികേരം ലഭിക്കണമെങ്കിൽ അഞ്ചു തെങ്ങുകളിൽ കയറണം. അതിന് തെങ്ങുകയറ്റ തൊഴിലാളിക്ക് കൂലി 150 രൂപ. അത് പൊളിച്ച് കടയിൽ എത്തിക്കാൻ പൊളികൂലിയും കടത്ത് കൂലിയുമായി 75 രൂപ. 35 നാളികേരം തെങ്ങിൽ ഉണ്ടാവണമെങ്കിൽ തെങ്ങിന് വളം ഇടണം. തൊഴിലാളിയുടെ കൂലിയടക്കം 35 നാളികേരത്തിന്റെ ഉൽപാദന ചെലവ് 272 രൂപ. അങ്ങനെ 497 രൂപ ചെലവാക്കുമ്പോൾ ലഭിക്കുന്ന 35 നാളികേരം വിറ്റു കിട്ടുന്ന 350 രൂപ കൂടി കൂട്ടുമ്പോൾ 847 രൂപ. ഇതോടൊപ്പം ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ കൂലി 600 രൂപയും കൂടി കൂട്ടുമ്പോൾ 350 രൂപയുടെ അരിക്ക് വേണ്ടി ഒരു കർഷകന് ചെലവ് 1447 രൂപ. അതായത് 1447 രൂപ ചിലവഴിക്കുമ്പോൾ 350 രൂപയുടെ മൂല്യം മാത്രമാണ് കർഷകന് തിരികെ ലഭിക്കുന്നത്. 350 രൂപയുടെ അരി ഭക്ഷിക്കുമ്പോഴേക്കും 1097 രൂപ ചെലവാക്കുന്നു എന്നർത്ഥം. ഈ നഷ്ടമൂല്യ സിദ്ധാന്തമാണ് ഇന്നത്തെ സമൂഹത്തെ ഭരിക്കുന്ന സാമ്പത്തിക ശാസ്ത്രം.

ഇത് കർഷകരുടെ മാത്രം അവസ്ഥയല്ല. ഒരു ഓട്ടോ-ടാക്‌സി തൊഴിലാളിക്കും 350 രൂപയുടെ അരി വാങ്ങിക്കുമ്പോൾ ഇതേ നഷ്ടം സംഭവിക്കുന്നു. വണ്ടി വാങ്ങിച്ച് റോഡിലിറക്കാനായി വൻതുക ചെലവഴിക്കുന്നു. അതിന്റെ വായ്പയുടെ തിരിച്ചടവ്, ടാക്‌സ്, ഇൻഷൂറൻസ്, മെയിന്റനൻസ് ചെലവ്, ഇന്ധന ചെലവ് തുടങ്ങിവയ്ക്കായി പണം മുടക്കുമ്പോഴാണ് വൈകുന്നേരം 600-700 രൂപ കയ്യിൽ മിച്ചം വരുന്നത്. ഈ മിച്ചത്തിൽ നിന്നാണ് 350 രൂപയുടെ അരി വാങ്ങിക്കുന്നത്. അതായത് ശരാശരി 1100 രൂപ ചെലവഴിക്കുമ്പോഴാണ് ഒരു ഡ്രൈവർ 350 രൂപ മൂല്യമുള്ള അരി ഭക്ഷിക്കുന്നത്. അല്ലെങ്കിൽ 350 രൂപയുടെ അരി ഭക്ഷിക്കുമ്പോഴേക്കും ഒരു ഡ്രൈവർക്ക് നഷ്ടപ്പെടുന്നത് 750 രൂപയാണ്. ഇതു തന്നെയാണ് ഒരു വ്യാപാരിയുടെയും അവസ്ഥ. ഇതു തന്നെയാണ് ഏതൊരു സാധാരണക്കാരന്റെയും അവസ്ഥ.

ഈ നഷ്ടമൂല്യ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം സാധാരണക്കാർ എത്ര അദ്ധ്വാനിച്ചാലും രക്ഷപ്പെടില്ല. അവരുടെ കൈകളിൽ നിന്നും നഷ്ടപ്പെടുന്ന മൂല്യം നഷ്ടമൂല്യം ബാധിക്കാത്ത ശമ്പളക്കാരരുടെ അക്കൗണ്ടിലെ നിക്ഷേപമായാണ് മാറുന്നത്. അതുകൊണ്ടാണ് കേരളത്തിലെ മൂന്നു ശതമാനം ജനങ്ങൾ സമ്പന്നരായി മാറികൊണ്ടിരിക്കുമ്പോൾ 97 ശതമാനം ജനങ്ങളും ദാരിദ്ര രേഖയ്ക്ക് താഴേക്ക് പോകുന്നത്. ഈ വ്യവസ്ഥിതി നിലനിൽക്കുന്നത് കൊണ്ടാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ 23973 പേർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്തത്. ('നഷ്ടമൂല്യ സിദ്ധാന്തവും കർഷക മാനിഫെസ്റ്റോയും' എന്ന പുസ്തകത്തിൽ നിന്ന്)

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസത്തിന്റെ ആനുകൂല്യം അനുഭവിക്കാൻ കഴിയാതെ രണ്ടു തലമുറ കടന്നുപോയി. ഈ അനീതി ഇനിയും അനുവദിച്ച് കൂടാ. അതുകൊണ്ട് സാമ്പത്തിക സമത്വത്തിലധിഷ്ടിതമായ ഒരു നവകേരള സൃഷ്ടിക്കായി സാധാരണ ജനവിഭാഗം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Read More >>