സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ അതിരുവിട്ട കളി

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെയാകെ ദുർബ്ബലരാക്കിയുള്ള മോദി സർക്കാരിന്റെ രണ്ടാം വരവിൽ അതിരുവിട്ട കളിയാണ് തുടങ്ങിയത്.

സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ അതിരുവിട്ട കളി

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

17ാം ലോക്‌സഭാ തെരഞ്ഞടുപ്പു ഫലം പുറത്തു വന്നതിനു ശേഷം ഒന്നരമാസമായി കോൺഗ്രസ് നേരിടുന്ന ഇരട്ട പ്രതിസന്ധി രൂക്ഷമാകുകയാണ്. രാഷ്ട്രീയവും സംഘടനാപരവുമായ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് വ്യക്തമാണ്. കോൺഗ്രസ് അദ്ധ്യക്ഷപദം രാഹുൽഗാന്ധി രാജിവെച്ചിട്ടും ഒരു നൂറ്റാണ്ടിലേറെ ചരിത്രപാരമ്പര്യമുള്ള ആ സംഘടന തലയില്ലാത്ത കബന്ധം പോലെ നിൽക്കുന്നു. ഏറ്റവുമൊടുവിൽ കർണാടകത്തിൽ കൂട്ടുകക്ഷി മന്ത്രിസഭയെ നിലനിർത്താൻ നേതാക്കൾ നെട്ടോട്ടമോടുന്നതും ഗോവയിൽ പ്രതിപക്ഷ നേതാവടക്കം കോൺഗ്രസിന്റെ പത്ത് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതും ഈ പ്രതിസന്ധിയുടെ ഒടുവിലത്തെ കാഴ്ചകൾ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ- മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 20 ശതമാനം വോട്ടും 54 സീറ്റും മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് കോൺഗ്രസ് അദ്ധ്യക്ഷപദം രാഹുൽഗാന്ധി രാജിവെച്ചത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പുറമേ, ഹൈക്കമാൻഡിന്റെ പിടിപ്പുകേട് നേതൃത്വമില്ലാത്ത അസാധാരണ സംഘടനാ പ്രതിസന്ധിയിലേക്കു കൂടി പാർട്ടിയെ കൊണ്ടെത്തിച്ചു. കോൺഗ്രസ് ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാൻപോലും സോണിയ ഗാന്ധി ഉൾപ്പെട്ട ഹൈക്കമാൻഡിന് കഴിഞ്ഞില്ല.

പാർട്ടി അദ്ധ്യക്ഷനെ കണ്ടെത്തുംവരെ മുതിർന്ന ജനറൽ സെക്രട്ടറി അദ്ധ്യക്ഷന്റെ ചുമതല നിർവ്വഹിക്കണമെന്നതാണ് കോൺഗ്രസ് ഭരണഘടന നിർദ്ദേശിക്കുന്നത്. നേതൃത്വം കൂട്ടായി ആലോചിച്ച് നെഹ്രു കുടുംബത്തിന് പുറത്തുള്ള ഒരാളെ കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നായിരുന്നു രാജിക്കത്തിൽ രാഹുൽ നിർദ്ദേശിച്ചിരുന്നത്. കാരണം എന്തുമാകട്ടെ ഒരു മാസം കഴിഞ്ഞിട്ടും പാർട്ടി നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല. ഈ നിർജ്ജീവാവസ്ഥ ബി.ജെ.പി രാജ്യവ്യാപകമായി ഉപയോഗപ്പെടുത്തിയത് കോൺഗ്രസിന്റെ ശിഥിലീകരണത്തിന് ആക്കം കൂട്ടി. പ്രവർത്തക സമിതിക്കു മുമ്പാകെ രാഹുൽ സമർപ്പിച്ച രാജി ഒരുമാസം കാത്തിരുന്നിട്ടും തീരുമാനമാകാതെ വന്നപ്പോൾ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയതും ഈ ഇരട്ടപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് നെഹ്രു കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്ന രാഹുലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയതും തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾപോലും കൂറുമാറി ശക്തിപ്പെട്ടതുമായ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള കുത്തൊഴുക്ക് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ അടിത്തറ പൊളിക്കുന്നതിൽ അത്ഭുതമില്ല. കേന്ദ്ര സർക്കാറിന്റെ എല്ലാവിധ അധികാരശക്തിയും ദുരുപയോഗപ്പെടുത്തിയും കോടികൾ എറിഞ്ഞ് കൂറുമാറ്റാനുള്ള കഴിവും ബി.ജെ.പിയുടെ ഈ പുതിയ രാഷ്ട്രീയ മിന്നലാക്രമണത്തിന് (സർജിക്കൽ സ്ട്രൈക്ക്) ആയുധമാക്കിയിട്ടുണ്ട്. കർണാടകയിലെ ജെ.ഡി.എസ്- കോൺഗ്രസ് സർക്കാറിനെ വീഴ്ത്തി അധികാരത്തിലേറാനും ഗോവയിലെ ബി.ജെ.പി സർക്കാറിനെ കൂടുതൽ ശക്തിപ്പെടുത്താനും രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി രാഷ്ട്രീയവല വിരിച്ചിരിക്കുന്നത്. കോൺഗ്രസ് നേരിടുന്ന അസാധാരണ സ്തംഭനാവസ്ഥക്കിടയിൽ അവസരം നഷ്ടപ്പെടുത്താതെ ബി.ജെ.പിയിലേക്ക് ചാടുകയാണ് കോൺഗ്രസ് എം.എൽ.എമാർ.

60കളുടെ അവസാനത്തിലും 70കളുടെ ആദ്യത്തിലും ഹരിയാന, യു.പി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യക്ഷപ്പെട്ട 'ആയാറാം ഗയാറാം' എന്ന കേവലം അധികാര രാഷ്ട്രീയത്തിന്റെ ഉയർന്നൊരു രൂപമാണ് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടം. ഇത് രാജീവ്ഗാന്ധി ഗവണ്മെന്റ് കൊണ്ടുവന്ന കൂറുമാറ്റ നിരോധ നിയമം പ്രാബല്യത്തിൽ വന്നതോടെ നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാൽ മോദിയുടെ നേതൃത്വത്തിൽ 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ ഈ നിയമത്തെയും നോക്കുകുത്തിയാക്കാൻ ഗവർണർമാരെ ഉപയോഗിച്ചു. കോടികൾ വലിച്ചറിഞ്ഞു ബി.ജെ.പി ഇതൊരു രാഷ്ട്രീയ കലയാക്കി വളർത്തി. സുപ്രിം കോടതിയുടെ ഇടപെടൽ പോലും വകവെക്കാതെ.

നെഹ്രു കുടുംബത്തിൽ നിന്നല്ലാതെ നരസിംഹറാവുവിനെയാണ് രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷനും പിന്നീട് പ്രധാനമന്ത്രിയുമാക്കിയത്. ഹിന്ദുത്വ വർഗ്ഗീയ ശക്തികൾ ബാബ്റി മസ്ജിദ് തകർക്കുമ്പോൾ മൂകസാക്ഷിയായി നിന്ന് സഹായിച്ചത് റാവു ആയിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തെയും മതനിരപേക്ഷ വാദികളെയും ഇത് കോൺഗ്രസ്സിൽ നിന്നകറ്റി. കോൺഗ്രസ് നേതൃത്വമാകെ നിഷ്‌ക്രിയമായി മരവിച്ചും ഭിന്നിച്ചും നിന്ന അന്ന് രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ അദ്ധ്യക്ഷ എന്ന നിലയിൽ സോണിയാഗാന്ധിയാണ് കോൺഗ്രസിന് ലക്ഷ്യബോധവും പിൻകരുത്തും നൽകിയത്. കോൺഗ്രസ് അംഗമല്ലാതിരുന്നിട്ടും രാജ്യവ്യാപകമായി പ്രചാരണത്തിനിറങ്ങിയത്. അണികളിലും ജനങ്ങളിലും ആത്മവിശ്വാസം പകർന്ന് 2004ൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ മന്ത്രിസഭയെ അധികാരത്തിൽ കൊണ്ടുവന്നത്. അയോദ്ധ്യയും റോമും തമ്മിലുള്ള യുദ്ധമെന്ന ബി.ജെ.പിയുടെ വർഗ്ഗീയ കുടില പ്രചാരണത്തെ നേരിടാൻ പ്രധാനമന്ത്രി പദം സ്വയം ഉപേക്ഷിച്ച് നെഹ്രു കുടുംബക്കാരനല്ലാത്ത മൻമോഹൻസിങ്ങിനെ തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയാക്കിയത്.

ഇടപെടൽ: സുപ്രിം കോടതി

ഇന്ന് സോണിയാഗാന്ധിയെ അനാരോഗ്യം ഏറെ വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും സോണിയയും രാഹുലും പ്രിയങ്കയും മുൻകൈയെടുത്ത് കുടുംബത്തിൽ നിന്നല്ലാത്ത മറ്റൊരാളെ അദ്ധ്യക്ഷനായി കണ്ടെത്തി കൂട്ടായ പുതിയ നേതൃത്വം കോൺഗ്രസ്സിന് നൽകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. നരേന്ദ്രമോദിയുടെ സർവ്വാധിപത്യ ഭരണത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 ശതമാനം ജനങ്ങളുടെ പിന്തുണ തെളിയിച്ച കോൺഗ്രസ് പുതിയ നയവും പരിപാടിയുമായി മുന്നിട്ടിറങ്ങണം. മറ്റു പാർട്ടികളെ കൂടി യോജിപ്പിച്ച് ജനങ്ങളുടെയാകെ പോരാട്ട നിര ഉയർത്തിക്കൊണ്ടുവരണം. 37 ശതമാനം ജനങ്ങളുടെ പിന്തുണയോടെ ഭരണം കയ്യടക്കിയ മോദിയുടെ സർവ്വാധിപത്യ ഭരണത്തെ നേരിടാൻ 20 ശതമാനം ജനങ്ങളുടെ പിന്തുണ ഇപ്പോഴുമുള്ള കോൺഗ്രസ്സിനല്ലാതെ മറ്റേത് പാർട്ടിക്കാണ് നേതൃത്വം നൽകാനാവുക? 1.75 ശതമാനം വോട്ടുനോടിയ സി.പി.എമ്മിനോ, രണ്ടു ശതമാനം കഷ്ടി ജനപിന്തുണയുള്ള മൊത്തം ഇടതുപക്ഷത്തിനോ, മൂന്നു ശതമാനം മാത്രം വോട്ടുനേടിയ ബഹുജൻ പാർട്ടിക്കോ, രണ്ടു ശതമാനം നേടിയ സമാജ് വാദി പാർട്ടിക്കോ, നാലു ശതമാനം പിന്തുണയുള്ള തൃണമൂലിനോ, രണ്ടു ശതമാനം മാത്രം ജനപിന്തുണ തെളിയിച്ച ജഗ് മോഹന്റെ വൈ.എസ്.ആർ പാർട്ടിക്കോ, ഒരു ശതമാനം വോട്ടുള്ള ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസിനോ, ഒരു ശതമാനം മാത്രം ജനപിന്തുണയുള്ള ബിജു ജനതാദളിനോ, അത്രപോലും കിട്ടാതെപോയ ദേവഗൗഡയുടെ ജെ.ഡി.എസിനോ.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെയാകെ ദുർബ്ബലരാക്കിയുള്ള മോദി സർക്കാരിന്റെ രണ്ടാം വരവിൽ അതിരുവിട്ട കളിയാണ് തുടങ്ങിയത്. എല്ലാ ബി.ജെ.പി ഇതര സർക്കാരുകളെയും തകർത്ത് ബി.ജെ.പി ഭരണം സംസ്ഥാനങ്ങളിൽ സ്ഥാപിക്കുകയാണ് അവരുടെ ഒന്നാമത്തെ അജൻഡ. കഴിഞ്ഞ തവണ അസം കേന്ദ്രീകരിച്ച് ത്രിപുരയടക്കം ഉത്തരപൂർവ്വ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിച്ച് ബി.ജെ.പിയെ അധികാരത്തിലേറ്റാൻ മോദിക്ക് കഴിഞ്ഞു. ഇത്തവണ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മുംബൈ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാറുകളെ അധികാരത്തിൽ നിന്നും വീഴ്ത്തുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എം.എൽ.എമാരെ റാഞ്ചി കൊണ്ടുവരിക, രാജിവെപ്പിച്ച് സഭയിലെ അംഗസംഖ്യ കുറപ്പിക്കുക, പണം നൽകിയും മന്ത്രിപദം വാഗ്ദാനം ചെയ്തും അവിശ്വാസ വോട്ടിലൂടെയോ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയോ ബി.ജെ.പി സർക്കാറിനെ വാഴിക്കുക.

ഗോവ പോലെ പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തു പോലും പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് എം.എൽ.എമാരെയും ബി.ജെ.പിയിൽ ചേർക്കുക- ഒരു ഭീകര രാഷ്ട്രീയ പെരുമ്പാമ്പിനെ പോലെ മറ്റു പാർട്ടികളുടെ- കോൺഗ്രസ്, തൃണമൂൽ ജെ.ഡി.യു - എന്തിന് ബംഗാളിൽ സി.പി.എം എം.എൽ.എമാരെപോലും ബി.ജെ.പി വിഴുങ്ങുന്നു. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നേതാക്കളെയും എം.എൽ.എമാരെയും ബി.ജെ.പിയിലേക്ക് ഉൾക്കൊള്ളുന്നതിൽ ഒരു പ്രത്യയശാസ്ത്ര വിമുഖതയും ആ പാർട്ടിക്ക് ഇപ്പോഴില്ല. ഈ അസാധാരണ കൂറുമാറ്റരീതി അമിത്ഷാ ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെയും അതിന്റെ ഏജൻസികളുടെയും സംസ്ഥാന ഗവർണർമാരുടെയും രാജ്യത്തെ പ്രമുഖ കോർപ്പറേറ്റുകളുടെയും പിൻബലത്തോടെ ഡൽഹിയിൽ നിന്നാണ് നടക്കുന്നത്. ഇതിന്റെ തെളിവാണ് ഗോവയിൽ ബി.ജെ.പി വിഴുങ്ങിയ കോൺഗ്രസ് പ്രതിപക്ഷ നേതാവും എം.എൽ.എമാരും പാർലമെന്റിലെത്തി ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ അമിത്ഷായുമായി വ്യാഴാഴ്ച ചർച്ച നടത്തിയ സംഭവം. തങ്ങളെക്കൂടി ഉൾപ്പെടുത്തി ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ളതായിരുന്നു ചർച്ച.

കൂറുമാറ്റ നിരോധ നിയമത്തെ അട്ടിമറിച്ച് കേന്ദ്ര ഗവമെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കുറുമാറ്റത്തിന് സംസ്ഥാന ഭരണം പിടിക്കൽ മാത്രമല്ല ലക്ഷ്യം. പ്രതിപക്ഷ മുക്തമായ ഒരു ഇന്ത്യ എന്നുകൂടിയാണ്. അതാകട്ടെ മോദിയുടെ ഏകവ്യക്തി ഭരണം ഉറപ്പു വരുത്തുന്നതടക്കം ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര അജൻഡ നടപ്പാക്കുന്നതിനുള്ള മാർഗ്ഗതടസ്സങ്ങൾ നീക്കൽ കൂടിയാണ്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിലും പരമാവധി നിയമസഭകളിലും കഴിയുംവേഗം ബി.ജെ.പിക്ക് മുൻകൈ വേണം.

ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന അസാധാരണമായ ഈ സ്ഥിതിവിശേഷത്തെ സാധാരണ രീതിയിൽ പ്രതിപക്ഷ പാർട്ടികൾക്ക് നേരിടാനാകില്ല. എം.എൽ.എമാർക്ക് വിപ്പ് പുറപ്പെടുവിച്ചോ അവരെ മുറിയിൽ അടച്ചുപൂട്ടിയോ ഭരണകക്ഷിക്കാരനായ സ്പീക്കറെ ഉപയോഗിച്ചോ റിസോർട്ടുകളിലോ പഞ്ചനക്ഷത്ര ഹോട്ടലുകളിലോ പുറം സംസ്ഥാനങ്ങളിൽ ഒളിപ്പിച്ചോ സാധിക്കില്ല. അക്കാര്യം ബോധ്യപ്പെടേണ്ട സമയം കഴിഞ്ഞെന്നാണ് കർണാടകത്തിലെ ഇപ്പോഴത്തെ ചുമരെഴുത്ത് വ്യക്തമാക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ തങ്ങൾക്കൊപ്പം അണി നിരത്തിയും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ ബി.ജെ.പിയുടെ ഈ മിന്നലാക്രമണങ്ങളെ പരാജയപ്പെടുത്താൻ കഴിയൂ. പ്രശ്നം തങ്ങൾ അധികാരത്തിലിരിക്കുന്നതല്ല, ജനാധിപത്യത്തിന്റെയും ജനങ്ങളുടെ തന്നെയും നിലനില്പിന്റേതാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ കോൺഗ്രസിന് മാത്രമല്ല സി.പി.എം അടക്കമുള്ള മറ്റു പ്രതിപക്ഷ പാർട്ടികളും ലക്ഷ്യവും പ്രവർത്തനവും അടിയന്തിരമായി തിരുത്തിക്കുറിക്കേണ്ടതുണ്ട്.

കർണാടകയിൽ ബി.ജെ.പി ഗവമെന്റ് നടത്തുന്ന ഹീനമായ ജനാധിപത്യ വിരുദ്ധ അട്ടിമറിക്കെതിരെ പാർലമെന്റിൽ കൂട്ടമായി പ്രതിഷേധമുയർത്താൻ തൃണമൂൽ കോൺഗ്രസ് മുൻകൈയെടുക്കേണ്ടി വന്നു എന്നാണ് വാർത്ത. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി വമ്പിച്ച ബഹുജന സമരങ്ങൾ അഴിച്ചുവിട്ട് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർമലാ സീതാരാമന്റെ സംസ്ഥാന - ജനവിരുദ്ധ ബജറ്റിനെതിരെ പൊടുന്നനേ രാജ്യത്താകെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും കഴിയാതെ പോയി. പെട്രോളിയത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില ബജറ്റിന്റെ പിറ്റേന്ന് കുതിച്ചുയർന്നിട്ടും കേരളത്തിൽ പോലും ദിവസങ്ങൾ കഴിഞ്ഞാണ് ചട്ടപ്പടി സമരം സംഘടിപ്പിച്ചത്.

91 എം.എൽ.എമാർ കേരളത്തിൽ തങ്ങളെ പിന്താങ്ങുന്നതുകൊണ്ട് അഞ്ചു വർഷം ഭരിക്കാനുള്ള ജനവിധി തങ്ങളുടെ കീശയിലുണ്ടെന്ന് ഇപ്പോഴത്തെ ദേശീയ സാഹചര്യത്തിൽ എൽ.ഡി.എഫ് പോലും അഹങ്കരിക്കേണ്ട. കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി ഇടതുപക്ഷ പാർട്ടികളും മറ്റു പ്രാദേശിക പാർട്ടികളും രാജ്യത്താകെ നേരിടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ യോഗംചേർന്ന ബി.ജെ.പി ദേശീയ നേതൃത്വം ബി.ജെ.പി ഇതര സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള അജൻഡക്കാണ് രൂപം കൊടുത്തത്. ആ പട്ടികയിലെ ആദ്യ പേര് കേരളത്തിന്റേതാണ്. ഇടതുപക്ഷം അതെങ്കിലും മറക്കരുത്.

കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍

Read More >>