കലാലയമോ കലാപശാലയോ

പാർട്ടിയെ പറയിപ്പിക്കുന്നവരാണ് അണികളെങ്കിൽ അവർക്കു നല്ലതു ഉപദേശിക്കാനും പറ്റാതെ വന്നാൽ തള്ളിക്കളയാനും പാർട്ടികൾക്കും ആർജ്ജവം വേണം.

കലാലയമോ കലാപശാലയോ

ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ്, 1866ൽ ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് പണികഴിപ്പിച്ച യൂണിവേഴ്‌സിറ്റി കോളജ്. ചരിത്രം രചിച്ചവരും ചരിത്രത്തിനു മുന്നേ നടന്നവരുമായ നിരവധി പ്രഗത്ഭമതികൾ പഠിച്ചു വളർന്ന കലാലയം. രാജാ രവിവർമ്മയും രാജരാജ വർമ്മയും തുടങ്ങി കെ.ആർ നാരായണനും പട്ടം താണുപിള്ളയും ഒ.എൻ.വി കുറുപ്പും അയ്യപ്പപണിക്കരും എൻ. മാധവൻ നായരും കോടിയേരി ബാലകൃഷ്ണനും പഠിച്ച കോളജ്. ജനാധിപത്യവും സോഷ്യലിസവും പുരോഗമന ആശയങ്ങളും പടർന്നു പന്തലിച്ച ക്യാമ്പസ്, ഒരു കാലത്തു കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തിലകക്കുറിയായിരുന്നു. പഠിപ്പുകൊണ്ടും കല കൊണ്ടും കായികമേഖലയിലെ സംഭാവനകൾ കൊണ്ടും ഒപ്പം യുവതയുടെ ചിന്തകൾക്കു ചിറകുപിടിച്ച ആശയധാരകൾ കൊണ്ടും യൂണിവേഴ്‌സിറ്റി കോളജ് അതിന്റെ ഗരിമ നിലനിർത്തിയ പുഷ്‌കല കാലമുണ്ടായിരുന്നു. അതിൽ അഭിമാനം കൊള്ളുന്നവരുമുണ്ടായിരുന്നു. പക്ഷെ, ഇന്നു ഈ കലാലയത്തിന്റെ പേരു പറയാൻ പോലും ഇവിടെ പഠിച്ചവരോ ഇതു വഴി പോയവരോ തയ്യാറാകില്ല. തല കുനിക്കുകയാണ് തലസ്ഥാനത്തെ ഈ ചരിത്രസാക്ഷിയായ വിദ്യാക്ഷേത്രം.

കലയും നവീന ചിന്തകളും സ്വാതന്ത്യ പ്രഖ്യാപനങ്ങളും മുഴങ്ങിക്കേട്ട യൂണിവേഴ്‌സിറ്റി കോളജിന്റെ ക്യാമ്പസിൽ നിന്നു കഴിഞ്ഞ കുറച്ചു കാലമായി കേൾക്കുന്നത് ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലുകളുടെയും അട്ടഹാസങ്ങൾ മാത്രമാണ്. ജനാധിപത്യ ധ്വംസകരുടെ മുഷ്ടിക്കുള്ളിൽ പിടഞ്ഞു തീരുന്ന നിരാശ്രയരായ കുട്ടികളുടെ നിശബ്ദമായ നിലവിളികളാണ്. എന്തുകൊണ്ടു യൂണിവേഴ്‌സിറ്റി കോളജ് ഈ വിധം 'ഇടിമുറി'യായി പരിണമിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും മുഖമുദ്രാവാക്യമായി ആശയതലത്തിൽ ഏകാധിപത്യത്തോടും അസമത്വത്തോടും അനീതിയോടും പോരാടുന്ന എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ നേർക്കാണ് എല്ലാ വിലരുകളും ചൂണ്ടുന്നത്. തങ്ങളുടെ മേധാശക്തി അംഗീകരിപ്പിക്കാനും അതുവഴി യൂണിവേഴ്‌സിറ്റി കോളജും അവിടുത്തെ അദ്ധ്യാപക, വിദ്യാർത്ഥികളേയും അക്കാദമിക പ്രവർത്തനങ്ങളേയും തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാനുമാണ് ഇക്കാലമത്രയും എസ്.എഫ്.ഐ ശ്രമിച്ചു പോന്നത്.

രണ്ടു ദശാബ്ദ്ങ്ങളോളമായി എസ്.എഫ്.ഐയുടെ കോട്ടക്കൊത്തളമാണ് യൂണിവേഴ്‌സിറ്റി കോളജ്. മറ്റൊരു വിദ്യാർത്ഥി സംഘനയ്ക്കും സംഘടനാ സ്വാതന്ത്ര്യം ലഭിക്കാത്ത വിധമുള്ള നിയമാവലിയാണ് എസ്.എഫ്.ഐ ഈ കോളജിനു വേണ്ടി അലിഖിതമായി സൃഷ്ടിച്ചിട്ടുള്ളത്. എതിർ ശബ്ദങ്ങൾ ഏതു കോണിൽ നിന്നായാലും മുളയിലേ നുള്ളിയെടുത്ത് വെളിയിൽ കളയാൻ അവർക്കറിയാം. അതു വിദ്യാർത്ഥിയായാലും ശരി അദ്ധ്യാപകനായാലും ശരി. ചെറുതും വലുതുമായ നിരവധി സംഘട്ടനങ്ങളും കൊടിയ പീഡനങ്ങളും കോളജിൽ നടക്കാറുണ്ട്. അതൊന്നും പക്ഷെ, പുറം ലോകമറിയില്ല. ആരെങ്കിലും പുറത്തു പറഞ്ഞാൽ ജീവനോടെ പിന്നെ തിരികെ അകത്തു പ്രവേശിക്കാമെന്നും കരുതേണ്ട. എല്ലാ അതിക്രമങ്ങളിലും പ്രതിസ്ഥാനത്തു എസ്.എഫ്.ഐ മാത്രമാണ്. അതിന്റെ നേതൃത്വത്തിനു പോലും നിയന്ത്രിക്കാനാകാത്ത യൂണിയൻ നേതൃത്വമാണ്. എസ്.എഫ്.ഐയുടെ അതിക്രമത്തിന് ഇരയായത് കുട്ടികൾ മാത്രമല്ല. എതിരഭിപ്രയാം പറഞ്ഞതിന്, കൺമുന്നിലിട്ടു ഒരു കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടു പ്രിൻസിപ്പലിനോടു പരാതിപ്പെട്ടതിന്റെ പേരിൽ, ലക്ചറർ പണി ഉപേക്ഷിച്ചു നാടു വിടേണ്ടി വന്ന അദ്ധ്യാപിക മുതൽ നേതാവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിവരെ ഈ കോളജിലുണ്ടായി. ഇവിടെ നിയമവും നിലപാടുകളും തീരുമാനിക്കുന്നത് ഒരു കൂട്ടം അക്രമകാരികളാണ്. അവരെ നിയന്ത്രിക്കാൻ ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.

എന്തുകൊണ്ടു ഈ കുട്ടികൾക്കിത്രയും ധാർഷ്ഠ്യമെന്നതിനു കാരണമേറെയുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ കുട്ടികളാണ് തലസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ പ്രധാന സമരസ്രോതസ്സ്. ഒരു വിഷയമുണ്ടായാൽ, ഒരു ഫോൺ കോളിന്റെ ദൂരത്തിനുള്ളിൽ നൂറും ഇരുനൂറും കുട്ടികൾ ക്യാമ്പസിന്റെ ചുറ്റുമതിൽ ചാടി എം.ജി റോഡിലെത്തും. പിന്നെ തലസ്ഥാനത്തെ കുരുതിക്കളമാക്കാനുള്ള ചാവേറുകളാണ് ഇവർ. ഇത്രയും സുലഭമായി സമരഭടൻമാരെ രാഷ്ട്രീയ പാർട്ടികൾക്കു കിട്ടാവുന്ന ഇടം വേറെയെങ്ങുമില്ല. അതുകൊണ്ടു തന്നെ യൂണിവേഴ്‌സിറ്റി കോളജിലെ പാർട്ടി സംഘത്തെ ആരും തൊടില്ല. അതു അകത്തായാലും പുറത്തായാലും ഒരു പോലെ തന്ന. സമീപകാലത്തു ഒരു പോലീസുകാരെ നടുറോഡിൽ പൊതിരെ തല്ലിയ എസ്.എഫ്.ഐ നേതാവിനെ കൺമുന്നിൽ കിട്ടിയിട്ടും അറസ്റ്റു ചെയ്യാൻ സാധിക്കാത്തതും ഈ കൂട്ടത്തിന്റെ പാർട്ടിബന്ധമെന്ന കരുത്തുകൊണ്ടാണ്.

എസ്.എഫ്.ഐയുടെ നീതി നിഷേധത്തിനും ഏകാധിപത്യത്തിനും ഏതിരെ മറ്റു വിദ്യാർത്ഥി സംഘടനകൾ നിരന്തരം പുറത്തു കലഹിക്കാറുണ്ടെങ്കിലും, ഇന്നു വരെ അകത്തു കയറാൻ അവർക്കാർക്കും ധൈര്യമുണ്ടായില്ല. എന്നാൽ നിരന്തരമായ അടിച്ചമർത്തലുകൾക്കെതിരെ ചില നേരങ്ങളിൽ ഉള്ളിൽ നിന്നു തന്നെ അമർഷം അണപൊട്ടി. അതു കൈകാര്യം ചെയ്തു, തേച്ചു മായ്ച്ചു കളയുന്ന പതിവാണ് എക്കാലത്തും സംഘടനയ്ക്കുള്ളത്. എന്നാൽ ഇക്കുറി അതു കഴിഞ്ഞില്ല. എതിർത്ത, തങ്ങളിൽ പെട്ടവരെ പതിവു രീതിയിൽ മാനസികമായും ശാരീരികമായും കീഴ്‌പ്പെടുത്താൻ നോക്കിയെങ്കിലും ചിലർ വഴങ്ങിയില്ല.. ഒടുവിൽ തീർത്തു കളയാനാണ് സംഘം തീരുമാനിച്ചത്. അങ്ങനെയാണ് അഖിലെന്ന സ്വന്തം സംഘടനാ പ്രവർത്തകനെ കുത്തിവീഴ്ത്തിയത്. പക്ഷെ ആ ചോരതുള്ളികൾ മായ്ച്ചുകളയാൻ യൂണിവേഴ്‌സിറ്റി കോളജിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും തയ്യാറായില്ല. അവർ തെരുവിലിറങ്ങി. മുഷ്ടിചുരുട്ടി സ്വന്തം സംഘടനയിലെ അക്രമിക്കൂട്ടത്തിനെതിരെ ഉറക്കെ ശബ്ദിച്ചു. അതിന്റെ അലയോലികളാണ് ഇന്നലെയും ഇന്നുമായി കണ്ടു തുടങ്ങിയത്.

പതിവു പോലെ അക്രമത്തെ തള്ളിപ്പറയാനും യൂണിറ്റു പിരിച്ചുവിടാനും നടുക്കം രേഖപ്പെടുത്താനും നേതാക്കളും ഉത്തരവാദപ്പെട്ടവരും മത്സരിക്കുകയാണ്. ഈ ബഹളങ്ങളുടെ അവസാനം, എല്ലാ കാലത്തേയും പോലെ അഖിലിന്റെ നെഞ്ചിലേറ്റ മുറിപ്പാടും എല്ലാവരും മറക്കും. ഇപ്പോൾ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ പതുക്കെ നിർവീര്യമാക്കപ്പെടും. സദാചാര പൊലീസുകളിച്ച് അവശേഷിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും പിന്തിരിപ്പിക്കും. ഫലത്തിൽ ഒന്നോ രണ്ടോ ആഴ്ചകളുടെ ആയുസ്സിൽ യൂണിവേഴ്‌സിറ്റി കോളജിലെ നരനായാട്ട് പഴയ സംഭവമായി മാറും. അതുണ്ടാകരുത്. ഇനി ഒരു കുട്ടിക്കും അഖിലിന്റെ ഗതി വരരുത്. സ്വന്തം സർക്കാരിനെ, അതിന്റെ സാരഥികളെ അപകീർത്തിപ്പെടുത്താൻ ഒരുമ്പെടുന്നവരെങ്കിൽ അവരെ നിലയ്ക്കു നിർത്താൻ സർക്കാരിനാവണം. പാർട്ടിയെ പറയിപ്പിക്കുന്നവരാണ് അണികളെങ്കിൽ അവർക്കു നല്ലതു ഉപദേശിക്കാനും പറ്റാതെ വന്നാൽ തള്ളിക്കളയാനും പാർട്ടികൾക്കും ആർജ്ജവം വേണം.
പാർട്ടിയെ പറയിപ്പിക്കുന്നവരാണ് അണികളെങ്കിൽ അവർക്കു നല്ലതു ഉപദേശിക്കാനും പറ്റാതെ വന്നാൽ തള്ളിക്കളയാനും പാർട്ടികൾക്കും ആർജ്ജവം വേണം.പാർട്ടിയെ പറയിപ്പിക്കുന്നവരാണ് അണികളെങ്കിൽ അവർക്കു നല്ലതു ഉപദേശിക്കാനും പറ്റാതെ വന്നാൽ തള്ളിക്കളയാനും പാർട്ടികൾക്കും ആർജ്ജവം വേണം.

ഇത്തരം കൊടിയ അക്രമങ്ങൾ കാണിക്കുന്ന കുട്ടിക്രിമിനലുകളെ ഒറ്റപ്പെടുത്താൻ സമൂഹത്തിനും സാധിക്കണം. എങ്കിൽ മാത്രമേ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സദാ മുഴക്കുന്ന സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും എന്നീ മുദ്രാവാക്യങ്ങൾ സാർത്ഥമാകുകയുള്ളൂ.

Read More >>