മാനനഷ്ട കേസ്സും മാദ്ധ്യമങ്ങളുടെ മാനവും

മനോരമ മാപ്പിരന്നതുമായി ബന്ധപ്പെട്ട വാർത്തകളിലെല്ലാം ഒരു അമർഷം ദേശാഭിമാനി എടുത്തുകാട്ടുന്നുണ്ട്. -മാർട്ടിനെതിരായ പ്രയോഗങ്ങൾ പിൻവലിച്ച സ്ഥിതിക്ക് അക്കാലത്തെ സി.പി. എം വിരുദ്ധവാർത്തകളും പിൻവലിച്ച് സമൂഹത്തോട് മാപ്പ് അപേക്ഷിക്കാൻ മനോരമയ്ക്ക് ബാദ്ധ്യതയില്ലേ എന്നാണ് ദേശാഭിമാനി ചോദിച്ചത്. മാർട്ടിൻ കൊടുത്തതു പോലെ മനോരമക്കെതിരെ ദേശാഭിമാനി കേസ് കൊടുത്തുകാണില്ല. എന്നാലും, മാപ്പ് ദേശാഭിമാനിയോടും പറയായിരുന്നില്ലേ?

മാനനഷ്ട കേസ്സും മാദ്ധ്യമങ്ങളുടെ മാനവും

എൻ.പി രാജേന്ദ്രൻ

മനോരമ പത്രം മെയ് 19നു പ്രസിദ്ധപ്പെടുത്തിയ ആ വാർത്ത വായനക്കാരെ കുറച്ചൊന്ന് അമ്പരപ്പിച്ചിരിക്കണം. സാന്റിയാഗോ മാർട്ടിൻ-മലയാള മനോരമ കേസ്സുകൾ ഒത്തുതീർപ്പാകുന്നു എന്ന രണ്ടു കോളം തലക്കെട്ടിലുള്ള വാർത്തയിൽ, പത്രവും ലോട്ടറി വില്പനക്കാരനായ സാന്റിയാഗോ മാർട്ടിനും തമ്മിലുള്ള കേസ്സുകളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. വായനക്കാർക്ക് സാന്റിയാഗോ മാർട്ടിനെയും മനോരമയെയും അറിയാം. പക്ഷേ, ഇവർ തമ്മിൽ എന്തെങ്കിലും തർക്കവും കേസ്സുമുള്ള കാര്യം നമ്മളാരും അറിഞ്ഞിട്ടേയില്ല. അറിയണമെങ്കിൽ അതു ഏതെങ്കിലും മാദ്ധ്യമത്തിൽ വാർത്തയായി വന്നാലല്ലേ പറ്റൂ. ഇല്ല,വാർത്ത വന്നിട്ടില്ല.

സാന്റിയാഗോ മാർട്ടിൻ മനോരമയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്താൽ അത് ആദ്യം റിപ്പോർട്ട് ചെയ്യേണ്ട പത്രം മനോരമയാണ്. മറ്റു പത്രങ്ങൾക്കും അതു ചെയ്യാം. പക്ഷേ, ചെയ്യാറില്ല. അതൊരു കരാറാണ്. പണ്ടേ ഉള്ള ഏർപ്പാട്. തങ്ങൾക്കെതിരെ വരുന്ന മാനനഷ്ടക്കേസ് റിപ്പോർട്ടുകൾ ആരും വാർത്തയാക്കേണ്ട എന്ന ധാരണ മാദ്ധ്യമങ്ങൾ തമ്മിൽ നിലനിൽക്കുന്നു. ദേശാഭിമാനിയും മറ്റു പാർട്ടി പത്രങ്ങളും, കേസ്സിൽ രാഷ്ട്രീയതാല്പര്യം ഉണ്ടെങ്കിൽ കേസ് വാർത്തയാക്കിയെന്നു വരാം. ഇല്ലെങ്കിൽ വാർത്തയില്ല. കേസ് വിധിയായാലോ? മാദ്ധ്യമങ്ങളെ ശിക്ഷിക്കുകയാണ് കോടതി ചെയ്തതെങ്കിൽ ആ വാർത്ത ആ മാദ്ധ്യമത്തിൽ വരില്ല. പത്രാധിപർ നിരപരാധി; കേസ് വിട്ടു എന്നാണ് വാർത്തയെങ്കിൽ അതു ചിലപ്പോൾ വലിയ വാർത്തയായെന്നു വരും. കേസ് ശിക്ഷിച്ചാലും ശരി വിട്ടയച്ചാലും ശരി, മറ്റു പത്രങ്ങളൊന്നും വാർത്ത പ്രസിദ്ധീകരിക്കില്ല. എന്തിനു നമ്മൾ പൊല്ലാപ്പ് വിളിച്ചുവരുത്തണം-അവരെപ്പറ്റി നമ്മൾ വാർത്ത കൊടുത്താൻ നാളെ അവർ നമ്മളെപ്പറ്റി കൊടുക്കില്ലേ, അതൊഴിവാക്കുകയാണ് ഭംഗി!

മനോരമ-സാന്റിയാഗോ മാർട്ടിൻ കേസ്സുകൾ ഒത്തുതീർപ്പാക്കിയെന്ന വാർത്ത മനോരമ സാമാന്യം പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തുംവരെ ഇതു സംബന്ധിച്ച് ഒരു വാർത്തയും ആരും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. കേരളത്തിലെ പത്രങ്ങളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ പറ്റില്ല. കാരണം, കേസ്സുകൾ എല്ലാം നടന്നത് സിക്കിം, നാഗാലാന്റ് കോടതികളിലാണ്. ഇവിടെ നിന്ന് ഒരു പത്രപ്രവർത്തകനും ഈ കേസ് റിപ്പോർട്ട് ചെയ്യാൻ വേണ്ടി അവിടെ പോകാൻ കഴിയുകയില്ല. വിവരം ലഭിക്കുന്ന ഏകപത്രം മനോരമയാവും. അവർ ഒരു വാർത്തയും കൊടുത്തില്ല. മാർട്ടിന്റെ കേസ് കോടതിച്ചെലവു സഹിതം തള്ളിയിരുന്നുവെങ്കിൽ യമണ്ടൻ വാർത്ത ആ പത്രത്തിൽ വരുമായിരുന്നു. മനോരമ ഇപ്പോഴും കോടതിനടപടിയുടെ ശരിയായ വാർത്ത പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയതു വാർത്തയല്ല, മാർട്ടിനുമായുള്ള ഒത്തുതീർപ്പിലെ ഒരു വ്യവസ്ഥ മാത്രമാണ്. മാർട്ടിന്റെ അംഗീകാരത്തോടെ വന്ന കുറിപ്പ്. അതിനെ വാർത്തയെന്നു വിളിക്കാൻ പാടില്ല.

മെയ് 19ന് പ്രസിദ്ധീകരിച്ച ഈ കുറിപ്പിൽ കോടതിനിർദ്ദേശം വളരെ അവ്യക്തമായാണ് ഈ വാർത്തയിൽ പരമാർശിച്ചിട്ടുള്ളത്. ആകമാനം സൂക്ഷ്മമായി വായിച്ചാലും ഒന്നും മനസ്സിലാവില്ല. നിരപരാധിയും നിഷ്‌കളങ്കനുമായ സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി ബിസിനസ്സുകാരനെ മനോരമ പ്രസിദ്ധീകരണങ്ങൾ ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊള്ളക്കാരൻ എന്നും മറ്റും വിളിച്ചുകളഞ്ഞു. മഹാപാപമായിപ്പോയി. മാനേജ്മെന്റ് അതെല്ലാം പിൻവലിച്ചിരിക്കുന്നു. ആ മാന്യന് മാനനഷ്ടമുണ്ടാക്കുക എന്ന ഉദ്ദേശ്യമേ പത്രത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയൊക്കെ സംഭവിച്ചുപോയതിൽ മനോരമയ്ക്കു ഖേദമുണ്ട്. വെറും ഖേദമല്ല, നിർവ്യാജമായ ഖേദം തന്നെ. പണ്ട് വി.കെ.എൻ എഴുതിയതു പോലെ-എത്രയോ ദിവസമായി മാസമായി വർഷമായി നിർവ്യാജം ഖേദിച്ചുകൊണ്ടേ ഇരിക്കുന്ന കക്ഷിയാണ് പത്രാധിപർ!

സാധാരണ ആരും നൽകാത്ത മറ്റൊരു ഉറപ്പും മനോരമ നൽകുന്നുണ്ട്- 'സാന്റിയാഗോ മാർട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാർത്തകൾ ഭാവിയിൽ പ്രസിദ്ധീകരിക്കേണ്ടിവന്നാൽ അവ പത്രധർമ്മത്തോടും ധാർമ്മികമൂല്യങ്ങളോടും നീതിപുലർത്തിത്തന്നെയാവുമെന്നും മാദ്ധ്യസ്ഥ ചർച്ചകളിൽ മനോരമ വ്യക്തമാക്കി' എന്ന വാചകത്തിന്റെ കൃത്യം അർത്ഥം അതെഴുതിയവർക്കേ അറിയൂ...... നീതിപുലർത്തിത്തന്നെയാവും എന്നതിനു നേരത്തെ എഴുതിയതും ഇനി എഴുതുന്നതും എല്ലാം നീതിപുലർത്തിത്തന്നെ എന്ന അർത്ഥം വായിക്കാം. അതു സാന്റിയാഗോ മാർട്ടിന്റെ പ്രശ്നം, നമ്മെ ബാധിക്കില്ല.

ഈ വാർത്ത ശരിക്കൊന്ന് ആഘോഷിക്കാൻ ദേശാഭിമാനിക്കേ മനസ്സുണ്ടായുള്ളൂ. മെയ് 20ന് ദേശാഭിമാനി ഒന്നാം പേജിൽ ഏഴു കോളം ഹെഡ്ഡിങ് വാർത്തയും ഉൾപേജിൽ ഒരു അഞ്ചുകോളം, ഒരു രണ്ടു കോളം വാർത്തയും ഇതിനായി നീക്കിവെച്ചു. സ്വാഭാവികമായും മനോരമയ്ക്ക് എതിരായ ധാർമ്മികരോഷം ഈ വാർത്തകളിലെല്ലാം നുരച്ചുപൊങ്ങുന്നുണ്ട്. മാർട്ടിൻ-ദേശാഭിമാനി ബന്ധം സംബന്ധിച്ച പഴയ കഥകൾ വായനക്കാർക്ക് നന്നായി അറിയുന്നതാണല്ലോ. അതിലെല്ലാം ഒന്നാം പ്രതി ദേശാഭിമാനിയും സി.പി.എമ്മും ആയിരുന്നു എന്നും അറിയാത്തവരില്ല. മനോരമ മാപ്പിരന്നതുമായി ബന്ധപ്പെട്ട വാർത്തകളിലെല്ലാം ഒരു അമർഷം ദേശാഭിമാനി എടുത്തുകാട്ടുന്നുണ്ട്. -മാർട്ടിനെതിരായ പ്രയോഗങ്ങൾ പിൻവലിച്ച സ്ഥിതിക്ക് അക്കാലത്തെ സി.പി. എം വിരുദ്ധവാർത്തകളും പിൻവലിച്ച് സമൂഹത്തോട് മാപ്പ് അപേക്ഷിക്കാൻ മനോരമയ്ക്ക് ബാദ്ധ്യതയില്ലേ എന്നാണ് ദേശാഭിമാനി ചോദിച്ചത്. മാർട്ടിൻ കൊടുത്തതു പോലെ മനോരമക്കെതിരെ ദേശാഭിമാനി കേസ് കൊടുത്തുകാണില്ല. എന്നാലും, മാപ്പ് ദേശാഭിമാനിയോടും പറയായിരുന്നില്ലേ? ഉത്തരം മനോരമ പറയട്ടെ.

പഴയ കഥകൾ അറിയുന്നവരുടെ നാവിൽ മറ്റൊരു ചോദ്യം തങ്ങിനിൽക്കുന്നുണ്ട്. അന്ന് സാന്റിയാഗോ മാർട്ടിനെതിരെയും ദേശാഭിമാനി തലവന്മാർക്ക് എതിരെയും ആഞ്ഞടിച്ച പത്രം മാതൃഭൂമിയായിരുന്നു. ദേശാഭിമാനിയും മാർട്ടിനുമായുള്ള ഇടപാട് റദ്ദാക്കിയതുതന്നെ മാതൃഭൂമിയുടെ വാർത്താപരമ്പരകളെത്തുടർന്നാണ്. മനോരമ പിന്നീടേ രംഗത്തു വന്നിരുന്നുള്ളൂ. എന്തേ മാതൃഭൂമിക്കെതിരെ കേസ്സൊന്നുമില്ലേ? മാർട്ടിന്നും ദേശാഭിമാനി ജന. മാനേജർ ഇ.പി ജയരാജന്നും മാനഹാനിയൊന്നും ഉണ്ടായില്ലേ. 'എടോ' ഗോപാലകൃഷ്ണൻ മാതൃഭൂമി എഡിറ്ററും എം.പി വീരേന്ദ്രകുമാർ സി.പി.എമ്മിന്റെ ശത്രുപക്ഷത്തും ആയിരുന്ന കാലത്തെ കഥയാണ്. കാലം മാറി. ഇനിയിത് എടുത്തു പുറത്തിടാനാവില്ല. പത്രധർമം വേറെ രാഷ്ട്രീയം വേറെ!

മാദ്ധ്യമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സത്യം പറയേണ്ട പോലെ പറയില്ല എന്ന കാര്യത്തിൽ ബൂർഷ്വാപത്രവും തൊഴിലാളിവർഗ പത്രവും തമ്മിൽ വ്യത്യാസമൊന്നുമില്ല. 11.1.2011 ന് ദേശാഭിമാനി പത്രത്തിൽ ചതുരപ്പെട്ടിയിൽ വന്ന കുറിപ്പ് നോക്കൂ.

അറിയിപ്പ്

2005 ജുലൈ 15,16,17,18,19,20,22,24,25,28,29,30, ആഗസ്ത് 7,8,9,10,11,12,13,14,17 എന്നീ തിയ്യതികളിൽ ദേശാഭിമാനി ദിനപത്രത്തിൽ മലയാള മനോരമയെ സംബന്ധിച്ച് വന്ന വാർത്ത പൂർണമായും ശരിയല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരിക്കുന്നു

- പത്രാധിപർ

Read More >>