ഓട്ടോ-ടാക്‌സി തൊഴില്‍ വ്യവസായം എങ്ങോട്ട്?

കേരളത്തിലെ ഏറ്റവും വലിയ സേവനാധിഷ്ഠിത മേഖലകളായ ടൂറിസവും വിദ്യാഭ്യസവും ചികിത്സാ രംഗവും സോഫ്ട്‌വെയർ ഡെവലപ്‌മെന്റും ഒക്കെ താങ്ങി നിർത്തുന്നത് ഓട്ടോ ടാക്‌സി വ്യവസായവും അതിലെ തൊഴിലാളികളും ആണെന്ന് മറന്നു പോകാതെ സർക്കാരും സംഘടനകളും നല്ല സ്വകാര്യ കമ്പനികളും ഈ രംഗത്തെക്കു ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ അനേക ലക്ഷംപേർക്കു തൊഴിൽ നൽകേണ്ട ഈ വ്യവസായം നേരിടുന്ന തൊഴിൽ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം ആയി തന്നെ തുടരാൻ ആണ് സാദ്ധ്യത

ഓട്ടോ-ടാക്‌സി തൊഴില്‍ വ്യവസായം എങ്ങോട്ട്?

കിരണ്‍ വത്സന്‍

ഡ്രൈവിങ് ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കം പേർ മാത്രമേ നമ്മുടെ നാട്ടിൽ ഉണ്ടാവൂ. എന്നാൽ അത് സ്വയം തൊഴിലാക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ സംഗതിയാണ്. മൂന്നു കോടി ജനങ്ങൾ ഉള്ള കേരളത്തിൽ സ്വകാര്യവാഹനങ്ങൾ കൂടുന്നതുപോലെ തന്നെ ഓട്ടോയും ടാക്‌സിയും വിളിച്ചു പോകുന്നവരുടെ എണ്ണവും നിത്യേന കൂടുന്നുണ്ട്. എന്നിട്ടും ഡ്രൈവിങ് തൊഴിലാക്കിയവരുടെ തൊഴിൽ സാമ്പത്തിക പ്രശ്നങ്ങൾ കൂടുകയല്ലാതെ കുറയുന്നില്ല എന്നത് ഒരു വിരോധാഭാസമാണ്.

യാത്ര ചെയ്യേണ്ട ഏതൊരാൾക്കും പെട്ടന്ന് മിതമായ നിരക്കിൽ ഒരു ഓട്ടോയോ ടാക്‌സിയോ കിട്ടുക എന്നതാണ് പ്രധാനം. എന്നാൽ വാഹനങ്ങൾ ദൂരെ ഒരു ടാക്‌സി സ്റ്റാൻഡിൽ ആയിരിക്കും മിക്കവാറും ലഭ്യമാവുക. ഓൺലൈൻ ടാക്‌സി കമ്പനികൾ വന്നതോടെ ചുരുക്കം ചില നഗരങ്ങളിൽ പെട്ടെന്ന് വാഹനം കിട്ടും എന്ന നില വന്നു. പക്ഷെ അപ്പോഴും കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും പുത്തൻ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കാത്ത നിലയിണുള്ളത്. മാത്രവുമല്ല വലിയ ഓൺലൈൻ ടാക്‌സി കമ്പനികൾ ഡ്രൈവർമാരുടെ താല്പര്യങ്ങൾ പാടെ അവഗണിക്കുകയും ഡ്രൈവർമാരുടെ വേതനം കുത്തനെ ഇടിയുകയും ചെയ്തു. അതോടെ യാത്രികർക്ക് പെട്ടെന്ന് വാഹനങ്ങൾ ലഭ്യമാവുക എന്ന പരമ പ്രധാന സേവനം കൊടുക്കുന്നതിൽ നിന്നും കമ്പനികളും പിന്നോട്ട് പോയി.

ഡ്രൈവർ ജോലി വളരെ ബുദ്ധിമുട്ടേറിയതും ഉത്തരവാദിത്തം നിറഞ്ഞതും സാമ്പത്തിക സുരക്ഷ ഇല്ലാത്തതും ആയ ഒരു തൊഴിൽ ആയി മാറിയിട്ട് വർഷങ്ങൾ ആയി. എന്നാലും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രായോഗിക തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ സർക്കാരുകളും യൂണിയനുകളും മറ്റു രാഷ്ട്രീയ സംഘടനകളും ബുദ്ധിമുട്ടിയപ്പോൾ അതിന്റെ പ്രയാസം അനുഭവിച്ചത് ഡ്രൈവർമാരും അവരുടെ കുടുംബങ്ങളും ആണ്. അത് പൊതുഗതാഗതം ആവശ്യപ്പെടുന്ന യാത്രികർക്ക് സമയനഷ്ടവും ബുദ്ധിമുട്ടും കൂട്ടുകയും ചെയ്തു.

ഓരോ ഡ്രൈവർമാരും ഒരു ഓട്ടോറിക്ഷയോ കാറോ വാങ്ങുകയോ വാടകയ്ക്കു എടുത്തു ഓടിക്കുകയോ ചെയ്യുന്നത് അവരവരുടെ കുടുംബത്തെ ഈ തൊഴിൽ ചെയ്തു മുന്നോട്ടു നീക്കാം എന്ന പ്രതീക്ഷയോടെയാണ്. നിർഭാഗ്യവശാൽ ഇന്ന് അത് വളരെ പ്രയാസം നിറഞ്ഞ തൊഴിൽ ആയി മാറി. അതിനാൽ ഓട്ടോ ടാക്‌സി ഡ്രൈവർമാരുടെ കുറച്ചു പ്രധാന പ്രശ്നങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്

പരിമിതമായ തൊഴിൽ സാദ്ധ്യത

മൂന്നു കോടി ജനങ്ങൾ കേരളത്തിൽ ഉണ്ടെങ്കിലും ജനസംഖ്യക്ക് ആനുപാതികമായ രീതിയിൽ പല കാരണങ്ങളാൽ പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നില്ല. നഗര-ഗ്രാമ വ്യത്യാസമില്ലാത്ത ട്രാഫിക് കുരുക്ക്, പൊടി, മലിനീകരണം, സുരക്ഷിതത്വമില്ലായ്മ, തുടർച്ചയായി ഉണ്ടാവുന്ന അക്രമ-അപകട സംഭവങ്ങൾ, കൊച്ചി-തിരുവനന്തപുരം നഗരങ്ങൾക്ക് പുറത്തു ഓൺലൈൻ ടാക്‌സി ബുക്കിങ് കമ്പനികൾ ഇല്ലാത്തതും ഒക്കെ അത്യാവശ്യത്തിനു അല്ലാതെ ജനങ്ങളെ യാത്ര ചെയ്യുന്നതിൽ നിന്നും വിമുഖരാക്കുന്നു.

നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയമായ അവസ്ഥ കാരണം ഒരു വണ്ടി അതിന്റെ ഏറ്റവും മികച്ച കാര്യക്ഷമതയിൽ ഒരിക്കലും ഓടിക്കാൻ കഴിയില്ല. കൂടാതെ പെട്ടെന്ന് കേടാവുകയും ചെയ്യും. ഓരോ തവണയും കേടാവുമ്പോൾ അത് പരിഹരിക്കാൻ ഉള്ള ചെലവിനോടൊപ്പം ആ പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുന്നു. കൂടാതെ അടിക്കടി നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന അക്രമ രാഷ്ട്രീയ സംഭവങ്ങളും ഹർത്താലുകളും പ്രകൃതി ദുരന്തങ്ങളും ഒക്കെ തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നു. അതിനുപുറമെ യാത്രക്കാരോടോ പൊലീസിനോടോ മറ്റു ഡ്രൈവർമാരോടോ ഒക്കെ റോഡിൽ വച്ച് ഉണ്ടാകുന്ന അപ്രതീക്ഷത പ്രശ്നങ്ങൾ, തനിക്കോ അടുത്ത കുടുംബകാർക്കോ ഉണ്ടാവുന്ന അസുഖങ്ങൾ ഒക്കെ പ്രവൃത്തി ദിനങ്ങൾ വീണ്ടും കുറയ്ക്കുന്നതിൽ എത്തും.

പിഴയ്ക്കുന്ന കണക്കുകൂട്ടൽ

ഡ്രൈവർമാർ ഭൂരിഭാഗം പേരും ഡ്രൈവിങ് ചെലവ് കണക്കു കൂട്ടുന്നതിൽ തെറ്റിപോകുന്നു. മുൻകൂർ ആയി അടയ്ക്കുന്ന റോഡ് ടാക്സും വണ്ടി വാങ്ങിച്ച ചെലവും ലോണിന്റെ പലിശയും ഓരോ വർഷവും ഉണ്ടാകുന്ന വണ്ടിയുടെ ഡിപ്രീസിയേഷനും പതിവായി നടത്തേണ്ട റിപ്പയറിങ്ങിന്റെ ചെലവും ഒക്കെ മിക്ക ഡ്രൈവർമാരും കണക്കിലെടുക്കാൻ മറക്കും.

ഭൂരിഭാഗം ഡ്രൈവർമാരും പെട്രോളിന്റെ ചെലവും ലോൺ തിരിച്ചടവും ഇൻഷ്വറൻസും മാത്രമാണ് ചെലവിന്റെ കൂട്ടത്തിൽ പെടുത്തുന്നത്. മൊത്തം വരുമാനവും തങ്ങൾ കണക്കൂട്ടിയ ചെലവുകളും തമ്മിൽ വലിയ അന്തരം ഉണ്ടെന്നു ഒരുപാടു വർഷങ്ങൾ കഴിഞ്ഞാണ് പലർക്കും മനസ്സിലാവുക. ഓരോ ട്രിപ്പ് കിട്ടുമ്പോഴും ഉപഭോക്താവിനെ കയറ്റാൻ പോകേണ്ട ചെലവും പിന്നെ ഉള്ള ഓരോ കിലോമീറ്ററിനും മിനുറ്റിനും കൂടി കണക്കിൽ എടുത്തുള്ള ചെലവും തിരിച്ചു സ്റ്റാൻഡിൽ എത്താൻ ഉള്ള ചെലവും കൃത്യമായി കണക്കു കൂട്ടാനോ കണക്കു കൂട്ടിയാൽ തന്നെ അത് ഉപഭോക്താവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി നേടാനോ മിക്കവർക്കും കഴിയുന്നില്ല. എല്ലാത്തിനും പുറമെ അടിക്കിടെ ഉണ്ടാവുന്ന പെട്രോൾ ഡീസൽ, സ്‌പെയർ പാർട്‌സുകൾ തുടങ്ങിയവയുടെ വിലവർദ്ധനയ്ക്കു അനുസരിച്ചു സർക്കാർ നിയന്ത്രണം മൂലം പെട്ടെന്ന് യാത്രാചാർജ്ജ് മാറ്റി നിർണയിക്കാൻ പറ്റാത്തത്, ചാർജ്ജ് കൂട്ടുമ്പോൾ യാത്രക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന എതിർപ്പും യാത്രാ കുറവും എല്ലാം പ്രശ്നം സങ്കീർണമാക്കുന്നു.

ഓട്ടോ ടാക്സി മേഖലയിലെ കാര്യക്ഷമത ഇല്ലായ്മ

ഏതൊരു ബിസിനസ്സും കാര്യക്ഷമത ഇല്ലാതെ വന്നാൽ അതിൽ തൊഴിൽ എടുക്കുന്നവർക്ക് കുറഞ്ഞ വേതനവും ഉപഭോക്താക്കൾക്ക് അസംതൃപ്തിയും സേവനത്തിന്റെ ചാർജ്ജ് കൂടുതലും ആയി മാറും. അതാണ് ഇപ്പോൾ ഈ രംഗത്തെ പ്രധാന പ്രശ്നം. ഓൺലൈൻ ടാക്‌സി കമ്പനികൾ വന്നപ്പോൾ അവർ നിശ്ചയിച്ച ട്രിപ്പ് ചാർജിൽ ട്രിപ്പ് തീരുന്നതിനു അടുത്ത സ്ഥലത്തു നിന്നും ഉടൻ അടുത്ത ട്രിപ്പ് ഓർഡർ കൊടുക്കാൻ തുടങ്ങിയപ്പോൾ കസ്റ്റമറിന് അത് സമയ-സാമ്പത്തിക ലാഭം ഉണ്ടാക്കി തുടങ്ങി. എന്നാൽ പുതിയ ടെക്‌നോളജിയിലൂടെ ഉള്ള ബിസിനസ്സിന്റെ പ്രയോജനം ഡ്രൈവർമാർക്ക് ലഭിച്ചില്ല. പകരം കൂടുതൽ സമയം തൊഴിൽ എടുക്കേണ്ട അവസ്ഥ ഉണ്ടായി. അത് ഈ രംഗത്തും നിന്നും പിൻവാങ്ങാൻ ഓൺലൈൻ ഡ്രൈവർമാരെ നിർബന്ധിതരാക്കി. അതോടെ ഓൺലൈൻ ടാക്‌സി കമ്പനികളിലൂടെ യാത്ര ബുക്ക് ചെയ്തവർക്ക് അത്യാവശ്യ സമയത്തു വണ്ടി ലഭിക്കാത്ത പഴയ അവസ്ഥയിലേക്ക് പോയി.

ഭാവി എന്ത്?

വലിയ ഉല്പാദന വ്യവസായങ്ങൾ ഇല്ലാത്ത കേരളത്തിലെ ഏറ്റവും വലിയ സേവനാധിഷ്ഠിത മേഖലകളായ ടൂറിസവും വിദ്യാഭ്യസവും ചികിത്സാ രംഗവും സോഫ്ട്‌വെയർ ഡെവലപ്‌മെന്റും ഒക്കെ താങ്ങി നിർത്തുന്നത് ഓട്ടോ ടാക്‌സി വ്യവസായവും അതിലെ തൊഴിലാളികളും ആണെന്ന് മറന്നു പോകാതെ സർക്കാരും സംഘടനകളും നല്ല സ്വകാര്യ കമ്പനികളും ഈ രംഗത്തെക്കു ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ അനേക ലക്ഷംപേർക്കു തൊഴിൽ നൽകേണ്ട ഈ വ്യവസായം നേരിടുന്ന തൊഴിൽ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം ആയി തന്നെ തുടരാൻ ആണ് സാദ്ധ്യത.

പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ പെട്ടെന്ന് തന്നെ ചെയ്തില്ലെങ്കിൽ അത് ഇപ്പോഴേ സാമ്പത്തിക മാന്ദ്യത്തിലായ കേരളത്തിലെ മറ്റു വ്യവസായങ്ങളെ കൂടുതൽ ഗുരുതരമായി ബാധിക്കും. അതുവഴി ഉണ്ടാവുന്ന തൊഴിൽ നഷ്ടം ഭീകരമായിരിക്കും. അതുണ്ടാവാതിരിക്കട്ടെ എന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റുള്ളു.

ടാക്‌സി-ഓട്ടോ ബുക്കിങ് രംഗത്ത് കൂടുതൽ കാര്യക്ഷമതയും സ്വതന്ത്ര വിപണിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനും ഉദ്ദേശിച്ചു കൊണ്ടുവന്ന Rydz എന്ന പുതിയ മൊബൈൽ ബുക്കിങ് ആപ് ഡെവലപ്പ് ചെയ്ത ഫ്രൂഗൽ സയന്റിഫിക്, ഫ്‌ലുസ്സോ സൊല്യൂഷൻസ് എന്നീ ടെക്‌നോളജി കമ്പനികളുടെ സംരഭകരിൽ ഒരാളാണ്.

kiran@frugalscientific.com

www.rydz.in

Read More >>