കവിതയില്‍ കൊത്തിവെച്ച ചില തോന്നലുകള്‍

പൂവിനോടും പൂമ്പാറ്റയോടും പ്രകൃതിയോടും സംസാരിച്ചുനടക്കുന്ന കൊച്ചുകുട്ടിയെപ്പോലെയാണ് സുനില്‍ ജോസിന്‍റെ കവിതകള്‍. വസ്തൃതമായ കാന്‍വാസിലെ വലിയ ചിത്രങ്ങളല്ല. ചെറുതാളുകളിലെ കുഞ്ഞു കാഴ്ചകളാണ് അതു വരച്ചുവെയ്ക്കുന്നത്. പുതിയ കവിതയുടെ മറ്റാരും അധികം കാണിച്ചുതാരത്ത പേലവവും സ്നഗ്ദ്ധവുമായ മുഖം സുനിലിന്‍റെ 'ഹുയാന്‍സാങ്ങിന്‍റെ കൂട്ടുകാരി' എന്ന പുസ്തകം അനാവരണം ചെയ്യുന്നു.

കവിതയില്‍ കൊത്തിവെച്ച ചില തോന്നലുകള്‍

പദ്മദാസ്

പൂവിനോടും പൂമ്പാറ്റയോടും പ്രകൃതിയോടും സംസാരിച്ചുനടക്കുന്ന കൊച്ചുകുട്ടിയെപ്പോലെയാണ് സുനില്‍ ജോസിന്‍റെ കവിതകള്‍. വിസ്തൃതമായ കാന്‍വാസിലെ വലിയ ചിത്രങ്ങളല്ല. ചെറുതാളുകളിലെ കുഞ്ഞു കാഴ്ചകളാണ് അതു വരച്ചുവെയ്ക്കുന്നത്. പുതിയ കവിതയുടെ മറ്റാരും അധികം കാണിച്ചുതാരത്ത പേലവവും സ്നഗ്ദ്ധവുമായ മുഖം സുനിലിന്‍റെ 'ഹുയാന്‍സാങ്ങിന്‍റെ കൂട്ടുകാരി' എന്ന പുസ്തകം അനാവരണം ചെയ്യുന്നു.

ഹുയാന്‍സാങ്ങിന്‍റെ കൂട്ടുകാരി - പ്രകാശനംഹുയാന്‍സാങ്ങിന്‍റെ കൂട്ടുകാരി - പ്രകാശനം

മുന്‍പറഞ്ഞ വൈശിഷ്ട്യങ്ങള്‍ - അതെ ഇതു കവിതയുടെ വൈഷ്ട്യമായിത്തന്നെ ഞാന്‍ കാണുന്നു - സുനില്‍ ചില ഒറ്റക്കവിതകളിലൂടെ മുന്‍പും എന്നെ അനുഭവിപ്പിച്ചതിന്‍റെ പിന്‍ബലത്തിലാണ് സുനിലിന്‍റെ പുതിയ കവിതയുടെ വീടു ഞാന്‍ തുറന്നത്. കവിതയുടെ വീട്? അതെ; കവിതയുടെ വീട്. കവിതകൊണ്ട് ഇയാള്‍ ഒരു വീടുണ്ടാക്കിയിരിക്കുന്നു. തനിക്കു കേറിത്താമസിക്കാനും സമാനഹൃദയരെ വിരുന്നുവിളിച്ച് കൂടെ പാര്‍പ്പിയ്ക്കാനും.

ഗൃഹാതുരം എന്ന വാക്കിനെ അതിന്‍റെ അര്‍ത്ഥപ്പൊലിമകൊണ്ടു സല്‍ക്കരിക്കുന്നു, വീട് പ്രമേയമായിവരുന്ന സുനിലിന്‍റെ ചില കവിതകള്‍.

അത്,

"കടല്‍ത്തീരത്ത്

മലഞ്ചെരിവനെ

സ്വപ്നം കാണുന്ന" വീടാക്കാം. (കടല്‍വീട്)


അല്ലെങ്കില്‍

"ആളുകളെല്ലാറമുറങ്ങുമ്പോള്‍

ചിലരാത്രികളില്‍" യാത്രപോകുന്ന വീട് ('വീട്ടുയാത്രകള്‍')


"ഉറക്കത്തിന്/ഉലച്ചില്‍ തട്ടാതിരിക്കാന്‍"

"പൂച്ചനടത്തത്തോ"ടെ പോകുന്ന വീട്

"കോഴികൂകും മുമ്പേ

ചെറിയൊരു ചിരിയോടെ

ഒന്നുമറിയാത്ത

ഭാവത്തില്‍" തിരികെയെത്തുന്ന വീട്.

പാളത്തിനരികില്‍ മൗനം പുതച്ചു, മഴ നനഞ്ഞു നില്‍ക്കുന്നു, ഉപേക്ഷിക്കപ്പെട്ട വീടിനെക്കുറിച്ചും

"ആരാണ്

അതിനെ

ഉപേക്ഷിച്ചുപോയത്?" എന്ന് കവിയ്ക്ക് ഉള്‍ക്കണ്ഠയുണ്ട്. ('അബാന്‍ഡന്‍ഡ്')

'അറിവ്' എന്ന മറ്റൊരു കവിതയില്‍, സുനില്‍ വീടിനെക്കുറിച്ച് ഇങ്ങനെ പറയും.

"വീടറിയുന്നുണ്ട്, എല്ലാം

വിരുന്നുവന്നവരേയും

വിളിച്ചുണര്‍ത്തിയവരേയും ഒക്കെ."

പല കവികളും വീട്ടില്‍ കവിത കയറ്റിവെയ്ക്കുമ്പോള്‍ ഇയാള്‍ കവിതയില്‍ വീടിനെ അടുക്കടുക്കായി കയറ്റിവെയ്ക്കും.

'വീട്' എന്ന് വാക്ക് നേരില്‍ പ്രത്യക്ഷമാകാത്ത 'സ്വപ്നം' എന്ന കവിതയില്‍ പോലുമുണ്ട് ഈ വീട്. കവിതയിലെ 'അവനും' 'അവളും' താമസിക്കുന്ന പാര്‍പ്പിടമായി.

'മരവും മനുഷ്യനും' എന്ന കവിതയില്‍ വീടില്ലാത്ത ഒരു മനുഷ്യനാണ്.

"ജീവനിലൊറ്റപ്പെട്ട്

വല്ലാതെ കുഴഞ്ഞൊരു" യാത്രികനായി തലചായ്ക്കാന്‍ മരത്തണല്‍ തേടുന്നത്. ഏകാകിയായ/പച്ചിലകളും കിളിക്കുഞ്ഞുമില്ലാത്ത ഒറ്റമരമാണത്. ഒറ്റപ്പെട്ട ഒരു മനുഷ്യന്‍ അതിന്‍റെ തണല്‍ തേടിയെത്തുമ്പോള്‍ സംഭവിക്കുന്നതിനാണ്.

"കണ്ണുനീരടര്‍ന്നുവീ-

ണാമരച്ചുവടൊറ്റ

കണ്‍ ചിമ്മിത്തുറക്കലില്‍

പൂമരച്ചോടായ്മാറ്റി."

വാക്കുകളുടെ പുഷ്പവര്‍ഷംകൊണ്ട്, പട്ടുപോയ മരത്തെപ്പോലും ഉയിര്‍പ്പിക്കുന്നു കവി.

യാത്ര എന്ന കവിതയിലും സുനില്‍ ജോസ് ഒരു വീടുവെച്ചിട്ടുണ്ട്. സന്ധ്യയ്ക്ക്, മഴ തുടങ്ങുമ്പോള്‍ ചെന്നുകയറാന്‍ ഒരു വീട്!

വീട്; അഭയം എന്ന വാക്കിന്‍റെ പര്യായം ഒരുക്കുന്നുണ്ട് സുനിലിന്‍റെ കവിതകളില്‍ സംക്ഷിപ്തപ്പെടുത്തല്‍ എന്ന പരിമിതിയില്‍ മേല്‍പ്പറഞ്ഞ വിചാരം മറിഞ്ഞു പോകുമോ എന്നു ഭയന്ന്, വായനക്കാരെ ആ കവിതയിലേയ്ക്കു നേരിട്ടു ക്ഷണിക്കുകയേ നിവൃത്തിയുള്ളൂ. കവിതയിലൊരിടത്തും വീട് എന്ന വാക്കുപോലുമുപയോഗിയ്ക്കാതെ വീട് എന്ന അഭയകേന്ദ്രത്തെ ഇഴവിടര്‍ത്തികാണിക്കുന്നു കവി, 'വീട്' എന്നുതന്നെ പേരുള്ള കവിതയില്‍.

സ്ത്രൈണ ആവിഷ്ക്കാരങ്ങളുടെ പേശീബലം പേറുന്ന കവിതകളാണ് 'ഉടുപ്പ്', (അമ്മച്ഛന്‍' എന്നീ കവിതകള്‍. പെണ്ണുടുപ്പുകളില്‍ കുരുങ്ങിത്തളര്‍ന്നുപോയ പെണ്മയുടെ ആവിഷ്കാരമാകുമ്പോഴും, സ്ത്രീയെ അതില്‍നിന്നു വിണ്ണോളമുയര്‍ത്തുവാന്‍ പെണ്മയ്ക്ക് ഈ രണ്ടു കവിതകളിലും കവി വാക്കുകളുടെ ഏണിപ്പടികള്‍ വെച്ചുനല്‍കുന്നു

നിസ്സാരമെന്നുതോന്നിയേക്കാവുന്ന ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍നിന്ന് കവിത കണ്ടെടുക്കുന്ന മാന്ത്രികവിദ്യ മലയാളകവിതയില്‍ ശക്തിപ്പെടുത്തിയത് കല്പറ്റ നാരായണനാണ് ('ഒരുമുടന്തന്‍റെ സുവിശേഷം', 'കറുത്തപാല്‍' തുടങ്ങിയ കവിതാസമാഹാരങ്ങള്‍). സുനില്‍ ജോസിന്‍റെ 'പറക്കല്‍', 'എത്രകണ്ടോരിടമാണിതെല്ലാം', 'പരിഹാരം', 'അമ്മച്ഛന്‍' തുടങ്ങിയ കവിതകളില്‍ കല്പറ്റയുടേതുപോലുള്ള അതിസൂക്ഷ്മനിരീക്ഷണങ്ങള്‍ ദൃശ്യമാണ്.

ഛന്ദ്രോബദ്ധതയോട് ഏറെ അടുത്തുനില്‍ക്കുന്നു 'കാട്ടിലെ മഴ', 'മരവും മനുഷ്യനും' മുതലായ കവിതകള്‍. ചുരുക്കലിന്‍റേയും സംക്ഷിപ്തതയുടേയും ദൃഷ്ടാന്തങ്ങള്‍ കൂടിയാണ് സുനിലിന്‍റെ കവിതകള്‍. 'അമ്മച്ഛന്‍' പോലുള്ള കവിതകളില്‍ വിപുലീകരണത്തിന്‍റെ സാധ്യതകളും അത് അന്വേഷിക്കുന്നുണ്ടെങ്കിലും, മിതസാരമാര്‍ന്ന വാക്കുകള്‍ തന്നെയാണ് ഇക്കവിതയുടെ മുഖമുദ്ര.

"വിടരാനും/ പാട്ടാകാനും/മിന്നിക്കത്താനുമുള്ള/മോഹത്തെ" ഈ കവി അക്ഷരങ്ങളെന്നു പറയും. ('ലിപി'). കവിതയില്‍ മഞ്ഞും കിളിയൊച്ചയും കടത്തീരവും സൂക്ഷിക്കുന്ന സുനില്‍,

"അനീതിയോടിടയുന്ന

ഒരു വിരല്‍ത്തുമ്പ്

കവിതയിലെപ്പോഴും" ഉണ്ട് (ഉണ്ടാകണം) എന്നു കൂടി പറയും. ('കവിതയില്‍ എപ്പോഴും)

"മലയാള കവിതയുടെ ജീനിയസ്സ് അതിന്‍റെ ഈരടി സ്വഭാവത്തിലാണ് നിലകൊള്ളുന്നത്" എന്ന ഡോ. എസ്.എസ്. ശ്രീകുമാറിന്‍റെ നിരീക്ഷണം,

"കാട്ടിലെ മഴയ്ക്കത്രെ

കാതുകള്‍, മിഴിപൂട്ടി

കാത്തിരിക്കുവാനെത്ര

കരങ്ങള്‍, വിളമ്പുവാന്‍" എന്ന സുനിലിന്‍റെ 'കാട്ടിലെ മഴ' എന്ന കവിതയിലെ വരികളെ കൂടി മുന്‍നിര്‍ത്തിയാണ്.

പാര്‍പ്പിടം എന്ന വികാരത്തെ ഈ കവി ഒട്ടേറെ കവിതകളില്‍ ആവാഹിച്ചു നിര്‍ത്തിയിരിക്കുന്നു. ഭക്ഷണം കഴിഞ്ഞആല്‍, മനുഷ്യന്‍റെ അടുത്ത ആവശ്യമായ പാര്‍പ്പിടത്തെ അതിന്‍റെ സകല ഗൃഹാതുരതയോടും കൂടിയാണ് കവി, കവിതകളില്‍ അടയാളപ്പെടുത്തുന്നത്.

വിറ്റുപോകാത്ത കളിവീടുകളെ പ്രതി, തന്നെ ആരാണ് അതിനോളമൊന്ന് ചെറുതാക്കിത്തരികയെന്ന്, റെയില്‍വേ സ്റ്റേഷനിലെ പെണ്‍കുട്ടിയെവരെ കാവ്യവിഷയമാക്കും ഇയാള്‍ ('മാന്ത്രികലോകം').

പെണ്‍വസനങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീ ജീവിതത്തെക്കുറിച്ചും (അമ്മച്ഛന്‍) ഒരിക്കലും ഒരാളെയും വേണ്ടുംവണ്ണം പ്രതിഫലിപ്പിക്കാത്ത കണ്ണാടിയെപ്പറ്റിയും (പരിഹാരം) പിഴുതെറിഞ്ഞാലും ബാക്കിനില്‍ക്കുന്ന സഹജീവനത്തെക്കുറിച്ചും തലമുറകള്‍ക്കുമുന്നേ നാമാവശേഷനായ സഞ്ചാരിയെ പ്രതി പ്രണയം കുറുക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചും (ഹുയാന്‍സാങ്ങിന്‍റെ കൂട്ടുകാരി) സുനില്‍ കവിതയെഴുതും.

ഒരേ ഇരിപ്പോ ഒരേ നില്പോ ഇഷ്ടമല്ല ചിത്രകാരന്‍ കൂടിയായ കവിക്ക്. ഒരേവിധത്തില്‍ കവിതയെഴുതുന്ന ആളുമല്ല ഇയാള്‍. നിശ്ചലതയും ആവര്‍ത്തനോദ്യക്തതയും തെല്ലുമേ ഇഷ്ടമില്ലാത്ത കവി ഇങ്ങനെ പറയും.

"എഴുന്നേല്‍ക്കുക.

മതി, ഒരേയിരിപ്പിനി

ബുദ്ധനാവുകവയ്യ

ബുദ്ധിമുട്ടാണേറെ"

ഈ സമാഹാരത്തിലെ പകുതിയോളം കവിയെക്കുറിച്ചുപോലും ഈ കുറിപ്പില്‍ പറഞ്ഞു കഴിഞ്ഞിട്ടില്ല. അര്‍ത്ഥാന്തരങ്ങള്‍ക്കും, അര്‍ത്ഥവിശ്ലേഷണത്തിനും, ആസ്വാദനപരതയ്ക്കും വിധേയമായി ഏറെയുണ്ട്, നാട്യങ്ങള്‍ ഏതുമില്ലാതെ പ്രത്യക്ഷപ്പെടുന്ന, അനുഭവിച്ചറിയേണ്ടതായ ചില കവിതകള്‍ ഈ സമാഹാരത്തില്‍.

പറക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു പക്ഷിയുടെ ശില്പത്തെ പ്രതി 'പറക്കല്‍' എന്ന കവിതയില്‍ കവി ഇങ്ങനെ തീര്‍പ്പുകല്‍പ്പിക്കുന്നു:

"പറക്കുമെന്നുറപ്പുള്ള ഒരു പക്ഷിയും

ഇന്നോളം പറക്കലിനെ

കല്ലില്‍

ഇങ്ങനെ

കൊത്തിവെച്ചിട്ടുണ്ടാവില്ല."

ഒരര്‍ത്ഥത്തില്‍, സ്വച്ഛമായ ഗഗനചാരിത്തം സാധ്യമല്ലാത്ത ചില തോന്നലുകളെത്തന്നെയാണ് സുനില്‍ ജോസ് എന്ന കവി കവിതയില്‍ ഉറപ്പിച്ചുകൊത്തിവെയ്ക്കുന്നത്. അവ പറക്കുവാന്‍ ഉദ്യക്തവും സജ്ജവുമാണെന്ന് നിങ്ങളെ തോന്നിപ്പിച്ചുകൊണ്ട്; ഉദ്യമങ്ങളുടെ ശില്പഭംഗി നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട്.


പുരോഹിതനും അദ്ധ്യാപകനും ചിത്രകാരനുമാണു സുനില്‍ ജോസ് .


ഹുയാന്‍സാങ്ങിന്‍റെ കൂട്ടുകാരി

കവിതകള്‍

സുനില്‍ ജോസ്

സാപ്പിയന്‍സ് ലിറ്ററേച്ചര്‍

Read More >>