ഉത്തരാഖണ്ഡിന്റെ 'വൃക്ഷ മനുഷ്യന്‍' ഇനിയില്ല

സക്‌ലാനി നട്ടുപിടിപ്പിച്ചത് 50 ലക്ഷം മരങ്ങള്‍

ഉത്തരാഖണ്ഡിന്റെ   വൃക്ഷ മനുഷ്യന്‍ ഇനിയില്ല

ന്യൂഡൽഹി: വിശ്വേശർ ദത്ത് സക്‌ലാനി എട്ടു വയസ്സുള്ളപ്പോഴാണ് ആദ്യമായി തൈ നട്ടത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്റെ മരണശേഷം സങ്കടമകറ്റാൻ ഒരു തൈ കൂടി നട്ടു. ഇതിനുശേഷം ഭാര്യയുടെ വിയോഗ ശേഷവും തൈ നട്ടു. പിന്നീട് ഇത് ജീവിത ശീലമാക്കി.

വെള്ളിയാഴ്ച സക്‌ലാനിയുടെ വിയോഗത്തോടെ ഉത്തരാഖണ്ഡിനു നഷ്ടമായത് 'വൃക്ഷ മനുഷ്യനെയാണ്'. 96ാം വയസ്സിൽ സക്‌ലാനി വിടവാങ്ങുമ്പോൾ അദ്ദേഹം നട്ടുപിടിപ്പിച്ചത് 50 ലക്ഷത്തിലധികം മരങ്ങളാണ്. എല്ലാം ഗർവാൾ ജില്ലയിലെ തെഹ്‌രിയിലും. എപ്പോഴും കൂട്ടിന് രണ്ടാം ഭാര്യയായും ഉണ്ടാവും. ഇദ്ദേഹത്തിന്റെ പ്രകൃതി സ്‌നേഹത്തിന് 1986ൽ ഇന്ദിരാ ഗാന്ധി പ്രിയദർശിനി അവാർഡും കിട്ടിയിട്ടുണ്ട്.

''10 വർഷങ്ങൾക്കു മുമ്പാണ്‌ സക്‌ലാനിയുടെ കാഴ്ച നഷ്ടപ്പെടുന്നത്. ഐ ഹിമറേജ് രോഗം ഉണ്ടായിരുന്നു' മകൻ സന്തോഷ് സ്വരൂപ്‌ സക്‌ലാനി പറഞ്ഞു. 'കുട്ടിക്കാലം തൊട്ടേ അച്ഛൻ തൈകൾ നടുമായിരുന്നു. അമ്മാവനിൽ നിന്നുമാണ് അദ്ദേഹം കൃഷിരീതികൾ പഠിച്ചെടുത്തത്. സഹോദരന്റെ മരണത്തോടെയാണ് സക്‌ലാനി ചെടികൾ കൂടുതലായി നടാൻ ആരംഭിച്ചത്. ദുഖം മറികടക്കാൻ അദ്ദേഹം കൃഷിയെ സ്‌നേഹിച്ചു. പിന്നീട് മുഴുവൻ സമയവും ഇതിനായി വിനിയോഗിക്കാൻ തുടങ്ങി.

1958 അമ്മയും മരിച്ചു. ഇതും സക്‌ലാനിക്ക് കഠിന വേദനയാണ് സമ്മാനിച്ചത്- സന്തോഷ് പറഞ്ഞു. സക്‌ലാനിയുടെ പരിശ്രമങ്ങൾ ഗ്രമത്തെ ഏറെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലെങ്ങും നിറയെ പച്ചപ്പ് സമ്മാനിച്ചാണ് ഉത്തരാഖണ്ഡിലെ വൃക്ഷ മനുഷ്യന്റെ മടക്കം.

Read More >>